മാലികില്‍ 40 മിനിറ്റ് വിഎഫ്എക്‌സ് ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഓസ്‌കാര്‍ കമ്മിറ്റിയില്‍ അംഗത്വം നേടിയ മലയാളി പി.സി സനത്ത് അഭിമുഖം

മാലികില്‍ 40 മിനിറ്റ് വിഎഫ്എക്‌സ് ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഓസ്‌കാര്‍ കമ്മിറ്റിയില്‍ അംഗത്വം നേടിയ മലയാളി പി.സി സനത്ത് അഭിമുഖം
Published on

ദി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസ് അംഗമായി ഈ വർഷം ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 398 പേരിൽ ഒരാളാണ് മലയാളിയായ പി.സി സനത്ത്. ‘വിഷ്വൽ ഇഫക്ട്സ്’ വിഭാഗത്തിൽ കേരളത്തിൽ നിന്ന് അം​ഗത്വം ലഭിച്ച വ്യക്തിയാണ് സനത്ത്. പുലിമുരുകൻ, മാലിക്, മലയൻകുഞ്ഞ്, തുടങ്ങിയ മലയാളം സിനിമകളിലും രാജമൗലിയുടെ ബാഹുബലിയിലും മഗധീരയിലുമുൾപ്പെടെ അമ്പതിലധികം സിനിമകൾക്ക് സനത്തിന്റെ ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ വിഷ്വൽ ഇഫക്ട് നിർവഹിച്ചിട്ടുണ്ട്. 'അഞ്ചി' എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച സ്പെഷ്യൽ എഫക്ട്സിനുള്ള നാഷണൽ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അക്കാദമിയിലെ മെമ്പർഷിപ്പിലൂടെ സിനിമാ മേഖലയിലുള്ള പലരുമായി സംവദിക്കാനും ടെക്‌നിക്കലായി സംസാരിക്കാനുമുള്ള ഒരു വേദി ലഭിക്കുമെന്ന് പി.സി സനത്ത് പറയുന്നു. ആറ്റം ബോംബ് പോലെ ആണ് വി എഫ് എക്സ്. ശരിക്കും ഉപയോഗിച്ചാൽ അത്രയും പവർഫുൾ ടൂളും ഇല്ലെങ്കിൽ എല്ലാം തകരാൻ അതുമാത്രം മതി. വി എഫ് എക്സ് ചെയ്യുമ്പോൾ ബഡ്ജറ്റും സമയവും കൂടാതെ വിഷ്വലൈസേഷനും, ടെക്നിക്കൽ പ്ലാനിങ്ങിനും തുല്യ പ്രാധാന്യമുണ്ടെന്നും പി.സി സനത്ത് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു.

ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് അംഗത്വത്തെക്കുറിച്ച്

തീർച്ചയായും വലിയ സന്തോഷമുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഒരു ഗുണമായി ഞാൻ കാണുന്നത് നമുക്ക് ഒരു എക്സ്പോഷർ ലഭിക്കും എന്നതാണ്. പലരോടും സംവദിക്കാനും ടെക്‌നിക്കലായി സംസാരിക്കാനുമുള്ള ഒരു വേദി ഇതിലൂടെ കിട്ടും. അക്കാദമി എന്ന് പറയുമ്പോൾ എല്ലാവരും ഓസ്‌കാർ എന്ന് മാത്രമാണ് കരുതുന്നത്. ഇതിന്റെ ഏറ്റവും സുപ്രധാനമായ ഒരു കാര്യമായി ഞാൻ മനസ്സിലാക്കുന്നത് ഇതിൽ മെമ്പേഴ്‌സായിട്ടുള്ളവർ എല്ലാവരും തന്നെ ഈ ഫീൽഡിൽ പ്രതിഭ തെളിയിച്ചവരും വർക്ക് ചെയ്യുന്നവരുമാണ് എന്നതാണ്. അപ്പോൾ ഇതുകൊണ്ട് അവർക്ക് അവരുടെ തന്നെ ടെക്‌നിക്കൽ കമ്മറ്റികൾ ഉണ്ട്. സിനിമയുടെ സ്റ്റാൻഡേർഡിനെക്കുറിച്ച് ചർച്ച ചെയ്യാനും, ഫിക്‌സ് ചെയ്യാനും പുതിയ ഡെവലെപ്പ്‌മെന്റുകളെക്കുറിച്ചും ടെക്‌നോളജികളെക്കുറിച്ച് സംവദിക്കാനും അങ്ങനെ എല്ലാത്തിനും വേറെ വേറെ ഗ്രൂപ്പുകളും എല്ലാം ഇതിനുള്ളിൽ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. ഇപ്പോൾ പഠിച്ച് വരുമ്പോഴാണ് ഇതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നത്. അതിനാൽ ഇത് കൊണ്ടുള്ള വലിയൊരു ഗുണം എന്നത് ഇങ്ങനെയുള്ള ആളുകളുമായി ഇടപെടാൻ നമുക്ക് ഒരു വേദി കിട്ടുന്നു എന്നതാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള സാധ്യതകൾ ഫിലിം ഫെസ്റ്റുവലുകളിൽ മാത്രേ ലഭിക്കുകയുള്ളു.

ആഗ്രഹം സിനിമ തന്നെ

പഠിക്കുന്ന കാലത്തെ ആഗ്രഹം സിനിമയിലെത്തുക എന്നത് മാത്രമായിരുന്നു. അങ്ങനെയാണ് ആനിമേഷനില്‍ സ്‌പെഷ്യലൈസ് ചെയ്യുന്നത്. ആ സമയത്ത് കമ്പ്യൂട്ടര്‍ ഒന്നും ഇല്ലാത്തത് കൊണ്ട് വരച്ചിട്ടായിരുന്നു എല്ലാം ചെയ്തുകൊണ്ടിരുന്നത്. സ്വന്തമായി സിനിമ ചെയ്യണം എന്ന രീതിയിലാണ് കോളേജില്‍ നിന്ന് പുറത്തിറങ്ങുന്നത് പക്ഷെ ആ സമയം ഇന്ത്യയില്‍ 2 ഡി അനിമേഷന്‍ വളരെ ചെലവേറിയതും അത് ചെയ്യുന്ന കമ്പനികള്‍ കുറവും ആയിരുന്നു. ചെന്നൈയില്‍ എത്തി അവിടെ ഇന്ത്യൻ ആർട്ടിസ്‌റ്സ് കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ജോലി. ജയേന്ദ്ര, പി സി ശ്രീറാം നടത്തുന്ന ജെ എസ് ഫിലിംസ് എന്ന കമ്പനിക്ക് ഇന്ത്യൻ ആർട്ടിസ്റ്സ് ഗ്രാഫിക്‌സും ലോഗോ അനിമേഷസും ചെയ്യുമായിരുന്നു. ആ ഗ്രാഫിക്‌സ് പ്രോജെക്റ്റുകൾക്ക് സ്റ്റോറി ബോര്‍ഡ്, വിഷ്വലൈസേഷന്‍ തുടങ്ങിയവ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം അദ്ദേഹവുമായി കണക്ട് ആയി. അപ്പോള്‍ 'കാതലര്‍ ദിനം' എന്ന സിനിമയുടെ വര്‍ക്ക് നടക്കുകയായിരുന്നു. ആദ്യകാലത്തെ സിനിമകളില്‍ കോംപ്ലിക്കേറ്റഡ് ആയ ഭാഗങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്തു സിംഗപ്പൂരില്‍ കൊണ്ടുപോയി ചെയ്തു തീര്‍ത്ത് കൊണ്ടുവരുക ആയിരുന്നു പതിവ്. ആ ചിത്രത്തിൽ ഒരു ഷോട്ട് ചെയ്യാന്‍ തന്നു. അതിന്റെ ഔട്ട്പുട്ട് അതിൽ വർക്ക് ചെയ്തിരുന്ന മറ്റു കമ്പനികളെക്കാൾ നന്നായി ഞങ്ങൾ നൽകിയതോടെ ഞങ്ങൾക്ക് അതിന്റെ പാട്ടിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചു.അന്ന് താജ് മഹലിന്റെ ഉള്ളില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ടത് ഗ്രീന്‍ സ്‌ക്രീനില്‍ ഷൂട്ട് ചെയ്ത് താജ് മഹല്‍ ഉണ്ടാക്കി. അങ്ങനെ 5,6 മാസം കഷ്ട്ടപെട്ടാണ് ആ പാട്ടിന്റെ 5, 6 ഷോട്ടുകള്‍ ചെയ്യുന്നത്. അപ്പോഴാണ് സിനിമയില്‍ ഇത്തരം ഒരു സാധ്യത ഉണ്ടെന്നു മനസ്സിലാക്കി ഈ മേഖലയിലേക്ക് വരുന്നതും കണക്ട് ആകുന്നതും.

ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ എന്ന സ്ഥാപനം

ആനിമേഷന്‍ സിനിമ ചെയ്യണം എന്ന ആഗ്രഹത്തിലാണ് കോളേജില്‍ നിന്ന് ഇറങ്ങുന്നത് പിന്നെ അതിനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. സിനിമയോടുള്ള ഭ്രാന്ത് കൊണ്ട് ഞാനും സുഹൃത്തുക്കളായ ഫാനി എഗ്ഗോൺ നാഗേഷും എച്ച് എൻ എന്നിവരും ഒന്നിച്ചു കൂടി. ഞങ്ങളുടെ ലക്ഷ്യത്തിന് ഹൈദരാബാദ് ആണ് നല്ലൊരു സ്ഥലം എന്ന് മനസ്സിലാക്കി. വിഷ്വല്‍ എഫക്ട്‌സ് നമ്മള്‍ ചെയ്യുന്നത് സര്‍വൈവ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇതിനൊപ്പം ആളുകള്‍ക്ക് ട്രെയിനിങ് കൊടുത്തു ഒരു അനിമേഷന്‍ സിനിമ നിര്‍മിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെ ഒരു സ്ഥാപനം ആയി തുടങ്ങി. അതുവഴി ഒരുപാട് പേർക്ക് ഞങ്ങൾ ട്രെയിനിങ് നൽകി. ആ സമയത്ത് 2 ഡി അനിമേഷന് നിരവധി ഔട്‌സോഴ്‌സിങ് വന്നു. അങ്ങനെ നിരവധി കമ്പനികൾ പുതിയതായി വന്നു. അതോടെ പ്രാദേശിക പ്രോജക്‌റ്റുകൾക്കായി കൂടുതൽ ജോലിയോ ബജറ്റോ ലഭ്യമല്ലാത്തതിനാൽ ആ പ്രോജക്‌റ്റുകൾ ചെയ്യുന്ന ടീമിനെ ഞങ്ങൾക്ക് നിലനിർത്താനായില്ല. ഇതിനിടെ ടീമിലെ പലരും പല വഴിക്കായി അങ്ങനെയാണ് ഒടുവില്‍ വിഷ്വല്‍ എഫക്ട്‌സില്‍ മാത്രം ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്.

ഫാനി എഗ്ഗോൺ, പി.സി സനത്ത്, നാഗേഷ് എച്ച് എൻ
ഫാനി എഗ്ഗോൺ, പി.സി സനത്ത്, നാഗേഷ് എച്ച് എൻ

ആദ്യ സിനിമയും നാഷണല്‍ അവാര്‍ഡും

ആ സമയത്ത് ശ്യാമ പ്രസാദ് റെഡ്ഡി എന്നൊരു നിര്‍മാതാവ് ഞങ്ങളെ കോണ്‍ടാക്ട് ചെയ്യുകയും വിഷ്വല്‍ സ്റ്റോറി ബോര്‍ഡ് ഒക്കെ ചെയ്യാന്‍ ഏൽപ്പിച്ചു. 'ഹിന്ദുസ്ഥാൻ' എന്ന തെലുങ്ക് സിനിമക്കായി ഞങ്ങൾ ചെയ്ത വർക്കിനെപ്പറ്റി അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നു. ആദ്യം ചെറിയ ഭാഗങ്ങള്‍ മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു എന്നാല്‍ ചില കാരണങ്ങളാല്‍ നിര്‍മാതാവ് ഞങ്ങളോട് സിനിമയിലെ മുഴുവൻ സ്‌പെഷ്യല്‍ എഫക്ട് ചെയ്യാമോന്ന് ചോദിച്ചു. ആ സിനിമയാണ് 'അഞ്ചി', അതിലൂടെയാണ് ആദ്യമായി നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നതും. എന്റെ സുഹൃത്തുക്കളെയും കൂടെ കൂട്ടി കൂടാതെ പല സ്ഥലത്തുനിന്നുള്ള ആളുകളെ കൊണ്ടുവന്നു ട്രെയിനിങ് കൊടുത്തു ഒരു കൊല്ലം കൊണ്ട് വര്‍ക്ക് തീര്‍ത്തു. ഒരു 3,4 കൊല്ലത്തോളം മുടങ്ങിക്കിടന്ന സിനിമ അങ്ങനെ ഞങ്ങള്‍ തീര്‍ത്തു പുറത്തിറക്കി. അതിനു ശേഷം VFX സിനിമകള്‍ ഇല്ലായിരുന്നു. അപ്പോള്‍ ചില പരസ്യങ്ങളും കോര്‍പ്പറേറ്റ് ഫിലിമും ഒക്കെ ചെയ്തിരുന്നു. അഞ്ചിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയതോടെ ഞങ്ങള്‍ക്ക് വലിയ രീതിയില്‍ ശ്രദ്ധ കിട്ടാന്‍ തുടങ്ങി. വി വി വിനായക് എന്ന സംവിധായകന് വേണ്ടി ഞങ്ങള്‍ വര്‍ക്ക് ചെയ്തിരുന്നു. അത് അദ്ദേഹം രാജമൗലിയോട് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു അണ്ടര്‍വാട്ടര്‍ സീന്‍ ചെയ്തു.അതിനു ശേഷം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. ആ സമയത്ത് നാഷണല്‍ അവാര്‍ഡ് ലഭിച്ചത് നല്ല രീതിയില്‍ ഞങ്ങള്‍ക്കൊരു സഹായകമായി മാറി അതോടെ കൂടുതല്‍ സിനിമാക്കാര്‍ ശ്രദ്ധിച്ചു തുടങ്ങി. അപ്പോഴേക്കും മറ്റ് ഭാഷകളിൽ നിന്നും ധാരാളം സങ്കീർണ്ണമായ VFX സിനിമകൾ ഞങ്ങൾക്ക് ലഭിക്കാൻ തുടങ്ങി.

