ടർബോയിലെ രണ്ടാമത്തെ ഇൻടോ മമ്മൂട്ടി അറിയാതെ എടുത്തതാണ് എന്ന് സംവിധായകൻ വെെശാഖ്. ഈ സിനിമയ്ക്ക് ഒരു മാസ്സ് ഇൻട്രോ വേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെയും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസിന്റെയും തീരുമാനം എന്നും അതുകൊണ്ട് തന്നെ സിനിമയിലെ ആദ്യത്തെ ഇൻട്രോ അവരുടേതും രണ്ടാമത്തെ ഇൻട്രോ തന്റേതുമാണെന്ന് വെെശാഖ് പറയുന്നു. മെഗാസ്റ്റാർ എന്ന ടെെറ്റിൽ വയ്ക്കാൻ മമ്മൂട്ടി സമ്മതിക്കാത്തതുകൊണ്ട് തന്നെ അദ്ദേഹത്തെ അറിയിക്കാതെയാണ് രണ്ടാമത്തെ ഇൻട്രോയിൽ മെഗാസ്റ്റാർ എന്ന ടെെറ്റിൽ വച്ചത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വെെശാഖ് പറഞ്ഞു.
വെെശാഖ് പറഞ്ഞത്:
ആദ്യത്തേത് സ്ക്രിപ്റ്റ് ഇൻട്രോ ആണ്. അത് മമ്മൂക്കയുടെയും മിഥുന്റെയും ഇൻട്രോ ആണ്. എന്റെ ഇൻട്രോ അല്ല. ഞാൻ വേറൊരു സാധനം പിടിക്കണമെന്ന് നോട്ടമിട്ട് വച്ചിട്ടുണ്ടായിരുന്നു. പള്ളിപ്പെരുന്നാൾ എന്ന പരിപാടി സ്ക്രിപ്റ്റിൽ ഉണ്ട്. ആദ്യത്തെ ഇൻട്രോയിൽ അവർ ഹാപ്പിയായിരുന്നു. അതിൽ അവരുടെ ന്യായം ശരിയായിരുന്നു. ജോസ് എന്ന കഥാപാത്രം അങ്ങനെയാണ്. അയാൾ ഒരു നാട്ടുമ്പുറത്തുകാരനാണ്, അയാൾക്ക് അമ്മയെ പേടിയാണ്. അതിന് അവർക്ക് ഒരു ബാക്ക് സ്റ്റോറിയുണ്ട്, ഇമോഷണൽ കണക്ഷനുണ്ട്. അപ്പോൾ ഇതിന് രണ്ടാമതൊരു ഇൻട്രോ പള്ളിപ്പെരുന്നാളിന് കുറച്ച് പരിപാടികളൊക്കെ ഞാൻ മനസ്സിൽ കണ്ടു വച്ചു. അപ്പോൾ മമ്മൂക്കയ്ക്ക് അത് എങ്ങനെയാണ് എടുക്കാൻ പോകുന്നത് എന്ന് അറിയില്ലായിരുന്നു. സെറ്റ് വർക്ക് ഒക്കെ നടക്കുന്നുണ്ട്. ഷൂട്ട് ചെയ്യുന്ന സമയമായപ്പോഴാണ് മമ്മൂക്ക എന്താണ് ഈ പരിപാടി എന്ന് ചോദിക്കുന്നത്, അപ്പോൾ ഞാൻ പറഞ്ഞു എന്തായാലും വണ്ടിയിൽ വരുമല്ലോ? അപ്പോൾ അത് ഇങ്ങനെ ചെറുതായിട്ട് ഒന്ന് കറക്കി എടുക്കണം എന്ന്. കുറച്ച് കഴിഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി ഇവൻ ഇത് എന്തോ ഇൻട്രോ പരിപാടിയാണ് ഒപ്പിക്കുന്നത് എന്ന്. അപ്പോൾ പുള്ളി പറഞ്ഞു എയ്.. അതിന്റെ ആവശ്യമൊന്നുമില്ല. നമ്മുടെ ഇൻട്രോ നേരത്തെ കഴിഞ്ഞല്ലോ? ഞാൻ ഇനി വണ്ടി നിർത്തി വന്ന് അടിച്ചാൽ മതിയല്ലോ എന്ന്. ഇത് രാത്രിയാണ് മുഴുവൻ ഷൂട്ടും നടക്കുന്നത്. ഒരു രണ്ട് മണി മൂന്ന് മണി ഒക്കെ ആയി കഴിയുമ്പോൾ പുള്ളി പോകും. എന്നിട്ട് ഞാൻ കുറേ ഷോട്ട് എടുക്കും. എന്നിട്ട് പുള്ളി വന്ന് കഴിഞ്ഞിട്ട് നെെസായിട്ട് ഒരോ ഷോട്ടും പറഞ്ഞ് എടുത്ത് വയ്ക്കും. കുറച്ച് കഴിഞ്ഞപ്പോൾ പുള്ളിക്ക് മനസ്സിലായി നമ്മളിത് ഇൻട്രോ പോലെയുള്ള പരിപാടിയാണ് പിടിക്കുന്നത് എന്ന്. കുറച്ച് ഞാൻ പറ്റിച്ചും കുറച്ച് പറഞ്ഞും ഒക്കെയാണ് ഞാൻ അത് എടുത്തത്.
മെഗാസ്റ്റാർ ഷോ എന്നത് മമ്മൂക്ക അറിഞ്ഞിട്ടേയില്ല. പണ്ട് മുതൽ തന്നെ പുള്ളി മെഗാസ്റ്റാർ എന്ന് വച്ച് പോസ്റ്റർ ഇടാൻ സമ്മതിക്കില്ല. എന്റെ അടുത്താണെങ്കിൽ ഫാൻസുകാർ മെസേജ് അയക്കുന്നത് മെഗാസ്റ്റാർ എന്ന് വയ്ക്കാതെ പരിപാടി നടക്കില്ല എന്നാണ്. എനിക്ക് രണ്ട് പേരെയും കൂടി നോക്കണമല്ലോ. അങ്ങനെ ഞാനൊരു സൂത്രപ്പണി ചെയ്തു വച്ചു. അവിടെ മാത്രം ലെെറ്റ് ഓഫ് ചെയ്തു വച്ചു. ആ ഷോട്ട് എടുക്കുന്നത് മൂന്നാമത്തെ ദിവസമാണ്. ആ ഭാഗത്തെ ലെെറ്റ് ഓഫ് ചെയ്തു വച്ച് ബാക്കിയെല്ലാം ഷൂട്ട് ചെയ്തു. ഒരു വണ്ടി വന്ന് നിന്നിട്ട് മമ്മൂക്ക തിരിഞ്ഞ് നോക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ കുറേയാൾക്കാർ ഇങ്ങനെ ഓടി വരുന്നു. അത് സ്വാഭാവികമായും ഒരു ആക്ഷൻ സിനിമയിൽ വരുന്ന ഷോട്ടാണ്. അങ്ങനെ പുള്ളി രണ്ട് തവണ റിഹേഴ്സൽ ഒക്കെയെടുത്തു. അപ്പോഴും ഞാൻ ലെെറ്റ് ഓൺ ചെയ്തില്ല. ടേക്കിൽ വന്നപ്പോൾ അപ്പോൾ ഞാൻ ലെെറ്റ് ഇടാൻ പറഞ്ഞു. ഇത് കഴിഞ്ഞ് പുള്ളി തിരിഞ്ഞു നോക്കുമ്പോഴാണ് ഈ സാധനം കാണുന്നത്. എന്നെയൊരു നോട്ടം നോക്കി. അങ്ങനെ ഞാൻ പറ്റിച്ചെടുത്തതാണ് അത് എന്നും വെെശാഖ് പറഞ്ഞു.