മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലെെക്കോട്ടൈ വാലിബൻ ഇന്ത്യൻ സ്ക്രീൻ ഇതുവരെ കാണാത്ത ഒന്നാണെന്ന് മോഹൻലാൽ. വിശ്വസിക്കാനാവാത്ത ഷൂട്ടായിരുന്നു. കാലാവസ്ഥയും മറ്റുമായി പല ബുദ്ധിമുട്ടുകളുമുണ്ടായി. പക്ഷേ നമ്മൾ ചെയ്തിരിക്കുന്നത് ഒരു വലിയ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ലിജോ എന്താണെന്ന് നമ്മൾ പഠിച്ചോണ്ടിരിക്കുന്നേയുള്ളൂ, എല്ലാവർക്കും നന്ദി. സിനിമ ഓടുന്ന കാര്യം പിന്നെയാണ്. ഇന്ത്യൻ സ്ക്രീൻ ഇതുവരെ കാണാത്ത ഒന്നാണ് നാം ക്രിയേറ്റ് ചെയ്തിരിക്കുന്നത്
മോഹൻലാൽ
130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്.
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടിയെ നായകനാക്കി ലിജോ സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തെക്കുറിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ക്യു സ്റ്റുഡിയോയോട് പറഞ്ഞത്.
'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്. പിആര്‍ഓ പ്രതീഷ് ശേഖര്‍.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.