2018 എന്ന വർഷവും പ്രളയവും മലയാളികൾക്കാർക്കും മറക്കാൻ കഴിയില്ല. പ്രളയക്കെടുതിയുടെ ഇരയായവരും, അവരെ സഹായിക്കാനായി എല്ലാം മറന്ന് മുന്നിട്ടിറങ്ങിയവരുമെല്ലാമായി ഏതെങ്കിലും വിധത്തിൽ എല്ലാ മലയാളിയുടെ മനസിലും ഒരു പ്രളയ ഓർമയുണ്ടാകും. ഈ വിഷയങ്ങൾ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രം മേയ് 5 ന് തിയേറ്ററുകളിലെത്തുകയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനൊപ്പം അഖിൽ പി ധർമജനും കൂടിചേർന്നാണ്. ചിത്രം പ്രളയ കാലത്തെ ചിത്രീകരിക്കുന്നുവെങ്കിലും ഡോക്യുമെന്ററിയല്ല, കഥ തന്നെയാണ് എന്ന് ചിത്രത്തിന്റെ കോറൈറ്റർ അഖിൽ പി ധർമജൻ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ചിത്രം ജനങ്ങളോട് ചേർന്നു നിന്ന് എഴുതപ്പെട്ടതാണെന്നും, രാഷ്ട്രീയഭിന്നിപ്പുണ്ടാക്കാൻ ചിത്രം ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
2018-ലേക്കും തിരക്കഥയെഴുത്തിലേക്കുമുള്ള എൻട്രി
പണ്ട് തൊട്ടേ അസ്സിസ്റ്റ് ചെയ്യാൻ അവസരം ചോദിച്ച് ജൂഡ് ഏട്ടന് മെസ്സേജ് അയക്കുമായിരുന്നു. എന്നാൽ അന്നൊന്നും അദ്ദേഹമത് കണ്ടില്ല. പിന്നീട് കുറേ കാലത്തിന് ശേഷം അദ്ദേഹം എന്നെ വിളിച്ച് നേരിൽ കാണാം എന്ന് പറഞ്ഞു. അന്ന് എൻ്റെ പുസ്തകങ്ങൾ പ്രസാധകർ ഒന്നും സ്വീകരിക്കാത്തത് കൊണ്ട് സ്വയം പബ്ലിഷ് ചെയ്ത് ബസ് സ്റ്റാന്റുകളിലും മറ്റും നടന്ന് വില്പനയായിരുന്നു ജോലി. ആദ്യ കാഴ്ചയിൽ തന്നെ സഹോദരതുല്യനായാണ് അനുഭവപ്പെട്ടത്. അന്ന് എന്റെ അടുത്ത പുസ്തകത്തെ പറ്റിയും, മറ്റു കഥകളെ പറ്റിയുമെല്ലാം പറഞ്ഞു. എന്റെ ആദ്യ പുസ്തകം അവിടെ വച്ചു വാങ്ങുകയും ചെയ്തു.
പ്രളയത്തിന് ശേഷം ഈ ചിത്രം പ്രഖ്യാപിക്കുമ്പോൾ ഞാൻ അതിൽ ഉണ്ടായിരുന്നില്ല. പുറത്തു നിന്നു നോക്കുന്ന ആളായിരുന്നു അന്ന് ഞാൻ. എന്റെ നാലാമത്തെ പുസ്തകത്തിന്റെ എഴുത്തിന്റെ സമയത്താണ് അദ്ദേഹം വിളിച്ച് ഒന്ന് കാണണം എന്ന് പറഞ്ഞത്. അന്ന് അദ്ദേഹം 2018 ന്റെ കഥ പറഞ്ഞു. കഥയെനിക്ക് ഇഷ്‌ടപ്പെടുകയും ചെയ്തു. എന്നാൽ എന്നോട് എഴുതാൻ പറയുമെന്ന് വിചാരിച്ചതല്ല. ആദ്യമായി തിരക്കഥയെഴുതുന്ന ഒരാൾക്ക് ഇത്രയും വലിയ പ്രോജക്ട് എങ്ങനെയാണ് തരുന്നത് എന്നാണ് ഞാൻ ചോദിച്ചത്. എനിക്ക് കോൺഫിഡൻസ് തന്നത് ജൂഡേട്ടനാണ്. പിന്നെ പെട്ടന്ന് തന്നെ ഞങ്ങൾ എഴുതാൻ തുടങ്ങി.
