തിരക്കഥ വായിക്കാന്‍ ചോദിക്കുന്നത് അപരാധമായി കരുതുന്ന സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു എന്ന് നടന്‍ വിജയരാഘവന്‍. സ്‌ക്രിപ്റ്റ് ചോദിക്കുന്നത് വലിയ കുഴപ്പമായിട്ടാണ് സംവിധായകര്‍ കണ്ടുകൊണ്ടിരുന്നത്. പല സംവിധായകരും സ്‌ക്രിപ്റ്റ് കയ്യില്‍ തന്നെ തരില്ലായിരുന്നു. സ്‌ക്രിപ്റ്റ് പഠിച്ചു പോയാല്‍ അഭിനേതാക്കള്‍ തങ്ങളുടെ രീതിയില്‍ അവതരിപ്പിക്കില്ല എന്നായിരുന്നു സംവിധായകര്‍ കരുതിയിരുന്നത്. കയ്യില്‍ നിന്ന് തിരക്കഥ തട്ടിപ്പറിച്ചെടുത്ത അനുഭവം ഉണ്ടായിട്ടുണ്ടെന്നും അടുത്ത കാലത്താണ് സ്‌ക്രിപ്റ്റ് മുഴുവനായി കയ്യിലേക്ക് തരുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു. കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രം സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.
വിജയരാഘവന്‍ പറഞ്ഞത്:
ഈ അടുത്ത കാലത്താണ് സ്‌ക്രിപ്റ്റ് മുഴുവനായി കയ്യിലേക്ക് തരുന്നത്. പണ്ടൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് ഇയാളെന്തിനാ സ്‌ക്രിപ്റ്റ് വായിക്കുന്നെ എന്ന്. അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞിട്ടാണോ നിങ്ങളെ വിളിച്ചത് എന്നെല്ലാം ചോദിക്കും. സ്‌ക്രിപ്റ്റ് ചോദിക്കുന്നത് വലിയ കുഴപ്പമായിട്ടാണ് കണ്ടുകൊണ്ടിരുന്നത്. സ്‌ക്രിപ്റ്റ് ചോദിക്കുന്നത് ഒരു അപരാധം തന്നെ എന്നുള്ള രീതിയിലാണ് സംവിധായകര്‍ ഇടപെട്ടുകൊണ്ടിരുന്നത്. ഇയാളാരാണ് അങ്ങനെ ചോദിക്കാന്‍ എന്നുള്ള ഭാവമായിരുന്നു എല്ലാവര്‍ക്കും. കഥാപാത്രത്തെ ഉള്‍ക്കൊള്ളേണ്ടത് നമ്മളാണല്ലോ. കഥാപാത്രം എത്തേണ്ടത് ഞാന്‍ എന്ന് പറയുന്ന ക്യാന്‍വാസിലൂടെ ആകണമല്ലോ. അതുകൊണ്ട് നമ്മളാണ് ആദ്യം സ്‌ക്രിപ്റ്റ് മനസ്സിലാക്കേണ്ടത്. മനസ്സിലാക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പിക്കേണ്ടത് സംവിധായകരാണ്.
കുറച്ചുകാലമേ ആയുള്ളൂ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ട്. ഇപ്പോള്‍ മിക്കവാറും ആളുകള്‍ സ്‌ക്രിപ്റ്റ് കൊണ്ടുതന്നിട്ട് വായിച്ചു നോക്കി അഭിപ്രായം പറയാന്‍ പറയും. അപ്പോഴും മുഴുവന്‍ സ്‌ക്രിപ്റ്റ് നെ പറ്റി ഞാന്‍ അഭിപ്രായം പറയാറില്ല. പറ്റുമെങ്കില്‍ അതില്‍ അഭിനയിക്കും. സ്‌ക്രിപ്റ്റ് വായന പണ്ടേ വേണ്ടതായിരുന്നു സിനിമയില്‍. ചില സംവിധായകര്‍ സ്‌ക്രിപ്റ്റ് കയ്യില്‍ തരില്ലായിരുന്നു. വായിച്ചു നോക്കാന്‍ സ്‌ക്രിപ്റ്റ് വാങ്ങിയാല്‍ അവര്‍ നമ്മളെ തന്നെ ശ്രദ്ധിക്കും. എടുക്കുന്ന സീനിനും അപ്പുറം എന്തെങ്കിലും വായിച്ചാല്‍ സ്‌ക്രിപ്റ്റ് തട്ടിപ്പറിച്ചെടുക്കും. സ്‌ക്രിപ്റ്റ് പഠിച്ചാല്‍ നടന്റെ രീതിയില്‍ അവതരിപ്പിക്കുമെന്നാണ് ആ സംവിധായകന്‍ വിചാരിച്ചിരുന്നത്. ഓരോ സംവിധായകരുടെ രീതിയാണ് അതെല്ലാം.