ലൈഗര്‍ സിനിമ ബോയ്‌ക്കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്ററില്‍ നടക്കുന്ന ക്യാംപെയിനില്‍ ഭയമില്ലെന്ന് തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട. 'നിങ്ങള്‍ ശരിയാണെന്നുണ്ടെങ്കില്‍ മറ്റാരെങ്കിലും പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ലെ'ന്നും വിജയവാഡയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വിജയ് ദേവരകൊണ്ട പ്രതികരിച്ചു. ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം സൈബര്‍ കാംമ്പെയ്‌നുകള്‍ നേരിടുന്ന ബിഗ് ബജറ്റ് സിനിമയാണ് പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍. നിര്‍മ്മാതാക്കളിലൊരാള്‍ കരണ്‍ ജോഹറാണെന്നതായിരുന്നു ചിത്രം ബോയ്‌ക്കോട്ട് ചെയ്യാനുള്ള പ്രധാന കാരണം.
2019 ല്‍ സിനിമയുടെ ആരംഭഘട്ടത്തില്‍ ഇത്തരം ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, 2020ന് ശേഷം ഷൂട്ടിങ്ങ് ആരംഭിച്ച ശേഷമാണ് ഇങ്ങനെയൊരു ട്രെന്റ് രൂപപ്പെടുന്നതെന്നും വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു. എന്നാല്‍ ആ സമയത്ത് കരണ്‍ ജോഹര്‍ അല്ലാതെ ലൈഗറിനെ ഇന്ത്യയാകെ എത്തിക്കാന്‍ സാധിക്കുന്ന മറ്റൊരു വ്യക്തിയുണ്ടായിരുന്നില്ല. അത്രകാലവും സുപരിചിതമല്ലാതിരുന്ന നോര്‍ത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ബാഹുബലിയെ കൊണ്ടെത്തിച്ച് നമുക്കത് കരണ്‍ ജോഹര്‍ കാണിച്ചു തന്നിട്ടുണ്ടെന്നും ദോവരകൊണ്ട കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന് വരുന്ന മറ്റ് ബോയ്കോട്ട് ആരോപണങ്ങളോടും താരം പ്രതികരിച്ചു. അവരെല്ലാം ഈ രാജ്യത്തുതന്നെയുള്ളവരാണ്, രാജ്യത്തിനും ജനങ്ങള്‍ക്കും എന്ത് ചെയ്തുവെന്നും അവര്‍ക്കറിയാം. കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരുന്ന് ട്വീറ്റ് ചെയ്യുന്ന ബാച്ചില്‍ പെട്ടവരാണ് അവരെന്നും വിജയ് പറഞ്ഞു. ഒപ്പം, ആരോപണങ്ങളില്‍ തനിക്ക് ഭയമില്ലെന്നും, കാരണം, സിനിമക്കുവേണ്ടി ഹൃദയവും ആത്മാവും സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
വിജയ് ദേവരകൊണ്ട നായകനാവുന്ന സിനിമ അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, റോണിത് റോയ് എന്നിവര്‍ക്ക് പുറമെ ഫൈറ്റര്‍ ബോക്‌സര്‍ മൈക് ടൈസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രീകരിച്ച ലൈഗര്‍ മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റവും ചെയ്തിട്ടുണ്ട്.