ദാമ്പത്യജീവിതത്തിലെ നുണകളെക്കുറിച്ച്, ആറ് വ്യത്യസ്ത കുടുംബങ്ങളുടെ കഥ, ഐഎഫ്എഫ്‌കെയില്‍ ഇടം നേടി ആയിരത്തൊന്ന് നുണകളും

ദാമ്പത്യജീവിതത്തിലെ നുണകളെക്കുറിച്ച്, ആറ് വ്യത്യസ്ത കുടുംബങ്ങളുടെ കഥ, ഐഎഫ്എഫ്‌കെയില്‍ ഇടം നേടി ആയിരത്തൊന്ന് നുണകളും
Published on

ഐ.എഫ്.എഫ്.കെ മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ആയിരത്തൊന്ന് നുണകള്‍. പത്ത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന തമര്‍ കെ. വി. യാണ് ചിത്രത്തിന്റെ സംവിധായകന്‍. പരസ്യചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ സജീവമായിരുന്ന തമറിന്റെ ജീവിതത്തിലെ വലിയ മോഹമാണ് സിനിമ. പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മാണം നിര്‍വഹിച്ച സിനിമ സംസാരിക്കുന്നത് ദാമ്പത്യ ജീവിതത്തെക്കുറിച്ചാണ്. 24 ദിവസത്തെ രാപ്പകലില്ലാത്ത അധ്വാനത്തിന്റെ ഫലമാണ് ആയിരത്തൊന്ന് നുണകള്‍ എന്ന് തമര്‍ പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖം വായിക്കാം.

എണ്‍പത് ശതമാനവും ഒറ്റ ലൊക്കേഷനില്‍

സിനിമയുടെ ഉള്ളടക്കം ദാമ്പത്യ ജീവിതമാണ്. ദാമ്പത്യ ജീവിതം, അതില്‍ നിന്നും വരുന്ന നുണകള്‍, ആ നുണകളുടെ പെര്‍സെപ്ഷന്‍ എന്നിവയൊക്കെയാണ് ചിത്രം സംസാരിക്കുന്നത്. സിനിമയുടെ 80 ശതമാനവും ഷൂട്ട് ചെയ്തിരിക്കുന്നത് ഒറ്റ ലൊക്കേഷനിലാണ്; അജ്മാനിലെ ഒരു വീടിനകമായിരുന്നു അത്. 6 വ്യത്യസ്ത കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. അഭിനയിച്ച എല്ലാ ആര്‍ട്ടിസ്റ്റുകളും വളരെ മനോഹരമായിട്ട് പെര്‍ഫോം ചെയ്തിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് വലിയ ചലഞ്ച് ആയിരുന്നു. 24 ദിവസത്തെ രാപകല്‍ ഇല്ലാതെയുള്ള അധ്വാനമായിരുന്ന ആയിരത്തൊന്ന് നുണകള്‍ എന്ന ഈ സിനിമ. എല്ലാവരും ഒരു പോലെ നിന്ന് സാധ്യമാക്കിയതാണ് ഈ ചിത്രം .

പത്ത് വര്‍ഷമായി പ്രവാസിയാണ്

ഞാന്‍ ഒരു പ്രവാസിയാണ്. 10 വര്‍ഷമായി യു.എ.ഇയില്‍ ജീവിക്കുന്ന ആളാണ്. പരസ്യ മേഖലയിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. കുടുംബം ഒക്കെ ഇവിടെയാണ്. അതുകൊണ്ടാണ് ഇവിടെനിന്നും സിനിമ ചെയ്യണം എന്ന് തീരുമാനിക്കുന്നത്. ഇതിന് മുന്നേ ചെയ്ത 72 kg എന്ന ഷോര്‍ട്ട് ഫിലിം ദുബായ് ഇന്റര്‍നാഷണന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സിനിമ ചെറുപ്പം മുതല്‍ തന്നെ വലിയ താല്‍പര്യമായിരുന്നു. 14 വയസ്സുള്ള സമയത്ത് ഷോര്‍ട്ട് ഫിലിം എടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. അവസാനമത് ഒരു മണിക്കൂര്‍ നീളമുള്ള ഔട്ടായി. റിയലിസ്റ്റിക് ഡ്രാമ വിഭാഗത്തില്‍ വരുന്ന സിനിമകള്‍ കാണാനായിരുന്നു ഇഷ്ടം. ഇറാനിയന്‍ സിനിമകള്‍ കാണാന്‍ നല്ല താല്‍പര്യമായിരുന്നു. പണ്ടു മുതലേ സിനിമ കൂടെയുണ്ട്. സിനിമയോട് എനിക്ക് പാഷന്‍ തന്നെയാണ്.

