ചാക്കോച്ചന്‍@25, റൊമാന്റിക് ഹീറോയില്‍ നിന്ന് വൈവിധ്യത തേടുന്ന നടനിലേക്ക്; അനിയത്തിപ്രാവ് 25 വര്‍ഷം ആഘോഷിച്ച് മലയാളം

ചാക്കോച്ചന്‍@25, റൊമാന്റിക് ഹീറോയില്‍ നിന്ന് വൈവിധ്യത തേടുന്ന നടനിലേക്ക്; അനിയത്തിപ്രാവ് 25 വര്‍ഷം ആഘോഷിച്ച് മലയാളം
Published on

''ആര് ചെയ്താലും അത് ഓക്കെ ആകും. എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്. ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ. പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. പിന്നീട് ഓഡിഷന് പോകുന്നില്ല എന്നൊക്കെ പറഞ്ഞാണ് ഞാനിരുന്നത്. എന്റെ ഒരു കൂട്ടുകാരനാണ് വന്നുപറയുന്നത്, നീ അഹങ്കാരിയാണ്. നിനക്കിത്രയും വലിയൊരു അവസരം കിട്ടിയിട്ട് പോകാതിരിക്കുന്നു. എത്രയോ പേര് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അവന്‍ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം ചുമ്മാ പോയെന്നെ ഉള്ളു. ഓഡിഷന്‍ നടത്തി. നല്ല ബോറായിട്ടാണ് ഞാന്‍ ചെയ്തത്. അന്ന് ഞാനുറപ്പിച്ചു എനിക്ക് കിട്ടില്ല എന്ന്. അപ്പോഴും ഞാന്‍ ഹാപ്പിയാണ്. എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. പക്ഷെ പാച്ചിക്ക വന്നുപറഞ്ഞു ഓക്കെയാണ്. നമുക്ക് തുടങ്ങാം. അങ്ങനെയാണ് അതിലേക്ക് പോകുന്നത്.''

ദ ക്യുവിനോട് അനിയത്തിപ്രാവ് സിനിമയിലൂടെയുള്ള അരങ്ങേറ്റത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞതാണ് ഇത്രയും. അപ്രതീക്ഷിതമായി തുടങ്ങിയ അഭിനയജീവിതവും മനപൂര്‍വം സ്വീകരിച്ച ഇടവേളയും കഴിഞ്ഞ് 2022ലെത്തുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ തന്നിലെ നടനെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന താരമായി മാറിയിരിക്കുന്നു. മലയാളത്തിലെ വഴിത്തിരിവായ ഓരോ ജംഗ്ഷനില്‍ അതിനൊപ്പം കുഞ്ചാക്കോ ബോബന്‍ എന്ന നടനെ കാണാം.

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് എന്ന് പറയുമ്പോള്‍ അതില്‍ ചാക്കോച്ചനുണ്ട്. 2011 ല്‍ ട്രാഫിക് ഒരു മാറ്റം കൊണ്ടുവരുമ്പോള്‍ അവിടെയുണ്ട്. ടേക്ക് ഓഫിലേക്ക് വരുമ്പോള്‍ അവിടെയും. വൈറസ് ഒരു പക്കാ മെഡിക്കല്‍ ത്രില്ലര്‍ എന്ന നിലക്ക് അവിടെയും കുഞ്ചാക്കോ ബോബനെ കാണാം. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ലൊക്കേഷനിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷിച്ചത്. സമീപ വര്‍ഷങ്ങളില്‍ മലയാളത്തിന് അകത്തും പുറത്തും നിരവധി സിനിമകളില്‍ ചാക്കോച്ചനായിരുന്നു കേന്ദ്രകഥാപാത്രം. കൊവിഡിന് മുമ്പ് ബ്ലോക്ക് ബസ്റ്ററായി മാറിയ അഞ്ചാം പാതിര, പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായ നായാട്ട്, ഭീമന്റെ വഴി, പട. ഇനി വരാനിരിക്കുന്നതും സുപ്രധാന പ്രൊജക്ടുകള്‍. ഫെല്ലിനിയുടെ സംവിധാനത്തില്‍ ഒറ്റ്, മഹേഷ് നാരായണന്റെ അറിയിപ്പ്, രതീഷ് പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, ആറാം പാതിര, പദ്മിനി തുടങ്ങിയ സിനിമകള്‍.