കൊവിഡ് മുടക്കിയ ഷൂട്ടിങ്
ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായി പ്രൊഡ്യൂസേഴ്‌സിന് കൈമാറിയപ്പോൾ അവരും പൂർണ്ണ പിന്തുണ നൽകി. പെട്ടന്ന് തന്നെ ചിത്രീകരണം തുടങ്ങി. 2019-ൽ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഷെഡ്യൂൾ തുടങ്ങുന്നതിന് മുൻപ് കൊവിഡ് വന്നു. പിന്നീട് ഷൂട്ടിങ് തുടങ്ങാൻ ഒരുപാട് സമയമെടുത്തു. ക്രൗഡ് വേണ്ട സിനിമയായത് കൊണ്ട് തന്നെ ഈ ചിത്രം ഷൂട്ട് ചെയ്യാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ കുറേക്കാലം കാത്തിരുന്നു. ഒരു സമയത്ത് നിന്നു പോയ ഒരു പ്രോജക്ട് ആയിപ്പോകുമോ എന്ന പേടിപോലും ഉണ്ടായി. അന്നൊക്കെ മാനസികമായി ബുദ്ധിമുട്ടി. കഴിഞ്ഞ ജൂണിലാണ് ഞങ്ങൾ വീണ്ടും ഷൂട്ടിങ് തുടങ്ങുന്നത്.
സിനിമ മുടങ്ങുന്ന സമയത്തും, പ്രതിസന്ധികൾ വരുമ്പോഴും ഞാനും ജൂഡേട്ടനും ഒരുമിച്ചായിരുന്നു. അന്ന് ഞങ്ങൾ ഒരുപാട് പള്ളികളിലും അമ്പലങ്ങളിലുമൊക്കെ കയറിയിറങ്ങിയിട്ടുണ്ട്. പരസ്പരം ധൈര്യം കൊടുത്താണ് ആ കാലത്ത് ഞങ്ങൾ നിലനിന്നു പോന്നത്. പിന്നീടാണ് ആർട്ട് ഡയറക്ടറായ മോഹൻ ദാസ് വരുന്നത്. അദ്ദേഹം വന്നത് ഒരു പോസിറ്റീവ് എനർജി തന്നു. ഈ സിനിമയിൽ ആർട്ടിന് വലിയ പ്രസക്തിയുണ്ട്. മഴയും വെള്ളവുമൊക്കെയാണ് വലിയ ഭാഗം. അദ്ദേഹം ഞങ്ങൾ ആവശ്യപ്പെടുന്നത് ഒക്കെയും ചെയ്തു തന്നിട്ടുണ്ട്. എങ്ങനെ ഈ സിനിമ വർക്ക് ഔട്ട് ചെയ്ത് എടുക്കും എന്നത് ആളുകൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം കാരണമാണ്.
കഥയാണ് ഡോക്യുമെന്ററിയല്ല
ഡോക്യുമെന്ററി സ്വഭാവം വരരുത് എന്ന നിർബന്ധമുണ്ടായിരുന്നു. നമ്മുടെ ഒക്കെ ജീവിതത്തിൽ സംഭവിച്ച പോലെ, സാധാരണ ജീവിതം ജീവിക്കുന്ന മനുഷ്യരെ പ്രളയം എങ്ങനെ ബാധിച്ചു എന്നതാണ് സിനിമ പറയുന്നത്. കേരളത്തിൽ സംഭവിച്ചത് എന്താണ് എന്ന് എല്ലാവർക്കും അറിയാം, അത് ഭംഗിയിൽ ഒരു കഥയാക്കിയില്ലെങ്കിൽ ആളുകൾക്കിഷ്ടപ്പെടുകയുമില്ല. കമേർഷ്യൽ സിനിമക്ക് വേണ്ട എന്റർടൈന്മെന്റ് എന്തൊക്കെ വേണോ, അതെല്ലാം ഞങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.
ജീവിതങ്ങൾ സിനിമയിൽ പകർത്തിയത്
ജനങ്ങൾ ഓരോരുത്തരും ഹീറോ ആയിരുന്നു അന്ന്. എല്ലാവരും അന്ന് തങ്ങളെക്കൊണ്ടാകുന്നത് ചെയ്തിട്ടുണ്ട്. ഒരു മെസ്സേജ് ഫോർവേഡ് ചെയ്യുന്നത് പോലും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഓരോ കാര്യങ്ങളും സോർട് ചെയ്ത്, അതുമായി ബന്ധപ്പെട്ട ആളുകളെ പോയി കണ്ട് സംസാരിച്ച് ആണ് സ്ക്രിപ്റ്റിംഗിലേക്ക് കടന്നത്. റെസ്ക്യൂ ടീമിലുണ്ടായിരുന്നവർ, പൊലീസ്, പ്രളയം ബാധിച്ചവർ തുടങ്ങി ഒരുപാട് പേരോട് സംസാരിച്ചു. വാർത്തകൾ കളക്ട് ചെയ്തു. റിസേർച്ച് ആയിരുന്നു ആദ്യം. ശേഷമാണ് കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും സൃഷ്ടിച്ചത്.