സക്കറിയയാണ് സലിം അഹമ്മദിലേക്കെത്തിച്ചത്

ഈ സിനിമയുടെ കഥയെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ആദ്യം പറഞ്ഞത് സുഡാനിയുടെയും ,ഹലാല്‍ ലൗ സ്റ്റോറിയുടെയും ഒക്കെ സംവിധായകനായ സക്കറിയയോടായിരുന്നു. അദ്ദേഹമാണ് എനിക്ക് സലിം അഹമ്മദിനെ പരിചയപ്പെടുത്ത് തരുന്നത്. അങ്ങനെ, അലന്‍സ് മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ് ഇതിന്റെ പ്രൊഡക്ഷന്‍ ഏറ്റെടുക്കുന്നു. അങ്ങനെയാണ് സിനിമ ഓണ്‍ ആവുന്നത്. ടി.പി.സുധീഷ് ,അഡ്വ ടി.കെ.ഹാഷിക് എന്നിവരാണ് സിനിമയുടെ കോ -പ്രൊഡ്യൂസേഴ്സ്. സിനിമയുടെ കഥയും സംവിധാനവും എന്റേതാണ്, തിരക്കഥ എഴുതിയിരിക്കുന്നത് ഞാനും ഹാഷിം സുലൈമാനും ചേര്‍ന്നാണ്.

എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം

13 അഭിനോതാക്കളാണ് സിനിമയില്‍ ഉള്ളത്. എല്ലം പുതിയ ആള്‍ക്കാരെ വെച്ച് ചെയ്യണം എന്നായിരുന്നു തീരുമാനം. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ ഈ 13 പേരെ നിങ്ങള്‍ കാണും. ആര്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്ന് പറയാന്‍ പറ്റില്ല, അത്തരത്തിലാണ് സിനിമയിലെ കഥാപാത്രങ്ങളെ എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്. ഓഡിഷന്‍ നടത്തിയാണ് എല്ലാവരെയും തെരഞ്ഞെടുത്തത്. 2000 ത്തോളം പേര്‍ ഓഡിഷനില്‍ പങ്കെടുത്തു. അതില്‍ നിന്നും കുറേ പേരെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ബാക്കി ആവശ്യം വന്ന ആര്‍ട്ടിസ്റ്റുകളെ കൊച്ചിയില്‍ വെച്ച് ഓഡിഷന്‍ നടത്തിയാണ് തെരഞ്ഞെടുത്തത്. അതൊരു ഓപ്പണ്‍ ഓഡിഷന്‍ അല്ലായിരുന്നു. നേരത്തെ ഷോര്‍ട്ട് ഫിലിമുകളിലും വെബ് സിരീസുകളിലും അഭിനയിച്ചിട്ടുള്ള ആള്‍ക്കാരെയാണ് ആ ഓഡിഷനില്‍ നിന്നും ചൂസ് ചെയ്തത്. 25 പേരെ വെച്ച് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് വിഭാഗം എച്ച്.ഒ.ഡി. ജിജോയ് പുളിക്കലിനെ വെച്ച് ഒരു ആക്ടിംഗ് വര്‍ക്ക്ഷോപ്പ് നടത്തി.

