31 Years of Jurassic Park | Steven Spielberg
കാറിന്റെ ഡാഷ് ബോഡിൽ ഇരിക്കുന്ന രണ്ട് വെള്ളം നിറച്ച ഗ്ളാസുകൾ. എന്തോ പ്രകമ്പനത്താൽ അത് അനങ്ങാൻ തുടങ്ങുന്നു. പതിയെ പതിയെ ആ പ്രകമ്പനം കൂടി കൂടി വരുന്നു കാറിന്റെ ഉള്ളിലിരിക്കുന്ന ആരാൺകുട്ടിയും പെൺകുട്ടിയും ശബ്ദം കേട്ട് പേടിച്ചിരിക്കുന്നു. അവരുടെ മുന്നിലേക്ക് ഭീമാകാരനായ ഒരു ദിനോസർ കടന്നുവരുന്നു. ഇത്രയും പറയുമ്പോഴേക്കും ഏതാണ് ആ സിനിമയെന്നും ഏതാണ് ആ സീനെന്നും എല്ലാവർക്കും മനസ്സിലായി കാണും. ഹോളിവുഡ് സിനിമകൾ കണ്ടു തുടങ്ങിയ കാലത്ത് ഏതൊരു മലയാളിയും ശ്വാസമടക്കിപ്പിടിച്ച് കണ്ട ചലച്ചിത്ര അനുഭവം, ജുറാസ്സിക് പാർക്ക്. ഭൂമിയിൽ നിന്ന് മണ്മറഞ്ഞു പോയ ദിനോസറുകളുടെ ലോകത്തേക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോയി അമ്പരപ്പിച്ച സ്റ്റീവൻ സ്പീൽബർഗ് ചിത്രം. നമ്മൾ കാണാത്ത, അറിയാത്ത ഭൂമിയിൽ പണ്ടെപ്പോഴോ ജീവിച്ച് മൺമറഞ്ഞ് പോയ ദിനോസറുകളെ നമുക്ക് തൊട്ട് മുൻപിലെന്ന പോലെ സ്പീൽബർഗ് സൃഷ്ട്ടിച്ചു. ജോൺ വില്യംസിന്റെ ഐകോണിക് പശ്ചാത്തല സംഗീതത്തിൽ റിലീസ് ചെയ്ത് 30 വർഷത്തിനിപ്പുറവും കാഴ്ചക്കാരെ അമ്പരപ്പിച്ചും ഭയപ്പെടുത്തിയും സ്പീൽബർഗ് വിസ്മയം സൃഷ്ട്ടിച്ചപ്പോൾ അത് സിനിമക്കാഴ്ചകൾക്ക് പുതിയൊരു തുടക്കം കുറിച്ചു.
1993 ലാണ് ജുറാസിക് പാർക്ക് തിയറ്ററുകളിലെത്തിയത്. ഇന്ത്യാന ജോൺസ്, ദി എക്സ്ട്രാ ടെറസ്ട്രിയൽസ്, jaws, ഡ്യൂവൽ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു ഹോളിവുഡിൽ തന്റേതായി ഒരു സ്ഥാനം അപ്പോഴേക്കും സ്റ്റീവൻ സ്പീൽബർഗ് നേടിയെടുത്തിരുന്നു. മൈക്കൽ ക്രിക്റ്റൺ എഴുതിയ ജുറാസ്സിക് പാർക്ക് എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സ്പീൽബർഗ് സിനിമ ഒരുക്കിയത്. യൂണിവേഴ്സൽ പിക്ചേഴ്‌സുമായി ചേർന്ന് സ്പീൽബർഗ് ചിത്രത്തിന്റെ റൈറ്സ് വാങ്ങുകയും മൈക്കൽ ക്രിക്റ്റനെത്തന്നെ കോ റൈറ്റർ ആയി നിയമിക്കുകയും ചെയ്തു. 1956 ൽ പുറത്തിറങ്ങിയ ഗോഡ്‌സില്ല കിംഗ് ഓഫ് മോൺസ്റ്റെർസ് എന്ന സിനിമയാണ് തനിക്ക് ജുറാസ്സിക് പാർക്കിന് പ്രചോദനമായതെന്ന് സ്പീൽബർഗ് വെളിപ്പെടുത്തിയിട്ടുണ്ട്. ജിം കാരിയടക്കം നിരവധി താരങ്ങളെ സിനിമയിലേക്ക് പരിഗണിച്ചിരുന്നു എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് നാലാഴ്ച