നാമ പേസ കൂടാത് നമ്മ പടം താൻ പേസണം. An Anwar Rasheed Magic
കാഴ്ചയില്ലാത്ത അമ്മയെ സിനിമാ തിയറ്ററിലെ ഇരുട്ടിലിരുത്തി ഞാൻ വേഗം വെള്ളം വാങ്ങിവരാമെന്ന വ്യാജേന പുറത്തേക്കിറങ്ങി ബസിൽ കേറി മറയുന്ന മകനെ ആ അമ്മ പിന്നെ കാണുന്നേയില്ല. ചങ്ക് തകർന്ന് കണ്ണീരോടെ മണി ബസിൽ കയറി പോകുമ്പോൾ പ്രേക്ഷകനും ആ അമ്മയെ ഓർത്തു നീറും. ഒടുവിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചകുഞ്ഞും ആ അമ്മയും അവസാന ഫ്രെയിമിൽ ഒന്നിക്കുമ്പോൾ ഉൾപ്പെരുപ്പോൾ കാഴ്ചക്കാരത്രയും അവർക്ക് താങ്ങായി മറ്റൊരാളെത്തുമോ എന്ന് കാത്തിരിക്കാനാരംഭിക്കും. കേരളത്തിന്റെ കൊട്ടകകളെ പൂരപ്പറമ്പാക്കിയ രാജമാണിക്യം, ഛോട്ടാമുംബെ, അണ്ണൻ തമ്പി എന്നീ ബ്ലോക്ക് ബസ്റ്ററുകൾക്ക് പിന്നാലെ പക്കാ ഓഫ് ബീറ്റ് സ്വഭാവത്തിൽ വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെയും പെർഫോർമൻസിന്റെയും സർവസാധ്യതകളെ പ്രയോജനപ്പെടുത്തിയ ഒരു സിനിമയിലേക്ക് വഴിതിരിയൽ. അവിടെ നിന്നങ്ങോട്ട് സ്റ്റോറി ടെല്ലിംഗിൽ കമേഴ്സ്യൽ ടെംപ്ലേറ്റുകളും ക്ലീഷേകളും പൂർണമായി ഒഴിവാക്കിയൊരു യാത്രക്ക് തുടക്കമിടുക. സിനിമ ചെയ്യണമെന്ന് പ്രേരിപ്പിക്കുന്ന സബ്ജക്ടുകൾക്കൊപ്പം മാത്രം അടുത്ത സംവിധാന സംരംഭവുമായി എത്തുക. ഒരു ഇൻഡസ്ട്രിയൊന്നാകെ ഏറ്റവും പ്രതീക്ഷയർപ്പിച്ച ഫിലിംമേക്കറായി നിൽക്കുമ്പോഴും എല്ലാ വർഷവുമോരോ സിനിമയെന്ന ചിന്തയേ ഇല്ലാതെ വഴിമാറി നടക്കുക. ഇതെല്ലാം അപൂർവതയാകുന്നിടത്താണ് അൻവർ റഷീദ് എന്ന ക്രാഫ്റ്റ്മാൻ മലയാളിയെ അമ്പരപ്പിക്കുന്നത്.
