'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്

'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്
Published on

ആരെയും വേദനിപ്പിക്കാതെ സിനിമയിൽ നർമ്മം പറയണമെന്ന് സംവിധായകൻ സിദ്ദീഖ് തങ്ങളോട് പറഞ്ഞിരുന്നുവെന്ന് പൊറാട്ട് നാടകത്തിന്റെ രചയിതാവ് സുനീഷ് വാരനാട്. നാടിനകത്ത് നടക്കുന്ന ഒരു നാടകം പോലെ ആയിരിക്കണം സിനിമ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവം സിനിമയ്ക്കുണ്ട്. പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ കാലത്ത് ആ രീതിയിൽ നർമ്മം പറയാൻ സിദ്ദീഖിന്റെ നിർദ്ദേശങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് സുനീഷ് വാരനാട്‌ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം ഒക്ടോബർ 18 ന് തിയറ്ററുകളിലെത്തും. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടന്നുബന്ധിച്ച് ഓഗസ്റ്റ്‌ 9 നാണ് മുമ്പ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ വയനാട്ടിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിൻ്റേയും, ദുരന്തത്തിൻ്റേയും പശ്ചാത്തലത്തിൽ റിലീസ് തീയതി മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

സുനീഷ് വാരനാട്‌ പറഞ്ഞത്:

പൊറാട്ട് നാടകം സിനിമയിലെ നർമ്മം എന്ന് പറയുന്നത് റാംജി റാവു, മാന്നാർ മത്തായി സിനിമകളിലെ പോലെ അല്ല. കുറേക്കൂടെ രസമുള്ള തമാശകളാണ് ആ സിനിമകളിലുള്ളത്. പൊറാട്ട് നാടകം കുറേക്കൂടെ റിയലിസ്റ്റിക്കാണ്. ജീവിതത്തിൽ അങ്ങനെ ഒരു നർമ്മം പറയുമോ എന്ന് ചോദിച്ചാൽ ഇല്ല. ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ രാഷ്ട്രീയം ഇടപെടുമ്പോൾ സംഭവിക്കാവുന്ന കാര്യങ്ങളെ എഴുതിയിട്ടുള്ളു. നമുക്ക് ആരെയും വേദനിപ്പിക്കണ്ട എന്നാണ് സിദ്ദീഖ് സാർ എന്നോട് പറഞ്ഞത്. രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന ഒരു സ്വഭാവം ഈ സിനിമയ്ക്കുണ്ട്. സിദ്ധീഖ് സാർ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. നമ്മൾ ആരെയും വേദനിപ്പിക്കുന്നില്ലല്ലോ, ഇവിടെ നടക്കുന്ന കാര്യങ്ങൾ അല്ലെ പറയുന്നുള്ളു. പൊറാട്ട് നാടകം വെറുമൊരു നാടകമല്ല, നാടിനകത്ത് നടക്കുന്ന ഒരു നാടകമാണ്. ഇപ്പോഴത്തെ കാലത്ത് ഒരാളെ വേദനിപ്പിച്ചുകൊണ്ട് നമുക്ക് നർമ്മം പറയാൻ കഴിയില്ല. പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ കാലമാണ്. പൊക്കം, നിറം, വൈകല്യം എന്നിവയെ കളിയാക്കി നർമ്മം പറയാൻ പാടില്ല. ഈ സിനിമയിൽ അങ്ങനെ ഒരു നർമ്മം ഇല്ല. പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ കാലത്ത് ആ രീതിയിൽ നർമം പറയുന്നതിന് പിന്നിൽ സിദ്ദീഖ് സാറിന്റെ കൂടെ ബുദ്ധിയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in