വിഷ്വൽ എഫക്ട്‌സ് അന്നും ഇന്നും

അത് നമുക്ക് താരതമ്യം ചെയ്യാനേ കഴിയില്ല. ഞാൻ ഇതിലേക്ക് വരുന്ന സമയത്ത് വിഷ്വൽ എഫക്റ്റ് നേരിട്ട് നെഗറ്റീവിൽ ചെയ്യുകയായിരുന്നു. വളരെ മാനുവൽ ആയിട്ടുള്ള പ്രോസസ്സ് ആയിരുന്നു അത്. കൂടാതെ നല്ല ലിമിറ്റേഷൻസും ഉണ്ടായിരുന്നു. കമ്പ്യൂട്ടർ വന്നത് വളരെ വലിയ റെവല്യൂഷൻ ആയി മാറി. ഫിലിം മാറി ഡിജിറ്റൽ ആയപ്പോൾ വളരെയധികം ഗുണകരമായി. ഡിജിറ്റൽ ആയി ഷൂട്ട് ചെയ്യാൻ തുടങ്ങിയതോട് കൂടി സാധ്യതകൾ വലിയ രീതിയിൽ വളരാൻ തുടങ്ങി. പണ്ടുകാലത്തെയും ഇന്നത്തെയും വിഷ്വൽ എഫക്റ്റ്സിൽ ഉണ്ടായ മാറ്റം നമുക്കൊരിക്കലും താരതമ്യം ചെയ്യാനേ സാധിക്കില്ല.

തെലുങ്ക് സിനിമയും രാജമൗലിയും

ആദ്യ കാലം മുതലേ ഫാന്റസി സിനിമകൾ കൂടുതൽ ചെയ്യുന്നൊരു ഇൻഡസ്ട്രി ആണ് തെലുങ്ക് കൂടാതെ ആ സിനിമകൾക്കൊക്കെ അവിടെ നല്ല പ്രേക്ഷകരുമുണ്ട്. അവിടെ നിന്ന് ഉണ്ടാകുന്ന സിനിമകളും വിഷ്വൽ എഫക്റ്റ്സിന് വളരെ അധികം പ്രാധാന്യം നൽകുന്നവയാണ് . അവിടെയുള്ള പ്രേക്ഷകരും അത് സപ്പോർട്ട് ചെയ്യുന്നുണ്ട്. 1950 ൽ 'മായാബസാർ', 'പാതാള ഭൈരവി' പോലുള്ള മികച്ച ക്ലാസിക് സിനിമകൾ അവർ നിർമിച്ചിട്ടുണ്ട്. വലിയ ക്യാൻവാസ് ചിത്രങ്ങൾ ടെക്‌നിക്കലി അത്രയും ഗംഭീരമായി ചെയ്യാൻ കഴിവുള്ള സംവിധായകരും ടെക്‌നിഷ്യൻസും നിർമാതാക്കളും തെലുങ്കിൽ ഉണ്ടായിരുന്നു. പുറത്തുനിന്നു നോക്കുമ്പോൾ ഓവർ ദി ടോപ് എന്നൊക്കെ പറയുമെങ്കിലും വളരെ റിസ്ക് ഉള്ള സിനിമകൾ ചെയ്യാൻ അവർ ധൈര്യം കാണിക്കുന്നത്കൊണ്ടാണ് ആദ്യം അങ്ങോട്ടേക്ക് പോയത്. രാജമൗലിയുടെ കൂടെ മഗധീരക്കും മുൻപ് ഞങ്ങൾ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്ത് അതിനെപ്പറ്റി മനസ്സിലാക്കി അടുത്ത ലെവലിലേക്ക് പോയിയാണ് ബാഹുബലിയിലേക്ക് എത്തുന്നത്. ഒരു സിനിമ നന്നായാൽ ആളുകൾ നല്ലതെന്നു പറയും അല്ലാതെ ഏതിലാണ് ചെയ്തത് ഏത് ടെക്നോളജി ആയി ഉപയോഗിച്ചത് എന്നൊന്നും ആരും ചോദിക്കാറില്ല.

ബാഹുബലിയിലെ വെല്ലുവിളികൾ

നമ്മൾ ചെയ്യുന്നത് മികച്ചതാക്കണം എന്നല്ലാതെ എങ്ങനെ പ്രതികരണം വരുമെന്ന് നമുക്ക് പറയാൻ പറ്റില്ല. ബാഹുബലി രണ്ടാം ഭാഗത്തിന്റെ കൂടുതലും ഒന്നാം ഭാഗത്തിന്റെ സമയത്ത് തന്നെ ഷൂട്ട് ചെയ്തിരുന്നു. ചില യുദ്ധ സീനുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒന്നാം ഭാഗം ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു. കാരണം ചിത്രത്തിന്റെ ചിലവ് കവർ ചെയ്യാൻ പറ്റുമോയെന്നും ഇതുവരെ ആരും ഇത്തരത്തിൽ വലിയ ബഡ്‌ജറ്റുള്ള തെലുങ്ക് സിനിമ ചെയ്തിട്ടില്ല എന്ന പേടിയും ഉണ്ടായിരുന്നു. ഇന്ന് ചിന്തിക്കുമ്പോൾ രണ്ടാം ഭാഗം കുറേകൂടി സേഫ് ആയിരുന്നു കാരണം ഒന്നാം ഭാഗത്തിന്റെ വലിയ വിജയം കാരണം രണ്ടാം ഭാഗത്തിന് നല്ല രീതിയിൽ ഹൈപ്പ് ഉണ്ടായിരുന്നു. തെലുങ്ക് വിപണിക്ക് താങ്ങാവുന്നതിലും അധികമാണ് ബാഹുബലി വണ്ണിനായി നിർമ്മാതാവ് ചിലവഴിച്ചത്. എന്നാൽ അതിന്റെ വിജയം ചിത്രത്തിന് പുതിയ മാർക്കറ്റ് തുറന്നുകൊടുത്തു. രണ്ടാം ഭാഗം ആദ്യമേ വിതരണങ്ങൾ എല്ലാം നടത്തിയത് കൊണ്ട് സേഫ് ആയി.

