മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി 18ന് തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.
എ.ആര്‍.റഹ്മാനും ആറാട്ടിന്റെ ഭാഗമാകുന്നു എന്നതും പ്രത്യേകയാണ്. മോഹന്‍ലാലിനോടും മലയാള സിനിമയോടുമുള്ള ഇഷ്ടം കാരണമാണ് ആറാട്ട് എന്ന സിനിമയുടെ ഭാഗമാകാന്‍ റഹ്മാന്‍ തയ്യാറായതെന്ന് ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു.
ആറാട്ട് ഫെബ്രുവരി 18ന്
ഫെബ്രുവരി 18ന് തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ഇനിയും സിനിമ ഹോള്‍ഡ് ചെയ്ത് വെക്കാന്‍ സാധിക്കില്ല. കാരണം ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് ഒരുപാട് നാളായില്ലേ.
ഞാന്‍ വാണിജ്യ സിനിമ ചെയ്യുന്ന ആള്‍
ഞാന്‍ വെറും വാണിജ്യ സിനിമ ചെയ്യുന്ന ഒരാളാണ്. മോഹന്‍ലാലിനൊപ്പം അവസാനമായി ഞാന്‍ ചെയ്തത് വില്ലന്‍ എന്ന സിനിമയാണ്. അത് ഒരു മാസ് സിനിമ പ്രതീക്ഷിച്ച് വന്നവരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. പക്ഷെ അതില്‍ മോഹന്‍ലാലിന്റെ ഏറ്റവും നല്ല മൊമെന്റ്സ് ഉണ്ടായിരുന്നു. ആറാട്ടിലേക്ക് വരുമ്പോള്‍ ലാല്‍ സാറും ഞാനും ഉദയ കൃഷ്ണയും ഇത് മറ്റൊന്നും നോക്കാതെ പ്രേക്ഷകര്‍ക്ക് ഒരു എന്റെര്‍ട്ടെയിനര്‍ കൊടുക്കാം എന്ന് തീരുമാനിച്ച് എടുത്ത സിനിമയാണ്. അതില്‍ ഒരു തരത്തിലുള്ള ലോജിക്കും നോക്കിയിട്ടില്ല. കൊവിഡിന്റെ ആദ്യ വ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ആറാട്ട് ചിത്രീകരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള ആ സമയത്ത് സിനിമയുടെ സ്‌കെയില്‍ എങ്ങനെ വലുതാക്കാം എന്നത് വലിയൊരു ചലഞ്ചായിരുന്നു. ട്രെയ്‌ലര്‍ കണ്ടാല്‍ തന്നെ അറിയാം ആയിരക്കണക്കിന് ആളുകളെ വെച്ച് ചിത്രീകരിക്കേണ്ടി വന്നിട്ടുണ്ട്. അവരെ എല്ലാം ആര്‍.ടി.പി.സി.ആര്‍ എടുത്താണ് അന്ന് ഷൂട്ട് ചെയ്തത്. ഒരു ഏട്ട് ഏക്കര്‍ പാടവും അതിന് അടുത്തുള്ള സ്ഥലവും ഞങ്ങള്‍ മൂന്ന് മാസത്തോളം ലീസിന് എടുത്തു. സിനിമയിലുള്ള ബാഗ്രൗണ്ട് ഡാന്‍സേഴ്‌സ് അടക്കം ഉള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും അവര്‍ക്ക് വേണ്ട താമസ സ്ഥലം ഒരുക്കുകയും ചെയ്തു. അങ്ങനെ ഒരു ചെറിയ ഗ്രാമത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി ഒരു ജിയോ ബബിളിനകത്താണ് സിനിമ ചിത്രീകരിച്ചത്.