അന്ന് ചെയ്യാന്‍ പറ്റാത്തത് രണ്ടാം വരവില്‍ സാധിച്ചു

റൊമാന്റിക് ഹീറോ ടാഗില്‍ ഒതുങ്ങില്ലെന്നുറപ്പിച്ചായിരുന്നു ഇടവേളക്ക് ശേഷമുള്ള രണ്ടാം വരവെന്ന് ചാക്കോച്ചന്‍ മുമ്പ് ദ ക്യുവിനോട് പറഞ്ഞിരുന്നു. ചാക്കോച്ചന്‍ പറയുന്നത് ഇങ്ങനെ '' അല്ലെങ്കില്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചുപോകുമെന്നുള്ളത് ഉറപ്പായിരുന്നു. ഹ്യൂമര്‍, നെഗറ്റിവ് കഥാപാത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് പലരും ചോദിച്ചിട്ടുണ്ട്. അന്ന് ചെയ്യാന്‍ പറ്റാതെപോയ പല കഥാപാത്രങ്ങളും എല്‍സമ്മയിലെ പാലുണ്ണിയിലൂടെയും ട്രാഫിക്കിലെ ഏബലിലൂടെയുമൊക്കെ എനിക്ക് ചെയ്യാന്‍ സാധിച്ചു. റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രങ്ങളിലൊക്കെ ഹ്യൂമറിന്റെ അംശം ഭയങ്കരമായിട്ടുണ്ട്. ഞാന്‍ പറയുന്ന തമാശകള്‍ക്കൊക്കെ ആളുകള്‍ ചിരിച്ചിട്ടുണ്ട്. പിന്നെ അത്യാവശ്യം ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളും കാര്യങ്ങളുമുളള ട്രാഫിക്, സീനിയേഴ്‌സ്, വേട്ട പോലുളള സിനിമകളും സംഭവിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍ ഇതിനുമുന്‍പ് ചെയ്തിട്ടില്ലാത്ത ചലഞ്ചിങ് ആയിട്ടുളള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ സാധിച്ചു. അത് മനഃപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടുളളത് തന്നെയാണ്.''

താരം എന്നുള്ളത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല. ഞാനെപ്പോഴും ഒരു സാധാരണക്കാരനായിട്ടുതന്നെ എന്റെ നിലപാടുകളില്‍ നിന്നിട്ടേ ഉള്ളു. പഴയ സുഹൃത്തുക്കള്‍ തന്നെ അന്നും ഉണ്ടായിരുന്നു. അനിയത്തിപ്രാവ് എന്ന സിനിമ വളരെ പരിചയസമ്പത്തുള്ള ഫാസില്‍ എന്ന സംവിധായകനൊപ്പം ചെയ്തിട്ട് രണ്ടാമത്തെ സിനിമ നക്ഷത്രത്താരാട്ട് ഒരു പുതുമുഖ സംവിധായകനായ ശങ്കര്‍ വാളത്തുങ്കലിനൊപ്പമാണ് ചെയ്തത്. അതുപോലെതന്നെ കമല്‍ സാറിനൊപ്പമൊക്കെ വര്‍ക്ക് ചെയ്യുമ്പോഴും പ്രിയം ചെയ്തത് സനല്‍ എന്ന പുതിയ സംവിധായകനൊപ്പമായിരുന്നു. പുതിയ ആളുകള്‍ക്കൊപ്പം ആ സമയവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം വിജയിച്ചിട്ടുമുണ്ട്. എങ്കിലും താരം എന്നുള്ള രീതിയില്‍ ഞാനൊരിക്കലും എന്നെ പരിഗണിച്ചിട്ടില്ല, അല്ലെങ്കില്‍ ഞാനത് മനസിലാക്കിയിട്ടില്ല. അതായിരിക്കും ചിലപ്പൊ അതിന്റെ ശരിയായ പ്രയോഗം. ആസ്വദിച്ചിട്ടുണ്ട് എല്ലാം. പ്രണയ ലേഖനങ്ങളും കത്തുകളും ഫോണ്‍ കോളുകളും എല്ലാം.