ബ്രിഡ്ജ്, ആമീ എന്നീ രണ്ടേ രണ്ട് ചെറുസിനിമകൾ മതിയാകും അൻവർ റഷീദ് എന്ന മാസ്റ്റർ സ്റ്റോറി ടെല്ലറിന്റെ ക്രാഫ്റ്റ് മനസിലാക്കാൻ. ഏറ്റവുമൊടുവിൽ ചെയ്ത ട്രാൻസ് എന്ന സിനിമയിലെ കുഞ്ഞനും ചേട്ടൻ ജോഷ്വയുമായുള്ള അവസാന ദിനത്തിലും കാണാം എന്ത് കൊണ്ട് പ്രേക്ഷകർ അൻവർ റഷീദിനായി കാത്തിരിക്കുന്നുവെന്നതിന്റെ ഉത്തരമാകുന്ന മൊമന്റുകൾ. 2005ൽ പുറത്തിറങ്ങിയ രാജമാണിക്യത്തോടെയാണ് അൻവർ സ്വതന്ത്രസംവിധായകനായി രംഗത്തെത്തുന്നത്. ഈദ് റിലീസായി പ്ലാൻ ചെയ്ത “രാജമാണിക്യ"ത്തിന്റെ സംവിധാനത്തിൽ നിന്ന് രഞ്ജിത്ത് അവസാനമായി പിൻമാറിയപ്പോഴാണ് സഹസംവിധായകനായി സജീവമായിരുന്ന അൻവർ റഷീദിലേക്ക് സംവിധാനത്തിന്റെ ചുമതല എത്തുന്നത്. ചുരുങ്ങിയ സമയത്തിൽ അൻവർ രാജമാണിക്യത്തിന‍്റെ ആലോചനയിലേക്കും സിനിമയിലേക്കും കടന്നു. 2005ൽ കേരളത്തിലെ തിയറ്ററുകളെ ത്രസിപ്പിച്ച ചിത്രമായി രാജമാണിക്യം മാറിയത് പിന്നത്തെ ചരിത്രം.
ആരെയും ആകർഷിക്കാൻ അയാൾ തിടുക്കം കാട്ടിയില്ല. ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിന് വേണ്ടി അദ്ദേഹം അവസാന ഷോട്ട് സംവിധാനം ചെയ്യുന്നത് ഞാൻ കണ്ടപ്പോൾ അദ്ദേഹം അഭിനേതാക്കളെയും അതിന്റെ ആഖ്യാനത്തെയും കൈകാര്യം ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. വളരെ സൗമ്യവും ശക്തവുമായിരുന്നു അത്. അതായിരുന്നു അദ്ദേഹം എത്ര മികച്ച ചലച്ചിത്രകാരാണ് എന്നതിനെക്കുറിച്ചുള്ള എൻ്റെ ആദ്യ മതിപ്പ്, അൻവർ റഷീദിന്റെ പിറന്നാൾ ദിനത്തിൽ അഞ്ജലി മേനോൻ കുറിച്ച വാക്കുകളാണിവ. 19 വർഷത്തിനിടെ അൻവർ റഷീദിന്റേതായി വന്നത് വെറും ഏഴ് സിനിമകൾ എന്നിട്ടും അയാൾ മലയാള സിനിമയുടെ വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളാണ്. ആ പേര് ഇന്നൊരു ബ്രാൻഡ് ആയി മാറിയിരിക്കുന്നു, എ ഫിലിം ബൈ അൻവർ റഷീദ് എന്ന പേരിന് പ്രതീക്ഷകളുടെ ഭാരമുണ്ട്. അതിനൊപ്പം തന്നെ അൻവർ റഷീദ് എന്റർടെയിൻമെന്റ് എന്ന നിർമാണ കമ്പനിയുടെ ആ പേരിലെ, ബ്രാൻഡിലെ വിശ്വാസ്യതയുടെ തുടർച്ചയായി.