ആറാട്ടിലുള്ളത് ഫണ്‍ മോഹന്‍ലാല്‍
ആറാട്ട് എങ്ങനെ ആയിരിക്കണം എന്നതില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല വ്യക്തത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥയുമായി ലാല്‍ സാറിന് ഒപ്പം ഞങ്ങള്‍ രണ്ട് മൂന്ന് ദിവസം ഇരുന്ന് ചര്‍ച്ച നടത്തിയിരുന്നു. ലാല്‍ സാറിനെ സംബന്ധിച്ച് ഇതുപോലുള്ള ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. എങ്കിലും ഈ രീതിയിലുള്ള സിനിമകള്‍ ലാല്‍ സര്‍ ചെയ്തിട്ട് കുറച്ച് കാലമായി. എനിക്ക് തോന്നുന്നു ചോട്ടാ മുംബൈ, ഹലോ എന്നീ സിനിമകള്‍ക്ക് ശേഷം അത്തരത്തില്‍ ഫണ്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ലാല്‍ സാര്‍ ചെയ്തത് വളരെ കുറവാണ്. നമുക്ക് ലാല്‍ സാറില്‍ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ടല്ലോ, ഭയങ്കര ഹ്യൂമര്‍, പിന്നെ നല്ല ഫ്‌ലെക്‌സിബിളായി അഭിനയിക്കുക എന്നൊക്കെ. അതെല്ലാം ചെയ്യാന്‍ അദ്ദേഹത്തിന് ഈ അടുത്തിടെയായി അവസരം കിട്ടിയിട്ടില്ല. ഞാന്‍ ശ്രമിച്ചത് വന്ദനം ഒക്കെ പോലുള്ള സിനിമകളിലെ പോലെ ഉള്ള ഒരു അഴിയലും പിന്നെ പഴയ രീതിയില്‍ പുള്ളിയുടെ മുണ്ട് മടക്കി കുത്തിയുള്ള അടിയും ഒരുമിച്ച് ഗോപന്‍ എന്ന കഥാപാത്രത്തില്‍ കൊണ്ട് വരാന്‍ സാധിക്കുമോ എന്നാതാണ്. ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞപ്പോള്‍ ഇങ്ങനെ ഒരു സിനിമയാണ് കൊവിഡ് സമയത്ത് പ്രേക്ഷകര്‍ക്കായി ചെയ്യേണ്ടത് എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ അദ്ദേഹവും മാനസികമായി തയ്യാറെടുത്തു ഒന്ന് അഴിയാന്‍. അങ്ങനെയാണ് ഈ സിനിമ എടുക്കുന്നത്. അത് മാത്രമെ ഇപ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് പറയാനുള്ളു. ആറാട്ടിനെ കുറിച്ച് ഒരു അവകാശ വാദവും ഞാന്‍ നടത്തുന്നില്ല.
നാല് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ഒരുമിച്ച് ഡിസൈന്‍ ചെയ്ത ഫൈറ്റ് സീനുകള്‍
അനല്‍ അരസന്‍, രവി വര്‍മ്മന്‍, സുപ്രീം സുന്ദര്‍, തെലുങ്കിലെ സീനിയര്‍ സ്റ്റണ്ട് മാസ്റ്ററായ വിജയ് മാസ്റ്റര്‍ എന്നിങ്ങനെ നാല് സ്റ്റണ്ട് കോറിയോഗ്രാഫര്‍മാരാണ് ആറാട്ടിലെ ഫൈറ്റ് സീക്വന്‍സുകള്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ഫൈറ്റ് സീക്വന്‍സിന്റെ കാര്യങ്ങള്‍ നേരത്തെ തന്നെ അവരുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നെ അവരെ ലൊക്കേഷന്‍ കൊണ്ട് വന്ന് കാണിക്കുകയും, എനിക്ക് വേണ്ടത് എന്താണെന്ന് കൃത്യമായി അവരോട് പറയുകയും ചെയ്തു. അങ്ങനെ നല്ല രീതിയില്‍ തയ്യാറെടുപ്പുകള്‍ എടുത്താണ് ഞങ്ങള്‍ ഫൈറ്റ് സീനുകള്‍ ചെയ്തത്. എനിക്ക് സിനിമയില്‍ വേണ്ട ചില ഷോട്ടുകള്‍ ഉണ്ടായിരുന്നു. അത് ചെയ്യണമെങ്കില്‍ അതിനായി ഒരു റിഗ് ഉണ്ടാക്കണമെന്ന് അനല്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ആ റിഗ് ഡിസൈന്‍ ചെയ്ത്, കൊവിഡ് സമയത്ത് മുംബൈയില്‍ നിന്ന് അത് ഉണ്ടാക്കി. അത് നാട്ടിലേക്ക് എത്തിച്ചാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണിത്. വല്ലാത്തൊരു അനിശ്ചിതത്വത്തില്‍ നിന്നു കൊണ്ടാണ് ആറാട്ട് ചിത്രീകരിച്ചത്.
എ.ആര്‍ റഹ്മാന്‍ വന്നത് മോഹന്‍ലാലിനോടുള്ള ഇഷ്ടം കാരണം
എ.ആര്‍ റഹ്മാനെ കൊണ്ട് വരുക എന്നതും ഒരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷെ അത് കഥയില്‍ വളരെ പ്രധാനപ്പെട്ട ഒരു എലമെന്റ് കൂടിയാണ്. ഉദയ കൃഷ്ണ അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ അത് സാധ്യമാകുമോ, അദ്ദേഹം വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. അതില്‍ ഞങ്ങളെ സഹായിച്ചത് നടന്‍ റഹ്മാനാണ്. അദ്ദേഹം എ.ആര്‍ റഹ്മാന്റെ വളരെ അടുത്ത ബന്ധുവാണല്ലോ. നടന്‍ റഹ്മാനാണ് എന്റെ കയ്യില്‍ നിന്നും സിനിമയുടെ സ്‌ക്രീന്‍ പ്ലേയും സിനോപ്‌സിസും വാങ്ങിച്ച് എ.ആര്‍ റഹ്മാന് കൊടുക്കുന്നത്. പിന്നെ എ.ആര്‍ റഹ്മാന്‍ ഒരു വീഡിയോ മീറ്റില്‍ എന്റെ അടുത്ത് വന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് കഥ പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് മലയാള സിനിമയെയും പ്രത്യേകിച്ച് മോഹന്‍ലാലിനെയും വളരെ ഇഷ്ടമാണെന്നാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട വ്യക്തിയാണെന്ന് പറഞ്ഞു. അതുകൊണ്ട് ഇത് ചെയ്യാമെന്ന് പറയുകയായിരുന്നു.