ടൊവിനോയുടെ അനുഭവങ്ങൾ സിനിമക്ക് തന്ന സംഭാവന
പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ മടിയുള്ളവരാണല്ലോ സെലിബ്രിറ്റീസ്, പക്ഷെ അന്ന് ടൊവിനോ ചേട്ടൻ ആളുകൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചയാളാണ്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്തു. അദ്ദേഹത്തിന് വളരെ അനായാസമായി അഭിനയിക്കാനും കഴിഞ്ഞു. ഒരുതരത്തിൽ പറഞ്ഞാൽ അദ്ദേഹം ജീവിക്കുകയായിരുന്നു.
അദ്ദേഹം മാത്രമല്ല, സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തരും ഇത് മികച്ച സിനിമയാക്കാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അവരുടെ മാക്സിമം എഫർട്ട് ഇട്ടിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി തുടങ്ങി എല്ലാവരും അവരുടെ ബെസ്റ്റ് തന്നിട്ടുണ്ട് ഈ സിനിമയിൽ.
ജൂഡിന്റെ വലിയ സിനിമ
ചെറിയ സിനിമകളാണ് ജൂഡേട്ടൻ ഇതുവരെ ചെയ്തിട്ടുള്ളത്. ഇത് ഒരു ലാർജ് സ്കെയിൽ പ്രൊജക്ട് ആയിരുന്നു. അദ്ദേഹത്തിന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സും പൂർണ്ണ സ്വാതന്ത്ര്യം തന്നിരുന്നു. വേണം എന്ന് പറഞ്ഞതെല്ലാം ഞങ്ങൾക്ക് സെറ്റിൽ കിട്ടിയിട്ടുണ്ട്. അവർക്ക് അത്ര വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിൽ. തീർച്ചയായും ജൂഡേട്ടനെ ഈ ചിത്രത്തിന്റെ പേരിൽ ആളുകൾ ഓർക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.
സിനിമ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചിട്ടില്ല
സിനിമയിൽ രാഷ്ട്രീയപരമായി ആരെയും വിമർശിച്ചിട്ടില്ല. ഒരു വിഷമഘട്ടത്തെ കേരളം ജാതിമത വ്യത്യാസമില്ലാതെ, പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് നേരിട്ട കഥയാണ് ഈ സിനിമ. നടന്ന ചില കാര്യങ്ങൾ പറഞ്ഞുപോയിട്ടുണ്ട്, പക്ഷെ അത് സാധാരണ ജനങ്ങളിൽ നിന്ന് വന്ന കാര്യങ്ങളാണ്. ഞങ്ങൾ മനുഷ്യരോട് ചേർന്നു നിന്നാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. അവരുടെ മനസ്സിലുള്ളതേ സിനിമയിലുള്ളൂ. പോരാത്തതിന് അന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരുമിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഈ ഒരു സിനിമ കൊണ്ട് ആളുകൾക്കിടയിൽ ഒരു ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.
2018 തിയേറ്ററിനുള്ള സിനിമയാണ്
ചിത്രം കൊവിഡിന് മുൻപ് തന്നെ പ്ലാൻ ചെയ്തതായതിനാൽ തിയേറ്ററുകളിലേക്ക് വേണ്ടി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആളുകൾക്ക് ഡെഡിക്കേറ്റ് ചെയ്തിട്ടുള്ള, ഇവിടെയുള്ള ആളുകളുടെ സിനിമയാണ് 2018. അവർ തിയേറ്ററുകളിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ആ കാലഘട്ടത്തെ നമ്മുടെ നാട് ഒന്നിച്ചു നിന്ന് എങ്ങനെ അതിജീവിച്ചുവെന്ന് നമ്മൾ ലോകത്തിന് അഭിമാനത്തോട് കൂടി കാണിച്ചു കൊടുക്കണം. അതാണ് ഇതിന്റെ ടൈറ്റിൽ, 'everyone is a hero' എന്നത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.