അടുത്ത കാലത്ത് വായിച്ചതില്‍ തനിക്കേറ്റവും കൗതുകമുണ്ടാക്കിയ സ്‌ക്രിപ്റ്റ് ആണ് കിഷ്‌കിന്ധാ കാണ്ഡമെന്ന് നടന്‍ വിജയ രാഘവന്‍. ഒരു വര്‍ഷം മുന്‍പേ ചിത്രത്തിന്റെ കഥ അറിയാമായിരുന്നു. എന്നിട്ടും സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അടുത്ത സീന്‍ എന്താണെന്നുള്ള കൗതുകമുണ്ടായി. താന്‍ ചെയ്യുന്ന കഥാപാത്രവും ഏറെ രസകരമാണ്. പ്രേക്ഷകര്‍ക്കും ചിത്രം രസകരമായി തോന്നുമെന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു. ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്‌കിന്ധാ കാണ്ഡത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ വിജയരാഘവന്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.
വിജയരാഘവന്‍ പറഞ്ഞത്:
ഈ അടുത്ത കാലത്ത് ഞാന്‍ വായിച്ച തിരക്കഥകളില്‍ ഏറ്റവും കൗതുകമുണ്ടാക്കിയ ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേത്. ഒരു വര്‍ഷം മുന്‍പേ ഇവര്‍ എന്നോട് ഇതിന്റെ കഥ പറഞ്ഞിരുന്നു. പക്ഷെ തിരക്കഥ വായിച്ചപ്പോള്‍ കുറേക്കൂടെ രസകരമായി തോന്നി. കഥ നേരത്തെ അറിഞ്ഞിട്ടു കൂടി അടുത്തതെന്താണെന്ന് കൗതുകം തോന്നിയ തിരക്കഥയായിരുന്നു ചിത്രത്തിന്റേത്. സിനിമ ഷൂട്ട് ചെയ്തപ്പോഴും സ്‌ക്രിപ്റ്റില്‍ വലുതായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ രസകരമായ അനുഭവമായിരുന്നു. എന്റെ കഥാപാത്രവും എനിക്ക് രസകരമായി തോന്നി. പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം.
ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. ഒരു റിസര്‍വ് ഫോറസ്റ്റിനടുത്ത് ജോലി ചെയ്യുന്ന യുവാവിന്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്ലേപ്പത്തി എന്ന റിസര്‍വ് ഫോറസ്റ്റും അവിടെ നടക്കുന്ന നക്‌സല്‍ പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. എ ടെയ്ല്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ് വില്ലിന്റെ നിര്‍മ്മാണത്തില്‍ പുറത്തുവരുന്ന ഇരുപത്തിയാറാമതു ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'.