ആറാട്ടില്‍ ലാലിന് നായികയില്ല
ആറാട്ടില്‍ ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ട്. സിനിമയില്‍ ഒരു പ്രധാന നായിക എന്ന കഥാപാത്രമില്ല. ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. അല്ലാതെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഒരു നായിക എന്ന രീതിയില്‍ ആറാട്ടില്‍ ഒരു കഥാപാത്രമില്ല. സിദ്ദിഖിന്റെ വളരെ രസകരമായ കഥാപാത്രമാണ്. എനിക്ക് സിദ്ദിഖിന്റെ ഹ്യൂമര്‍ സൈഡ് വളരെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ആറാട്ടില്‍ അദ്ദേഹത്തിന്റേത് കോമിക് ഷെയിഡുള്ള കഥാപാത്രമാണ്. അയാള്‍ പിന്നെ ഏത് കഥാപാത്രവും ചെയ്യുന്ന ഒരു ഗംഭീര നടനാണല്ലോ. പിന്നെ വിജയരാഘവന്‍ ഉണ്ട്. അതുപോലെ ജോണി ആന്റണിയും രസകരമായൊരു വേഷം ചെയ്യുന്നുണ്ട്. നമുക്ക് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നത് വേണു ചേട്ടന്റെ കഥാപാത്രമാണ്. അദ്ദേഹം അവസാനമായി ചെയ്ത സിനിമകളില്‍ ഒന്നാണ് ആറാട്ട്.
നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല
ഉദയ കൃഷ്ണ തന്റെ പൊളിറ്റിക്കലി കറക്ടായ സ്‌ക്രിപ്പ്റ്റ്് എന്ന് ആറാട്ടിനെ പറഞ്ഞത് ആ സെന്‍സില്‍ അല്ലെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ മുന്‍ സിനിമകളില്‍ സ്ത്രീകളെ മോശമായി കാണിക്കുന്നതും ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നതുമായ കാര്യങ്ങള്‍ ഉണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ഇനി ബോധപൂര്‍വ്വം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ഉദയ കൃഷ്ണ പറഞ്ഞത്. എന്നെ സംബന്ധിച്ച് നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല. അങ്ങനെ ഒരു സിനിമ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ആറാട്ടിലും മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ഉണ്ടെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ഉദയ കൃഷ്ണ പറയാന്‍ ഉദ്ദേശിച്ചത് മനപ്പൂര്‍വ്വം സ്ത്രീ വിരുദ്ധതയോ ജാതീയമായ അധിക്ഷേപ പ്രയോഗങ്ങളോ, ബോഡി ഷെയിമിങ്ങോ ഇനിയുള്ള സിനിമകളില്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം എന്നതാണ്. അത്തരം കാര്യങ്ങള്‍ ആറാട്ടിലും ഇല്ല. പക്ഷെ അതിനേക്കാളും എല്ലാം പൊളിറ്റിക്കലി ഇന്‍കറക്ടായ കാര്യങ്ങള്‍ നമ്മുടെ എല്ലാം സിനിമകളില്‍ വായിച്ചെടുക്കാന്‍ സാധിക്കും. ഒപ്പം പൊളിറ്റിക്കലി കറക്ടാണെന്ന് സ്വയം വിശ്വസിച്ച് സിനിമ ചെയ്യുന്നവരുടെ സിനിമകളിലും അത് വായിച്ചെടുക്കാന്‍ പറ്റും. അപ്പോള്‍ എനിക്ക് തോന്നുന്നത് രാഷ്ട്രീയ ശരി എന്നത് വളരെ ആപേക്ഷികമായ സംഗതിയാണെന്നാണ്. അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക് അഴിച്ചെടുക്കാന്‍ പറ്റും. അതാണ് കലയുടെ പ്രത്യേകതയും എന്ന് എനിക്ക് തോന്നുന്നു. അല്ലാതെ നൂറ് ശതമാനവും പൊളിറ്റിക്കലി കറക്ടായൊരു ടെക്സ്റ്റ് എന്ന് പറഞ്ഞ് നമുക്ക് മുന്നിലേക്ക് വെക്കാന്‍ കഴിയില്ല.