മുൻപ് സാം നീൽ അലൻ ഗ്രാന്റ് ആയും ജെഫ് ഗോൾഡ്ബ്ലം മാൽക്കമിന്റെ റോളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചിത്രത്തിൽ പ്രധാന താരങ്ങളായ ഡോ. അലൻ ഗ്രാന്റും എല്ലിയും ആദ്യമായി ജുറാസ്സിക് പാർകിലെത്തി ദിനോസറുകളെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്നൊരു രംഗമുണ്ട്. അക്ഷരാർത്ഥത്തിൽ അതെ റിയാക്ഷനാകും സിനിമ ആദ്യം കണ്ടപ്പോൾ നമ്മൾ പ്രേക്ഷകർക്കും ഉണ്ടായത്. വെറും ആറ് മിനിറ്റ് മാത്രമാണ് ചിത്രത്തിൽ വി എഫ് എക്സ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? ചിത്രത്തിലെ ദിനോസറുകളെ നിർമിക്കാനായി സ്പീൽബർഗ് കൂടുതൽ പ്രാക്ടിക്കൽ എഫേർട്ട് ആണ് സ്വീകരിച്ചത്. സിനിമയിലെ ദിനോസറുകളെ കാണിക്കുവാനായി സ്റ്റാൻ വിൻസ്റ്റൺ എന്നയാളുടെ സഹായത്തോടെ സ്പീൽബർഗ് ദിനോസറുകളുടെ സ്കൾപ്ച്ചർ ഉണ്ടാക്കിയെടുക്കുകയും അതിന് മൂവ്മെൻറ്റ് നൽകിയും കുറച്ച് സി ജി ഐ യുടെ സഹായത്തോടെയുമായി ചിത്രത്തിൽ കാണുന്ന ദിനോസറുകളെ സൃഷ്ട്ടിച്ചത്. ജീവനുള്ളതെന്ന് തോന്നിപ്പിക്കുവാനായി സ്കിന്നും മുഖവുമെല്ലാം അതി സൂക്ഷ്മമായിട്ടാണ് ദിനോസറുകളുടെ സ്കൾപ്ച്ചറുകൾ നിർമിച്ചത്. അതായത് ചിത്രത്തിലെ അഭിനേതാക്കൾ ഗ്രീൻ സ്ക്രീനിനു പകരം ഇത്തരം നിർമ്മിച്ചെടുത്ത അനിമട്രോണിക്‌സിനോടാണ് പ്രതികരിച്ചത്. ഇത് അഭിനേതാക്കളുടെ റിയാക്ഷനുകളെ കൂടുതൽ ഒറിജിനൽ ആക്കാൻ സഹായിച്ചു.
ചിത്രത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച കഥാപാത്രമായിരുന്നു ഭീകമാരനായ ടി റെക്സ് എന്ന ദിനോസർ. ടി റെക്സിനെ നിർമിക്കാനായി സ്പീൽബർഗ് അനിമട്രോണിക്‌സും സി ജി ഐയും ഒരുമിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്തത്. ചിത്രത്തിൽ ടി റെക്സ് ഒരു ജീപ്പിനെ ചെസ് ചെയ്യുന്ന രംഗമുണ്ട്. അത് പ്രാക്ടിക്കൽ എഫേർട്ട് മാത്രം വച്ച് നിർമിക്കാൻ സാധിക്കാത്തതിനാൽ സ്പീൽബർഗ് വിഷ്വൽ എഫക്ടിന്റെ സഹായം തേടുകയായിരുന്നു. ചിത്രത്തിൽ ആദ്യം കാണിക്കുന്ന ട്രൈസെറാടോപ്പുകളും (Triceratops) സിനിമയുടെ ക്ലൈമാക്സിൽ ലെക്സിനെയും ടിമ്മിനെയും കിച്ചണിൽ ആക്രമിക്കുന്ന റാപ്റ്റർസുമെല്ലാം പ്രാക്ടിക്കലി നിർമിച്ചെടുത്തവയും പപ്പറ്റുകളുമാണ്. റാപ്‌റ്റർ ഷോട്ടുകളിൽ ഭൂരിഭാഗവും റാപ്‌റ്റർ സ്യൂട്ടുകളിലെ അഭിനേതാക്കളാണ് പൂർത്തിയാക്കിയത്.
ചിത്രം വൻ വിജയമായി ദിനോസറുകളും ഡോ. അലൻ ഗ്രാന്റും ഇസ്ലാ ന്യൂബ്ലാർ ഐലാൻഡുമെല്ലാം അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. സിനിമയുടെ വിജയത്തെത്തുടർന്ന് സ്പീൽബർഗ് ക്രിക്റ്റനോട് രണ്ടാമതൊരു നോവൽ എഴുതാൻ ആവശ്യപ്പെടുകയും അങ്ങനെ ജുറാസ്സിക് പാർക്ക് ദി ലോസ്റ്റ് വേൾഡ് എന്ന രണ്ടാം ഭാഗം ഉണ്ടാകുകയും ചെയ്തു. രണ്ടാം ഭാഗത്തിൽ അനിമട്രോണിക്സിനൊപ്പം കൂടുതൽ സി ജി ഐ സ്പീൽബർഗ് ഉപയോഗിച്ചു. മികച്ച വിഷ്വൽ എഫ്ഫെക്റ്റ്സിനുള്ള അക്കാദമി അവാർഡും സിനിമക്ക് ലഭിച്ചു. 2001 ൽ സിനിമയ്‌ക്കൊരു മൂന്നാം ഭാഗവുമുണ്ടായി എന്നാൽ ഇത്തവണ ചിത്രമൊരുക്കിയത് സ്പീൽബർഗ് അല്ല പകരം ജോ ജോൺസ്റ്റോൺ ആയിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ചിത്രം വിജയമായി. ജുറാസ്സിക് പാർക്ക് ഒരു ഫിനോമിന തന്നെയായി മാറി. ജുറാസ്സിക് പാർക്ക് തീം പാർക്കുകളും, ഗെയിമുകളും, മെർക്കൻഡൈസുമെല്ലാം തരംഗമായി മാറി. 2015 ജുറാസ്സിക് വേൾഡ് എന്ന ചിത്രം പുതിയ ജുറാസ്സിക് സിനിമകൾക്ക് തുടക്കം കുറിച്ചു. ജുറാസ്സിക് പാർക്കിലെ സംഭവങ്ങൾക്കും 22 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന കഥയാണ് ചിത്രം അവതരിപ്പിച്ചത്. തുടർന്ന് ജുറാസ്സിക് വേൾഡ് ദി ഫോളൻ കിങ്ഡം, ജുറാസ്സിക് വേൾഡ് ഡൊമിനിയൻ എന്നീ സിനിമകളും പുറത്തിറങ്ങി. മൂന്നാം സിനിമയായ ഡൊമീനിയനിൽ ജുറാസ്സിക് പാർക്കിലെ പ്രധാന താരങ്ങളായ അലൻ ഗ്രാൻ്റ്, എല്ലി സാറ്റ്‌ലർ, ഇയാൻ മാൽക്കം എന്നിവർ തിരികെ വരുകയും ചെയ്തു. ജുറാസ്സിക്ക് വേൾഡിന്റെ നാലാം ഭാഗവും ജുറാസ്സിക് പാർക്ക് സീരിസിലെ ഏഴാമത്തെ ചിത്രവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
നിരവധി തവണ ജുറാസ്സിക് പാർക്ക് റീ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഇരുപത്, ഇരുപത്തഞ്ച്, മുപ്പത് വാർഷികത്തോട് അനുബന്ധിച്ച് 3D യിൽ സിനിമ റീ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. 1993 ൽ മികച്ച സൗണ്ട് എഫ്ഫക്റ്റ് എഡിറ്റിംഗ്, മികച്ച സൗണ്ട്, മികച്ച വിഷ്വൽ എഫക്ട് എന്നിങ്ങനെ മൂന്ന് കാറ്റഗറിയിൽ അക്കാദമി അവാർഡും നിരവധി മറ്റു പുരസ്കാരങ്ങളും ചിത്രത്തെയും സ്പീൽബെർഗിനെയും തേടിയെത്തി. ആറു ഭാഗങ്ങൾ ഇറങ്ങിയെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രം സ്റ്റീവൻ സ്പീൽബർഗ് ഒരുക്കിയ ഒന്നും രണ്ടും ഭാഗങ്ങളാകും. ദിനോസറുകൾ കൊല്ലാനായി ഓടിക്കുന്നതും അവരിൽ നിന്ന് രക്ഷപെടാനായി കഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങളെല്ലാം ഇന്നുമൊരു അത്ഭുത കാഴ്ച പോലെ ഓരോ പ്രേക്ഷകന്റെയും ഉള്ളിലുണ്ട്.