പഠിക്കുന്ന കാലത്ത് അഭിനയിച്ചും, കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, സഹവിദ്യാർത്ഥികളോട് സിനിമചർച്ചകൾ നടത്തിയും നടന്നിരുന്ന ഒരു യുവാവ്. പഠനത്തിന് ശേഷം അൻവർ റഷീദ് സംവിധായക സഹായിയായും, സഹ സംവിധായകനായും സിനിമയുടെ ലോകത്ത് നിറഞ്ഞു നിന്നു. രഞ്ജിത്ത് സംവിധാനം ചെയ്യാൻ ഒരുങ്ങിയ ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയപ്പോൾ അവിടെ നറുക്ക് വീണത് അൻവർ റഷീദിനായിരുന്നു. അങ്ങനെ അയാൾ സ്വതന്ത്ര സംവിധായകനായി മാറി. ചിത്രം രാജമാണിക്യം. ബെല്ലാരിയിലെ ഒരു പോത്ത് കച്ചവടക്കാരനും അയാളുടെ സംഘവും വന്ന് മലയാള സിനിമയിൽ ആടി തിമിർത്ത ഒരു പെർഫെക്റ്റ് കൊമേർഷ്യൽ എന്റർടൈനർ. മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷയും കറുത്ത കണ്ണടയും ഇതുവരെ കാണാത്ത വേഷപ്പകർച്ചയും കൂടിക്കലർന്ന് ഇൻഡസ്ടറി ഹിറ്റ് ലേബലും കൈക്കലാക്കിയാണ് ചിത്രം തിയറ്റർ വിട്ടത്. ഏതൊരു പുതുമുഖ സംവിധായകനും കൊതിക്കുന്ന തുടക്കം അതുതന്നെയായിരുന്നു അൻവർ റഷീദിന്റേത്. പ്രത്യക്ഷത്തിൽ കൊമേർഷ്യൽ മാസ്സ് എന്റെർറ്റൈനെറുകൾ ആണെങ്കിലും അവയിൽ കൃത്യമായ ചേരുവകൾ ചേർത്താണ് അൻവർ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തുക. മാണിക്യം വീട്ടുമുറ്റത്തു വികാരാധീതനായി മാറുന്നതും അയാളിലെ മകൻ അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്നതൊക്കെ മാസ്സ് രംഗങ്ങൾക്കൊപ്പം തന്നെ കൈയ്യടി വാങ്ങിയ സീനുകളാണ്.
ബെന്നി പി നായരമ്പലത്തിൻറ്‍റെ എഴുത്തിൽ പുറത്തിറങ്ങിയ ചോട്ടാ മുംബൈ ലാലേട്ടനിൽ നിന്ന് ആരും കൊതിക്കുന്ന തട്ടുപൊളിപ്പൻ എന്റെർറ്റൈനെർ ആയിരുന്നു. തലയും പിള്ളേരും ഒപ്പം വില്ലനായ നടേശനും ചേർന്നതോടെ രണ്ടാം സിനിമയും ഒരു സൂപ്പർസ്റ്റാറിനൊപ്പം ചേർന്ന് അൻവർ വിജയിപ്പിച്ചെടുത്തു. ദ്വയാർത്ഥ പദങ്ങളോ അശ്ലീല മോമെന്റുകളെയോ പരിഗണിക്കാതെ അടിമുടി തകർത്തുവാരിയ പണംവാരി പടം. മുള്ളൻ ചന്ദ്രപ്പനും, പടക്കം ബഷീറും, ടോമിച്ചനും, സൈനുവും, സുശീലനും എല്ലാം ചേർന്ന് ചിരിപ്പിച്ച ചിത്രം വിജയിപ്പിച്ചപ്പോൾ അൻവർ റഷീദ് എന്ന സംവിധായകനും അവിടെ റെജിസ്റ്റർ ആക്കുകയായിരുന്നു. മമ്മൂട്ടിയുമായി വീണ്ടുമെത്തി അണ്ണൻ തമ്പിയും മലയാളത്തിലെ കൊമേർഷ്യൽ വിജയമായ നല്ല എന്റെർറ്റൈനെറുകളിൽ ഒന്നായി.