പുതുമുഖങ്ങളെ വെച്ചുള്ള സിനിമ ആയിരുന്നവെങ്കിലും സിനിമയിലെ ടെക്നീഷ്യന്മാരെല്ലാം പരിചയ സമ്പന്നരായിരുന്നു. സലിം അഹമ്മദ് ഒരു മെന്ററായിട്ട് സിനിമയുടെ ആദ്യാവസാനം കൂടെ നിന്നു, നല്ല ടെക്നീഷ്യന്മാരെയല്ലാം ഞങ്ങള്‍ക്ക് അവൈലബിള്‍ ആക്കി. സിനിമയുടെ എഡിറ്റര്‍ ഉണ്ടയുടെ എഡിറ്ററായിരുന്ന നിഷാദാണ്, സംഗീതം ചെയ്തിരിക്കുന്നത് നേഹയും, യാക്സണും ചേര്‍ന്നാണ്, ആര്‍ട്ട് ഡയറക്ഷന്‍ ചെയ്തിരിക്കുന്നത് കെട്ട്യോളാണെന്റെ മാലാഖയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന ആഷിഖാണ് , ഛായാഗ്രഹണം ചെയ്തിരിക്കുന്നത് ജൂണിന്റെ ഛായാഗ്രാഹകനായിരുന്ന ജിതിന്‍ സ്റ്റാന്‍സാണ്, സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് കുരുതിയുടെ ദൃശ്യത്തിന്റയും സൗണ്ട് ചെയ്ത അരുണ്‍ രാമവര്‍മ്മയാണ്, കളറിംഗ് ചെയ്തിരിക്കുന്നത് കുറുപ്പിന്റെ കളറിസ്റ്റായ ശ്രീക്ക് വാര്യറാണ്. ചിത്രം സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പി. വി .വൈശാഖാണ് അത് ചെയ്തിക്കുന്നത്. സിനിമയില്‍ പാട്ടുകളില്ലെങ്കിലും ,ഒരും തീം സോംഗ് ഉണ്ട് അന്‍വര്‍ അലിയാണ് അതിന്റെ രചന. ഇവരെല്ലം സിനിമയിലേയ്ക്ക് വരുന്നത് സിനിമയുടെ കണ്ടന്റ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ്.

സോകോള്‍ഡ് അവാര്‍ഡ് പടമല്ല

ഐ.എഫ്എഫ്.കെയ്ക്ക് അയക്കുന്നത് സെലക്ഷന്‍ കിട്ടണം എന്ന് കരുതിയൊന്നുമല്ല, പക്ഷേ, സിനിമയ്ക്ക് ഒരു ശ്രദ്ധ കിട്ടണമെങ്കില്‍ ഇത്തരത്തിലൊരു വേദിയില്‍ വരണം എന്നുള്ളത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഫെസ്റ്റിവല്‍ സിനിമ എന്ന് പറയുമ്പോള്‍ നമ്മള്‍ കരുതുന്ന തരത്തിലുള്ള ഒരു ഫോര്‍മാറ്റിലുള്ള സിനിമയൊന്നും അല്ല ഇത്. ആര്‍ക്കും റിലേറ്റ് ചെയ്യവുന്ന സംഭവവികാസങ്ങളുള്ള, 6 വ്യത്യസ്ത കുടുംബങ്ങളുടെ നിത്യജീവിതത്തിലെ സംഭവങ്ങള്‍ പറയുന്ന സിനിമയാണിത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ഒരേ സമയം കൊമേഴ്യ്സലും, ട്രീറ്റ്മെന്റില്‍ വ്യത്യാസവുമുള്ള സിനിമയും ആണല്ലോ. യിരത്തൊന്ന് നുണകള്‍ സോ കോള്‍ഡ് അവാര്‍ഡ് പടം ഒന്നുമല്ല.

പരസ്യത്തിന്റെ കളര്‍ഫുള്‍ പരിപാടി സിനിമയിലില്ല

പരസ്യത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ജിവിച്ചത്. അവിടുന്ന് കിട്ടിയ അറിവുകള്‍ സിനിമയ്ക്കു വേണ്ടിയും സഹായകമായിരുന്നു. ആര്‍ട്ട് എന്നുള്ള രീതിയിലാണ് സിനിമയെ ഞാന്‍ സമീപിച്ചത്. അതിന്റേറതായ ഒരു ഫ്രീഡം ഞാന്‍ എടുത്തിട്ടുണ്ട്. പരസ്യത്തിന്റെ ഒരു കളര്‍ഫുള്‍ പരിപാടിയൊന്നും സിനിമയില്‍ ഇല്ല. ക്രൂ മൊത്തം കൂടെ നിന്നതുകൊണ്ടാണ് എനിക്കത് സാധ്യമായത്. കൊമേഴ്സ്യലി മാര്‍ക്കറ്റ് ചെയ്യാന്‍ സ്‌കോപ്പ് ഉള്ള ഒരു സിനിമ ഒട്ടും കോംപ്രമൈസ് ചെയ്യാതെ ദുബായ് പോലൊരു സ്ഥലത്ത് ഷൂട്ട് ചെയ്തു എന്നത് തന്നെ പ്രൊഡക്ഷന്റെയും ,ക്രൂവിന്റെയും മനസാന്നിധ്യം കൊണ്ട് കൂടെയാണ് അത് സാധ്യമായത്

Related Stories

No stories found.
logo
The Cue
www.thecue.in