വിഎഫ്എക്‌സിനെറ്റിപ്പയുള്ള വിമർശനങ്ങൾ

ഇൻഡസ്ട്രയിൽ 24 ക്രാഫ്റ്റ് എന്ന് വിശേഷിപ്പിക്കുന്നതിൽ വി എഫ് എക്സ് ഉൾപ്പെടില്ല. ടെക്‌നോളജി വികസിക്കുമ്പോൾ നമ്മൾ VFX ചെയ്യുന്ന രീതി ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഞങ്ങൾ ഉപയോഗിച്ച ഉപകരണങ്ങളോ രീതികളോ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറും. ഒരു സാധാരണ ലൈവ് ആക്ഷൻ സിനിമ ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായ സമീപനം വേണം വി എഫ് എക്സ് കൂടുതലുള്ള ഒരു സിനിമ ചെയ്യാൻ. കഴിഞ്ഞ വർഷം വന്ന ടെക്നോളജി ആണ് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് ചിലപ്പോൾ സംവിധായകർക്കോ ടെക്‌നിഷ്യൻസിനോ അറിയണമെന്നില്ല. അതുകാരണം എന്ത് തരം പ്രീ പ്രൊഡക്ഷൻ ആണ് ചെയ്യേണ്ടതെന്നും പലർക്കും പിടിയില്ല. ചില സമയങ്ങളിൽ വി എഫ് എക്സ് സൂപ്പർവൈസർ ഉണ്ടാകണമെന്നില്ല അല്ലെങ്കിൽ പ്രീ പ്രൊഡക്ഷൻ ടൈമിൽ അവരെ ഉൾപ്പെടുത്തണമെന്നില്ല. എല്ലാവരും മേക്കിങ് വീഡിയോ കാണും പക്ഷെ അതിൽ പറയുന്ന കാര്യങ്ങളെല്ലാം പൊതുവായും പ്രൊമോഷന്റെ ഭാഗം മാത്രമാണ് മിക്ക സമയവും അതൊരു ടെക്നിക്കൽ വീഡിയോയല്ല. അത് കണ്ടു കഴിയുമ്പോൾ വി എഫ് എക്സ് വളരെ എളുപ്പമാണ് എന്ന് വിചാരിക്കും. സങ്കീർണ്ണമായ രംഗങ്ങളും പ്രവർത്തനങ്ങളും പരീക്ഷിക്കുന്നതിന് മുമ്പ് ഇതിന് ധാരാളം പ്രീ പ്രൊഡക്ഷൻ പ്ലാനിംഗും പരിശോധനയും ആവശ്യമാണ്. ഇതിന് എല്ലാ സാങ്കേതിക വിദഗ്ധരും തമ്മിൽ നല്ല ധാരണ ആവശ്യമാണ്. ഇപ്പോൾ, ഛായാഗ്രഹണം, പ്രൊഡക്ഷൻ ഡിസൈൻ, മറ്റ് പരമ്പരാഗത ഫിലിം മേക്കിംഗ് റോളുകൾ എന്നിവയുടെ അതിരുകൾ വിഎഫ്‌എക്‌സിന്റെ പ്രവേശനത്തോടെ ഇല്ലാതാകുന്നു. വെർച്വൽ പ്രൊഡക്ഷൻ എന്ന് നമ്മൾ കേൾക്കുന്നത് പരമ്പരാഗത രീതികളെ പൂർണ്ണമായും തകർക്കുന്നതാണ്. സാധാരണയായി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിൽ ചെയ്യുന്ന മിക്ക കാര്യങ്ങളും ഇപ്പോൾ ഷൂട്ടിന് മുമ്പ് തന്നെ പൂർത്തിയാക്കുന്നു. അതുകൊണ്ട് സിനിമയിലെ എല്ലാ സാങ്കേതിക വിദഗ്ധരും അവരുടെ സ്ഥിരം രീതികളെ കൂടി മാറ്റേണ്ടതുണ്ട്. ഒരു സിനിമയിൽ തീരുമാനങ്ങൾ എടുക്കുന്നത് സെറ്റിലാണ്, ഔട്ട്പുട്ട് ശരിയായില്ലെങ്കിൽ റീടേക്ക് എടുക്കും. എന്നാൽ ഒരു ബ്ലൂ സ്ക്രീൻ ഇട്ട് ചെയ്യുമ്പോൾ വി എഫ് എക്സ് ഏതു രീതിയാണ് ഒരു സീനിനെ ബാധിക്കുന്നത് എന്ന് കൂടി കണക്കിലാക്കി വേണം ഓരോ സീനും ഓക്കേ പറയാൻ. മോശം വി എഫ് എക്സ് എന്നത് ടെക്നോളജിയിൽ ഉണ്ടാവുന്ന തെറ്റല്ല വ്യക്തമായ ജഡ്ജ്മെന്റിൽ ഇല്ലാത്തത് കാരണം ഉണ്ടാകുന്ന പിഴവാണ്.