എന്നാൽ തട്ടുപൊളിപ്പൻ പടങ്ങളിൽ നിന്നുമാറി കണ്ണുനയിച്ച ഒരു കുഞ്ഞുചിത്രമായിരുന്നു അൻവർ അടുത്തതായി എത്തിയത്. കേരള കഫേയിലെ ബ്രിഡ്ജ് കണ്ടവരാരും ആ അമ്മയെയും പൂച്ചകുഞ്ഞിനെയും മറക്കില്ല. രണ്ട് തലങ്ങളിലെ രണ്ട് ഉപേക്ഷിക്കപ്പെട്ട മനുഷ്യരെ ഒരു പാലത്തിലൂടെ ഒന്നിപ്പിച്ച് പ്രേക്ഷകരെ വിരഹത്തിലാക്കി ബ്രിഡ്ജ്. ചിത്രം അവസാനിക്കുമ്പോൾ രണ്ട് ഒറ്റപ്പെട്ട മനുഷ്യർ പരസ്പരം തുണയാകുന്നതാണ് നാം കാണുന്നത്. എന്നാൽ അവിടെയും അൻവർ റഷീദ് വിരഹം അല്ലെങ്കിൽ കാത്തിരിപ്പിനെ മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട്. പിന്നീട് മൂന്ന് വർഷമെടുത്തു അൻവർ റഷീദ് സിനിമ തിയറ്ററിൽ കാണാനായി. ദുൽഖർ സൽമാൻ എന്ന താരത്തിന്റെ ഉയർച്ചയിൽ വലിയ പങ്കുവഹിച്ച രുചിയുടെയും, പ്രണയത്തിന്റെയും തിരിച്ചറിവുകളുടെയും മനോഹാരിത നിറഞ്ഞൊഴുകിയ ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോന്റെ എഴുത്തിൽ കോഴിക്കോടിന്റെ സൗന്ദര്യത്തിൽ കരീമിക്കയും കൊച്ചുമകൻ ഫൈസിയും ഭക്ഷണത്തിലൂടെയും സ്നേഹത്തിലൂടെയും തലമുറകളെ ഒന്നിപ്പിച്ച് ഹൃദയഹാരിയായ കഥയായി മെനഞ്ഞെടുത്തു അൻവർ ഈ ചിത്രത്തെ. വയർ നിറക്കാൻ ആർക്കും കഴിയും പക്ഷെ മനസ്സ് നിറക്കാൻ ആണ് പാട് എന്ന് കരീമിക്ക പറയുംപോലെ കാഴ്ചക്കാരന്റെ മനസ്സ് നിറക്കുന്ന അനുഭവമായി മാറി ഉസ്താദ് ഹോട്ടൽ. ആദ്യ മൂന്ന് കൊമേർഷ്യൽ സിനിമകളുടെ യാതൊരു ചുവയും ഇല്ലാതെ നമുക്ക് ചുറ്റുമുള്ള തികച്ചും പച്ചയായ മനുഷ്യരുടെ കഥ ഒപ്പിയെടുത്ത് അൻവർ സ്‌ക്രീനിൽ അവതരിപ്പിച്ചു. ചിത്രത്തിന്റെ ഒടുവിൽ ബിരിയാണി കഴിച്ച ശേഷം കുട്ടികൾ ഫൈസിയോട് നന്ദി പ്രകടിപ്പിക്കുന്ന രംഗം ഒരിറ്റ് കണ്ണീരോടെയല്ലാതെ നമുക്ക് കണ്ടുതീർക്കാൻ ആകില്ല. അഞ്ച് സുന്ദരികളിലെ ആമിയും അൻവർ റഷീദ് എന്ന സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമാണ്. ഒരു രാത്രിയുടെ പശ്ചാത്തലത്തിൽ കടംകഥകൾക്ക് ഉത്തരം തേടി പല കാഴ്ചകളിലൂടെ യാത്ര ചെയ്യുന്ന ഫഹദിന്റെ അജ്മലിന്റെ കഥാപാത്രത്തിന്റെ തിരിച്ചറിവും സംഗീർണതകളും ചിത്രം ചെറിയ സമയത്തിൽ പറഞ്ഞവസാനിക്കുന്നു.
പിന്നീടുള്ള ആറ് വർഷകാലം അൻവർ റഷീദ് ചുവടുമാറ്റി നിർമാണത്തിലെത്തി. അവിടെയും അൻവർ റഷീദ് തന്റെ പേരിന്റെ കീർത്തി അതുപോലെ നിലനിർത്തി. ഏതൊരു അൻവർ റഷീദ് സിനിമക്കും കാത്തിരിക്കുന്നത് പോലെ അയാൾ നിർമിക്കുന്ന ചിത്രങ്ങൾക്കും പ്രതീക്ഷയേറാൻ തുടങ്ങി. ബാംഗ്ലൂർ ഡേയ്സ്, പറവ, പ്രേമം, ട്രാൻസ് - നിർമിച്ച സിനിമകളൊക്കെയും കൊമേർഷ്യൽ വിജയങ്ങൾക്കപ്പുറം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ ചലച്ചിത്രങ്ങൾ. എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന തരത്തിൽ നല്ലൊരു സിനിമയാകണം, നിനക്ക് ഇഷ്ട്ടമുള്ള തരത്തിൽ ചെയ്യ് എന്ന് പറഞ്ഞ് അൻവർ റഷീദ് തന്ന ഫ്രീഡമാണ് പ്രേമം എടുക്കാൻ തന്നെ സഹായിച്ചതെന്ന് അൽഫോൻസ് പുത്രൻ പറയുമ്പോൾ അവിടെയും സിനിമയെ അത്രയധികം സ്നേഹിക്കുന്ന ഒരു നിർമാതാവിനെ തന്നെയാണ് മലയാള സിനിമക്ക് ലഭിച്ചത്. ആ പേരിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ് ഫഹദ് ഫാസിൽ ചിത്രം ആവേശത്തിന്റെ പ്രതീക്ഷയും. പ്രൊഡ്യൂസ്‌ഡ് ബൈ അൻവർ റഷീദ് എന്ന പേര് ടൈറ്റിലിൽ തെളിയുമ്പോൾ ആ ചിത്രം ഒരു ക്വാളിറ്റി സിനിമയാകുമെന്ന വിശ്വാസം ഓരോ പ്രേക്ഷകനുമുണ്ട്.
ആമിക്ക് ശേഷം ആറ് കൊല്ലത്തിന് ശേഷമാണു അൻവർ റഷീദ് തിരികെ സംവിധാനത്തിൽ എത്തിയത്. ഫഹദിനെ നായകനായി ഒരുക്കിയ ട്രാൻസ് അടിമുടി മാറിവന്ന ചിത്രമായിരുന്നു. അനിയനെ വളരെയധികം സ്നേഹിക്കുന്ന അവന് വേണ്ടി ജീവിക്കുന്ന ഒരു ഫെയിൽഡ് മോട്ടിവേഷണൽ സ്പീക്കറായ വിജു പ്രസാദിൽ നിന്ന് പാസ്റ്റർ ജോഷ്‌വാ കാൾട്ടണിലേക്കുള്ള യാത്രയാണ് ട്രാൻസ്. ചിത്രത്തിനെക്കുറിച്ച് രണ്ടഭിപ്രായം നിലനിൽക്കുമ്പോഴും ഫഹദിന്റെ ബ്രില്ലിയൻറ് പെർഫോമൻസിനെയും കഥയുടെ സഞ്ചാരത്തെയും പുകഴ്ത്താതെ ഇരിക്കാൻ സാധിക്കില്ല.പതിവിവിലും മാറി വലിയ ക്യാൻവാസിൽ അൻവർ റഷീദ് ട്രാൻസിനെ ഒരുക്കിയപ്പോൾ അത് മറ്റൊരു കാഴ്ച്ചാനുഭവമായി. വിജുവിന് സംഭവിക്കുന്ന ഓരോ അത്ഭുതങ്ങളും, അയാളിലെ മാറ്റങ്ങളും ചിത്രത്തിന്റെ പേര് പോലെ ഒരു ട്രാൻസ് മൂഡിൽ പ്രേക്ഷകനും കണ്ടിരിക്കും. ആൾദൈവങ്ങളെ സൃഷ്ട്ടിക്കുന്ന അവക്ക് പിന്നിലുള്ള മറ്റൊരു ലോകത്തിന്റെ ഇരുണ്ടവഴികളിലേക്കുള്ള തുറന്നുപറച്ചിലായിരുന്നു ട്രാൻസ്.
അൻവർ റഷീദിന്റെ അടുത്ത ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. അയാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണാൻ ആകാംക്ഷയുണ്ട്. വലിയ ഇടവേളകൾക് പകരം വർഷത്തിൽ ഒരു അൻവർ റഷീദ് ചിത്രമെങ്കിലും മലയാളി പ്രേക്ഷകർ അർഹിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്. ആ പേര് സ്‌ക്രീനിൽ തെളിയുന്നത് കാണാനായി അവർ കാത്തിരിക്കുന്നു.