കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ ധാരണ ലംഘിച്ച് ചില താരങ്ങള്‍ മുമ്പ് വാങ്ങിയതിനെക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായി നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിര്‍മ്മാതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് അയച്ച കത്തില്‍ ഇടപെടാനാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെയും തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമാ നിര്‍മ്മാണം പുനരാരംഭിച്ച സാഹചര്യത്തിലാണ് പ്രതിഫലത്തെച്ചൊല്ലി പുതിയ തര്‍ക്കം ഉടലെടുത്തത്.
ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലത്തില്‍ കുറവ് വരുത്താതെ പുതിയ സിനിമകള്‍ തുടങ്ങാനാകില്ലെന്ന് കാട്ടി നിര്‍മ്മാതാക്കള്‍ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് ഇരുസംഘടനകളും പ്രതിഫലം കുറക്കാമെന്ന തീരുമാനത്തിലെത്തിയത്.
പുതിയ ചിത്രങ്ങള്‍ക്കായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ ചില താരങ്ങള്‍ മാര്‍ച്ചിന് മുമ്പ് വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സിനിമകള്‍ പുനരാരംഭിക്കുമ്പോള്‍ വേതനത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കുറവ് വരുത്താനും തീരുമാനമുണ്ട്.
നിര്‍മ്മാതാക്കളുടെ കത്തില്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് അസോസിയേഷന് നിര്‍ദേശം കൈമാറി. മാര്‍ച്ചിന് മുമ്പുള്ള പ്രതിഫലത്തെക്കാള്‍ ഇരട്ടിയോളം തുക ചില താരങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ചില നിര്‍മ്മാതാക്കള്‍ സംഘടനയിലെ അംഗങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഫെഫ്കയ്ക്കും അമ്മയ്ക്കും കത്ത് നല്‍കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്.