കാമ്പസ് റൊമാന്റിക് വേഷങ്ങള്‍ ചെയ്യാന്‍ വേറെയാരും ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം അതുപോലുളള വേഷങ്ങള്‍ കൂടുതലായി എനിക്ക് ചെയ്യാന്‍ പറ്റിയത്. ഒരുപരിധിവരെ ആ ഇമേജിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് എനിക്ക് സിനിമകള്‍ ചെയ്യേണ്ടിവന്നു. ഒരു പരിധികഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് അത് ബോറടിച്ചുതുടങ്ങി. അപ്പോഴാണ് ഒരു ചെറിയ ഇടവേളയെടുത്തത്. തിരിച്ചുവന്നപ്പോള്‍ സപ്പോര്‍ട്ടിങ് റോളുകളും, സ്ത്രീ പ്രാധാന്യമുളള സിനിമകളും, മള്‍ട്ടിസ്റ്റാര്‍ സിനിമകളും ഒക്കെ ചെയ്തത്. പഴയ ഇമേജില്‍ നിന്ന് മാറി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെയുളള ചിത്രങ്ങള്‍ പിന്നീടുണ്ടായത്. ട്രാഫിക് സംഭവിച്ചത് അങ്ങനെയാണ്, ഹൗ ഓള്‍ഡ് ആര്‍ യു, ടേക്ക് ഓഫ് എല്ലാം ഉണ്ടാകുന്നതങ്ങനെയാണ്. മലയാളത്തിലെ ഏറ്റവും ജനുവിന്‍ സ്പൂഫ് ഫിലിമായ ചിറകൊടിഞ്ഞ കിനാവുകള്‍ ഉണ്ടായതും അങ്ങനെയാണ്. സിനിമയുടെ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്ല സിനിമകളുടെ ഭാഗമായിട്ട് ഞാന്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.

ഫാസിലിനെ ഫോണില്‍ വിളിച്ച് സ്‌നേഹമറിയിച്ച് കുഞ്ചാക്കോ ബോബന്‍

' ന്നാ താന്‍ കേസ് കൊട് ' എന്ന ചിത്രത്തിന്റെ സെറ്റില്‍ കേക്ക് മുറിച്ച് ഭാര്യയായ പ്രിയയ്ക്ക് നല്‍കി താരം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഗുരുനാഥനായ സംവിധായകന്‍ ഫാസിലിനെ പ്രഭാതത്തില്‍ തന്നെ ഫോണ്‍ വിളിച്ച് സ്‌നേഹ സ്മരണ പുതുക്കിയതായ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അനിയത്തി പ്രാവിന്റെ നിര്‍മ്മാതാവായ സ്വര്‍ഗ്ഗ ചിത്ര അപ്പച്ചനേയും ആ ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സ്മരിച്ചു. ചെറിയ ഒരു ഇടവേളയെടുത്ത് കരിയറിലേയ്ക്ക് തിരിച്ചു വരാന്‍ കാരണമായത് തന്റെ ഭാര്യയായ പ്രിയയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ചടങ്ങില്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നടീ നടന്‍മാരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു 1997 ല്‍ റിലീസായ ഈ ഫാസില്‍ ചിത്രത്തിലൂടെയാണ് മലയാളസിനിമയുടെ നിറുകയിലേക്ക് നിത്യഹരിതനായകനായ് കുഞ്ചാക്കോ ബോബന്‍ ആ ചുവന്ന ഹീറോ ഹോണ്ട സ്പളണ്ടര്‍ ബൈക്കില്‍ വന്നിറങ്ങിയത് .ശ്രീ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ' ന്നാ താന്‍ കേസ് കൊട് ' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ശ്രീ കുഞ്ചാക്കോ ബോബന്‍ ഇപ്പോഴുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രീകരിയ്ക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവ് ശ്രീ സന്തോഷ് ടി. കുരുവിളയാണ്. ജൂലൈ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.

ചാക്കോച്ചന്‍@25, റൊമാന്റിക് ഹീറോയില്‍ നിന്ന് വൈവിധ്യത തേടുന്ന നടനിലേക്ക്; അനിയത്തിപ്രാവ് 25 വര്‍ഷം ആഘോഷിച്ച് മലയാളം
കുഞ്ചാക്കോ ബോബന്‍ അഭിമുഖം: അഞ്ചാം പാതിര ട്രാഫിക് പോലെ എക്സൈറ്റ് ചെയ്യിച്ച സിനിമ, ഇനിയങ്ങോട്ട് മാറ്റങ്ങള്‍ക്കൊപ്പം 

Related Stories

No stories found.
logo
The Cue
www.thecue.in