മലയാളം ഇൻഡസ്ട്രിയിലെ വിഎഫ്എക്‌സ് സാധ്യതകൾ

വിഎഫ്എക്സ് കൊണ്ട് മാത്രം ഒരു കഥയെ മികച്ചതാക്കാൻ പറ്റില്ല. പക്ഷെ വി എഫ് എക്സ് വച്ച് നമ്മുടെ വിഷ്വലൈസേഷൻ കുറച്ചു കൂടെ എഫക്ടീവ് ആകാൻ പറ്റും. റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകൾ കുറേകൂടി നന്നായി ചെയ്യാൻ പറ്റും. സിനിമയിൽ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോഴാണ് സാധാരണ വി എഫ് എക്സ് ഉപയോഗിക്കുന്നത്. അത് മാറ്റേണ്ട കാലം കഴിഞ്ഞു. വിഷ്വലൈസേഷനിൽ തുടങ്ങി ഷൂട്ടിംഗ് മുതൽ എഡിറ്റിംഗ് വരെ എല്ലാം ഡിജിറ്റലായി മാറുന്നു, ഇത് വിഷ്വൽ സ്റ്റോറി ടെല്ലിംഗിൽ പുതിയ സാധ്യതകൾ തുറക്കുന്നു. അപ്പോൾ കുറച്ചുകൂടെ സീരിയസ് ആയി ഇതിനെ സമീപിക്കുകയാണെങ്കിൽ പ്രേക്ഷകർ കുറ്റം പറയില്ല. റിയലിസ്റ്റിക് സിനിമകൾക്ക് വി എഫ് എക്സ് ഉപയോഗിക്കാൻ പറ്റില്ല എന്നൊന്നും പറയില്ല. മാലിക് എന്ന ചിത്രത്തിൽ ലൊക്കേഷൻ ഉണ്ടാക്കുക പ്രയാസമായിരുന്നു കാരണം കടൽത്തീരത്ത് പള്ളിയും സ്കൂളുമുണ്ട്. സിനിമയിൽ പള്ളി മുഴുവനായും ഉണ്ടാക്കിയിട്ടില്ല അതിന്റെ മുന്നിൽ ഒരു തെരുവെ ഉണ്ടാക്കിയിട്ടുള്ളു. ശരിക്കും അതിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്കൂൾ. സിനിമയിലെ കടൽ ഷൂട്ട് ചെയ്തത് കൊച്ചിയിലായിരുന്നു. ആ സിനിമയിൽ 40 മിനിറ്റോളം വി എഫ് എക്സ് ഉണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒരു സെറ്റിനെ വളരെ റിയലിസ്റ്റിക് ആയി വി എഫ് എക്സിന് ഉണ്ടാകാൻ പറ്റും. ഷൂട്ടിങ്ങിനു മുൻപ് കൃത്യമായ പ്ലാനിങ്ങും ടെസ്റ്റിങ്ങും ഉണ്ടായിരിക്കണം. ഫിനാൻഷ്യൽ മാത്രം അല്ല പ്ലാനിങ്ങിനും അവിടെ തുല്യ പ്രാധാന്യമുണ്ട്. ഒരു സ്കെച്ച് കണ്ടിട്ട് അത് എന്തൊക്കെ ഇമ്പാക്ട് ആണ് വരുത്തുന്നതെന്നറിയാതെ ഓക്കേ പറഞ്ഞാൽ അത് സിനിമയെ മൊത്തത്തിൽ ബാധിക്കും.

വി എഫ് എക്സിന്റെ ഭാവി

ഒരു സിനിമയിൽ വിഷ്വൽ എഫ്ഫക്റ്റ്സിന്റെ തീരുമാനം സംവിധായകൻ എടുത്തിരിക്കാം, ഛായാഗ്രാഹകൻ എടുത്തിരിക്കാം, ഫൈറ്റ് മാസ്റ്റർ എടുത്തിരിക്കാം പക്ഷെ സമയം, കഴിവുകൾ, ബഡ്ജറ്റ് എന്നിവയുൾപ്പെടെയുള്ള നിർവ്വഹണത്തിന്റെ സങ്കീർണ്ണത അവർ ശരിക്കും മനസ്സിലാക്കുന്നുണ്ടോ എന്നതാണ് എപ്പോഴും പരിശോധിക്കേണ്ടത്. പുതിയ ടൂളുകളുടെയും ടെക്നോളോജിയുടെയും സഹായത്തോടെ പുതിയ സീനുകൾ സൃഷ്ടിക്കുന്നതിന് ധാരാളം സാധ്യതകൾ തുറക്കുന്നു. അത്രയും പവർഫുൾ ആയിട്ടുള്ള ടൂൾ ആണത്. കൂടുതൽ പവർഫുൾ ആകുന്നതിനനുസരിച്ച് അത്രയും നമ്മൾ ശ്രദ്ധകൊടുക്കുകയും വേണം. ആറ്റം ബോംബ് പോലെ ആണ് വി എഫ് എക്സ്. ശരിക്കും ഉപയോഗിച്ചാൽ അത്രയും പവർഫുള്ളും ഇല്ലെങ്കിൽ എല്ലാം തകരാൻ അതുമാത്രം മതി.

Related Stories

No stories found.
logo
The Cue
www.thecue.in