കമേഴ്സ്യലി വിജയിച്ച സിനിമകൾ വച്ച് ലെജന്റ്സിന്റെ കം ബാക്ക് അളക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. നേര് എന്ന ചിത്രം ഗംഭീര സിനിമയായിരിക്കും, പക്ഷേ അവർ ചെയ്തു വച്ചിട്ടുള്ള ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്ന് വിനയ് ഫോർട്ട് ചോദിക്കുന്നു. ഞാൻ പുറത്ത് പോയി കഴിഞ്ഞാൽ ഇവരുടെ അഡ്രസ്സിലാണ് നടക്കുന്നത്.
ഫിലിം സ്കൂളിൽ പഠിക്കുന്ന കാലത്ത് വാനപ്രസ്ഥം, അംബേദ്കർ പോലെയുള്ള സിനിമകൾ കണ്ടിട്ട് സുഹൃത്തുക്കൾ ഇത് എന്തൊരു സിനിമയാണ് എന്തൊരു അഭിനയമാണ് എന്ന് ചോദിച്ചിട്ടുണ്ടെന്നും നമ്മൂടെ ഐഡന്റിറ്റി അഡ്രസ്സ് തന്നെ മോഹൻലാലും മമ്മൂട്ടിയും ആണെന്നും വിനയ് ഫോർട്ട് പറയുന്നു. ഇവരുടെ കമേഴ്സ്യൽ സിനിമ വച്ചിട്ട് ഇവരെ റീഡ് ചെയ്യുന്നു എന്നതിൽ സങ്കടമുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു,
വിനയ് ഫോർട്ട് പറഞ്ഞത്:
കഴിഞ്ഞ ദിവസം എന്നോട് ആരോ പറഞ്ഞു നേര് എന്ന സിനിമ ലാലേട്ടന്റെ കം ബാക്ക് ആണെന്ന്. അപ്പോൾ ഞാൻ ആലോചിക്കുന്നത് നിങ്ങൾ ഈ ലെജൻഡ്സിന്റെ കം ബാക്ക് നിർണ്ണയിക്കുന്നത് ഒരു കമേഴ്സ്യലി സക്സസ്ഫുള്ളായ സിനിമയിലാണോ എന്നുള്ള ഭയങ്കരമായ ഒരു വിയോജിപ്പുണ്ട്. മമ്മൂക്ക വാത്സല്യം, വിധേയൻ, പൊന്തൻമാട, കോട്ടയം കുഞ്ഞച്ഛൻ തുടങ്ങി ഇത്തരം സിനിമകളിൽ പുള്ളി മാനത്താണ് നിൽക്കുന്നത്. ഭീഷ്മപർവ്വം ഞാൻ ലോക്കൽ തിയറ്ററിൽ പോയി കണ്ട് കയ്യടിച്ച സിനിമയാണ്. നേര് ഒക്കെ ഗംഭീര സിനിമകളായിരിക്കും. പക്ഷേ ഇവർ ചെയ്ത ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്നാണ്. ലെജൻഡിനെ ഒരു കൊമേഴ്ഷ്യൽ സിനിമ വച്ചിട്ട് അളക്കുന്ന പരിപാടി വളരെ തരംതാഴ്ന്ന ഒരു പ്രവൃത്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ പുറത്ത് പോയി കഴിഞ്ഞാൽ ഞാൻ ഇവരുടെ അഡ്രസ്സിലാണ് നടക്കുന്നത്. ഞാൻ ഫിലിം സ്കൂളിൽ പഠിക്കുന്ന കാലത്ത് വാനപ്രസ്ഥം, അംബേദ്കർ സിനിമകൾ ഒക്കെ കണ്ട് കഴിഞ്ഞിട്ട് ഞാൻ വന്ന് പുറത്ത് നിൽക്കുമ്പോൾ കൂടെയുള്ളവന്മാർ വന്നിട്ട് ക്യാ യാർ, ലാൽ സാർ ക്യാ ആക്ടിംഗ് കിയ ഹേ, എന്നൊക്കെ പറയുന്നത്. നമ്മുടെ ഐഡന്റിറ്റി അഡ്രസ്സ് തന്നെ ആ ലെജന്റ്സാണ്. അപ്പോ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നുന്നത് ഈ പറയുന്ന ഇവരുടെ കം ബാക്ക് അല്ലെങ്കിൽ ഇവരുടെ ഒരു കൊമേഴ്ഷ്യൽ സിനിമ വച്ചിട്ട് ഇവരെ റീഡ് ചെയ്യുന്നു എന്നത്. ഇത് വളരെ വ്യക്തിപരമായിട്ടുള്ള അഭിപ്രായമാണ്. വേറൊരാൾക്ക് തെറ്റായിട്ട് തോന്നാം. പത്തൊമ്പത് ദിവസത്തിലാണ് അമരം ഷൂട്ട് ചെയ്യപ്പെട്ടത് എന്ന് കേട്ടിട്ടുണ്ട്, അമരത്തിലെ മമ്മൂക്കയുടെ പെർഫോമൻസ് ക്വാളിറ്റിയുണ്ടല്ലോ ഞങ്ങൾ ഒക്കെ വളരെ ചെറിയ, കുഞ്ഞാൾക്കാരാണ്. എന്നിരുന്നാലും ഞങ്ങൾക്ക് ആട്ടം പോലെ ഒരു സിനിമ പുൾ ഓഫ് ചെയ്യാൻ 35 - 40 ദിവസം റിഹേഴ്സൽ ചെയ്യേണ്ടി വന്നു. അമരം എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചിട്ട് എന്റെ ജനറേഷനിലെ ഒരാൾക്ക് ആലോചിക്കാൻ പറ്റില്ല. ഇവരൊക്കെ ചെറിയ പ്രായത്തിലാണ് ഈ സാധനങ്ങളൊക്കെ ചെയ്തിരിക്കുന്നത്.
നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആട്ടം. ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോ. അജിത് ജോയ് നിർമ്മിച്ച ഈ ചിത്രം ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.' 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ചിത്രം നേടിയിരുന്നു. ആട്ടം ഒരു ആർട്ട് ഹൗസ് സിനിമയോ ഇൻഡിപെൻഡന്റ് സിനിമയോ അല്ലെന്നും വളരെ ഫാസ്റ്റ് പേസ്ഡ് ആയിട്ടുള്ള ഒരു സിനിമയാണിതെന്നും. ഇതിന്റെ വിഷയം യൂണിവേഴ്സൽ ആയത് കൊണ്ടാണ് സിനിമക്ക് ഫെസ്റ്റിവൽ സെലക്ഷൻസ് കിട്ടിയതെന്നും ആനന്ദ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം ജനുവരി 5ന് തിയറ്ററുകളിലെത്തും.