ഇന്റലിജന്റ് ആക്ടര്‍ ആയിരുന്നു അനില്‍ നെടുമങ്ങാട്. അനില്‍ ശരിക്കും തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ മലയാള സിനിമക്ക് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. നടനും സംവിധായകനുമായ മധുപാലിന്റെ വാക്കുകള്‍. ഇത് തന്നെയാണ് അനില്‍ നെടുമങ്ങാട് എന്ന നടന് ചേരുന്ന വിശേഷണം.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ സ്റ്റീവിന്റെ കൊച്ചച്ചന്‍ ഫ്രെഡ്ഡി ആ നടന്റെ ആഘോഷ വരവായിരുന്നു. കെട്ടുപാടുകള്‍ ഇല്ലാതെ ജീവിക്കുന്ന ഫ്രെഡ്ഡി. ശരീരഭാഷയിലും ചലനങ്ങളിലുമെല്ലാം ഫ്രെഡ്ഡിയെന്നൊരു മനുഷ്യനെ ഞൊടിയിടെ പരിചിതമാകുന്ന പ്രകടനം. കമ്മട്ടിപ്പാടത്തില്‍ സുരേന്ദ്രന്‍ എന്ന കഥാപാത്രം. കൗശലക്കാരനും ചൂഷകനുമായ ആ പ്രതികായകനെ അനില്‍ ശൈലീകൃതാഭിനയം കൊണ്ടും സവിശേഷമാക്കിയിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ സി.ഐ സതീഷിലെത്തുമ്പോള്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സ്വഭാവ നടന്‍മാരുടെ പട്ടികയിലേക്ക് പ്രവേശിച്ചിരുന്നു അനില്‍ നെടുമങ്ങാട്.
കണ്ടറിയണം കോശി നിനക്കെന്ത് സംഭവിക്കുന്നുവെന്ന് സി.ഐ.സതീഷ് കോശിയോട് പറയുന്ന ഡയലോഗും അനില്‍ നെടുമങ്ങാട് ആ ഡയലോഗ് അവതരിപ്പിച്ച രീതിയിലുമെല്ലാം സിനിമയിലെ പഞ്ച് സീനുമായി മാറിയിരുന്നു.
ഒരേ സമയം അയ്യപ്പനെന്ന ചങ്ങാതിയെയും അതേ സമയം എസ്. ഐ അയ്യപ്പന്‍ നായരെന്ന കീഴുദ്യോഗസ്ഥനെയും മാനേജ് ചെയ്യുന്ന ഏറെ സങ്കീര്‍ണതയുള്ള റോള്‍. അയ്യപ്പനും കോശിയും കൊട്ടിക്കയറുമ്പോള്‍ അതിനൊത്ത താളപ്പെരുക്കത്തില്‍ പ്രകടനം കൊണ്ട് വലുതാകുന്നൊരു കഥാപാത്രം. അനിലിന്റെ മോഡുലേഷനും സംഭാഷണശൈലിയുമെല്ലാം ഈ കഥാപാത്രത്തിന് കയ്യടി നേടിക്കൊടുത്തിരുന്നു. സച്ചിയുടെ ജന്മദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലും തീരാത്ത കടപ്പാട് അനില്‍ നെടുമങ്ങാട് അറിയിച്ചിരുന്നു.
മരണം വരെ സച്ചിയായിരിക്കും കവര്‍ ഫോട്ടോ എന്ന് എഴുതിയ അതേ ദിവസം മരണം തട്ടിയെടുക്കുമ്പോള്‍ അതൊരു തീരാവേദനയുമാകുന്നു. സി.ഐ. സതീഷിനെ അവതരിപ്പിച്ചത് സച്ചിയെ തന്നെ അനുകരിച്ചാണെന്നും അനില്‍ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെയായിരുന്നു അനിലിന്റെ കുറിപ്പ് ''ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു''