ടർബോയിലെ ചേസിങ് സീനിന് വേണ്ടി ഒരു കോടി രൂപയോളം വരുന്ന വണ്ടികൾ പൊട്ടിച്ച് കളഞ്ഞിട്ടുണ്ട് എന്ന് സംവിധായകൻ വെെശാഖ്. ചേസിങ് എന്നത് ആദ്യം വേണ്ടെന്ന് വച്ചതായിരുന്നു എന്നും എന്നാൽ സിനിമുടെ എഡിറ്ററായ ഷമീർ മുഹമ്മദിന്റെ നിർബന്ധ പ്രകാരമാണ് അത് ചെയ്യാൻ തീരുമാനിച്ചത് എന്നും വെെശാഖ് പറയുന്നു. ഓർജിനൽ റോഡിലായി രാത്രി 11.30 മുതൽ രാവിലെ അഞ്ച് മണി വരെയുള്ള സമയങ്ങളിൽ നാല് രാത്രികൾ കൊണ്ടാണ് ചേസിംങ്ങ് സീൻ ഷൂട്ട് ചെയ്ത് തീർത്തത് എന്നും അതിന് വേണ്ടി ഒരുപാട് സ്റ്റഡി നടത്തുകയും സ്റ്റോറി ബോർഡ് ഉണ്ടാക്കുകയും ചെയ്തു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വെെശാഖ് പറഞ്ഞു.
വെെശാഖ് പറഞ്ഞത്:
ഈ ചേസിന്റെ ക്രെഡിറ്റ് ഈ സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദിനാണ്. കാരണം അവനാണ് അത് വേണം എന്ന് പറഞ്ഞത്. ഞാൻ തന്നെ എന്റെ ദുർബല മനസ്സ് കാരണം ഇത് വേണ്ട എന്ന് പറഞ്ഞിരുന്നു. കാരണം ഒരുപാട് പെെസ വേണം അത് ചെയ്യാൻ. ഏകദേശം ഒരു കോടി രൂപയോളം വരുന്ന വണ്ടികൾ അതിന് വേണ്ടി നമ്മൾ പൊട്ടിച്ച് കളഞ്ഞിട്ടുണ്ട്, അപ്പോൾ ഇത് ആലോചിച്ചപ്പോൾ തന്നെ എനിക്ക് ടെൻഷനായി. ഷമീർ ഒറ്റ വാശി ഇത് ചെയ്യണം എന്ന് പറഞ്ഞിട്ട്. പിന്നെ അത് വേണമെന്ന് തീരുമാനിച്ച് കഴിഞ്ഞതിന് ശേഷം നമ്മൾ ഇത് എങ്ങനെ എക്സിക്യൂട്ട് ചെയ്യാം എന്നതിനെക്കുറിച്ച് ഭയങ്കരമായി ഡിസ്കഷൻ നടത്തി, സ്റ്റഡി നടത്തി, കുറേ റഫറൻസുകൾ കണ്ടു ആലോചിച്ചു. അങ്ങനെ ചിന്തിച്ച് പിന്നൊരു സ്റ്റോറി ബോർഡ് ഉണ്ടാക്കി ഷമീർ എഡിറ്റ് ചെയ്ത് മ്യൂസിക് ഇട്ട് കണ്ടിട്ടാണ് നമ്മൾ അത് ഷൂട്ട് ചെയ്തത്. ഷൂട്ട് ചെയ്തത് മൂന്നര ദിവസം മാത്രമേയുള്ളൂ. മൊത്തത്തിൽ അഞ്ച് ദിവസമാണ് നമ്മൾ അത് പ്ലാൻ ചെയ്തത്. ഓർജിനൽ റോഡിലാണ് നമ്മൾ അത് ഷൂട്ട് ചെയ്തിരിക്കുന്നത്. അപ്പോൾ വണ്ടികളല്ലേ മൊത്തം. അപ്പോൾ അവിടെ പെർമിഷൻ കിട്ടുന്നത് രാത്രി 11.30 ക്ക് ശേഷമാണ്. റോഡിൽ കൂടി മറ്റ് വണ്ടികൾ പോകുമ്പോൾ ഷൂട്ട് ചെയ്യാൻ പറ്റില്ല. രാവിലെ അഞ്ച് മണിയാവുമ്പോൾ റോഡിൽ കൂടി പാല് വണ്ടിയും മറ്റും ഒക്കെ വരാൻ തുടങ്ങും. അപ്പോൾ ഇതിന് ഇടെയിലായിരുന്നു ഷൂട്ട്. അങ്ങനെ ആ നാല് രാത്രികളിൽ ഈ സമയത്താണ് നമ്മൾ അത് ഷൂട്ട് ചെയ്ത് തീർത്തത്.
ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിർമാണം.