സിനിമ കഴിഞ്ഞ് ചേർത്ത് പിടിച്ച് ജോഷി സാർ പറഞ്ഞ വാക്കുകൾ എനിക്ക് കിട്ടിയ നാഷണൽ അവാർഡാണെന്ന് വിനോദ് ഗുരുവായൂർ

സിനിമ കഴിഞ്ഞ്  ചേർത്ത് പിടിച്ച്  ജോഷി സാർ പറഞ്ഞ വാക്കുകൾ എനിക്ക് കിട്ടിയ നാഷണൽ അവാർഡാണെന്ന് വിനോദ് ഗുരുവായൂർ
Published on

മിഷൻ സി സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷം സംവിധായകൻ ജോഷി അഭിനന്ദിച്ചതിനെ കുറിച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. സിനിമയെക്കുറിച്ച് ജോഷി പറഞ്ഞ വാക്കുകൾ ദേശിയ അംഗീകാരം ലഭിച്ചതിന് തുല്യമാണെന്ന് വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിലുണ്ടായപ്പോഴും, സിനിമ മാത്രമാണ് ജീവിതമെന്ന് ഉറപ്പിച്ചു നിന്നതിനു ആദ്യമായി കിട്ടിയ അംഗീകാരമാണെന്നും വിനോദ് ഗുരുവായൂർ കുറിച്ചു. നേരത്തെ സിനിമയിലെ പ്രകടനം നന്നായി എന്ന് പറഞ്ഞ് ജോഷി അഭിനന്ദിച്ചതായി മിഷൻ സിയുടെ ഭാഗമായ നടൻ കൈലാഷും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമെന്നായിരുന്നു ജോഷിയുടെ അഭിനന്ദനത്തെ കുറിച്ച് കൈലാഷ് കുറിച്ചത്.

വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക് പോസ്റ്റ്

ജോഷി സർ മിഷൻ സി യുടെ പ്രിവ്യൂ കണ്ടു എന്ന വിവരം നടൻ കൈലാഷ് തന്റെ fb പേജിലൂടെ അറിയിച്ചതിനു ശേഷം, എനിക്ക് വന്നു കൊണ്ടിരിക്കുന്ന ഫോൺ കാളുകൾ നിരവധി ആണ്. ഞാൻ ആദ്യമായി ചെയ്യുന്ന ആക്ഷൻ സിനിമ ജോഷി സർനു മുൻപിൽ ആദ്യം കാണിക്കാൻ കഴിഞ്ഞു എന്നത് എന്റെ മഹാഭാഗ്യം... പിന്നെ സിനിമ കഴിഞ്ഞു ചേർത്ത് പിടിച്ചു പറഞ്ഞ വാക്കുകൾ. എന്റെ കണ്ണ് ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു ആ സമയം. ഒരുപാടു പ്രതിസന്ധികൾ ജീവിതത്തിലുണ്ടായപ്പോഴും, സിനിമ മാത്രം ആണ് ജീവിതം എന്ന് ഉറപ്പിച്ചു നിന്നതിനു ആദ്യമായി കിട്ടിയ അംഗീകാരം.. ഗുരുനാഥൻ മനസ്സ് നിറഞ്ഞു തന്ന ഊർജം.. അത് മാത്രം മതി എനിക്ക് ഇനിയുള്ള പ്രയാണത്തിന്.....

'സകലകലാശാലയ്ക്ക് ശേഷം’ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഇടുക്കിയിലായിരുന്നു ‘മിഷന്‍ സി’യുടെ ചിത്രീകരണം നടന്നത്. അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക മീനാക്ഷി ദിനേശാണ്. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in