'തിരുവള്ളുവരെ കാവി പുതപ്പിക്കുന്നു,രാജരാജ ചോളനെ ഹിന്ദു രാജാവാക്കുന്നു'; സ്വതങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വെട്രിമാരന്‍

'തിരുവള്ളുവരെ കാവി പുതപ്പിക്കുന്നു,രാജരാജ ചോളനെ ഹിന്ദു രാജാവാക്കുന്നു'; സ്വതങ്ങള്‍  ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വെട്രിമാരന്‍
Published on

സിനിമയില്‍ രാഷ്ട്രീയമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എന്തുകൊണ്ട് സിനിമയിലൂടെ സ്വത്വത്തെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ച് സംവിധായകന്‍ വെട്രിമാരന്‍. നമ്മളുടെ പല അടയാളങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്, തിരുവള്ളുവരെ കാവിപുതപ്പിച്ചും, രാജരാജചോളനെ ഹിന്ദുരാജാവാക്കിയുമെല്ലാം അത് സംഭവിക്കുന്നു. നമ്മളുടെ ഈ സ്വത്വങ്ങള്‍ നമ്മള്‍ സംരക്ഷിക്കണം, നമ്മളുടെ സ്വാതന്ത്ര്യത്തിനായി നമുക്ക് പോരാടാന്‍ കഴിയണമെങ്കില്‍ നമ്മളുടെ രാഷ്ട്രീയത്തില്‍ വ്യക്തതയുണ്ടായിരിക്കണമെന്നും വെട്രിമാരന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ 51 ഇടങ്ങളില്‍ ഗാന്ധിജയന്തി ദിനത്തില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച മാര്‍ച്ചിനെ പ്രതിരോധിച്ചത് അതിന് ഉദാഹരണമാണെന്നും വെട്രിമാരന്‍ പറഞ്ഞു.

എംപിയും വിടുതലൈ കച്ചി നേതാവുമായ തിരുമാളവന്‍ ജന്മദിനാഘോഷത്തില്‍ സംസാരിക്കവെയാണ് വെട്രിമാരന്റെ പരാമര്‍ശം. ചോളരാജവംശത്തിന്റെ കഥ പറയുന്ന കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്ത് തൊട്ടുപിന്നാലെയാണ് രാജരാജ ചോളനെ ഹിന്ദുരാജാവാക്കി അവതരിപ്പിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് വെട്രിമാരന്‍ സംസാരിച്ചത്.

പുറത്ത് നിന്ന് പല സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെങ്കിലും തമിഴ്‌നാട് മതേതരമായി നിലകൊള്ളാന്‍ കാരണം, തമിഴ് സിനിമ ദ്രാവിഡിയന്‍ ആശയങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണെന്ന് വെട്രിമാരന്‍ പറഞ്ഞു. സിനിമയില്‍ രാഷ്ട്രീയമുണ്ടാകേണ്ടത് പ്രധാനപ്പെട്ടതാണ്. ദ്രാവിഡിയിന്‍ മുന്നേറ്റം തമിഴ് സിനിമയിലുണ്ടായപ്പോള്‍ അത് കലയ്ക്ക് വേണ്ടിയാണോ, അതോ ജനങ്ങള്‍ക്ക് വേണ്ടിയാണോ എന്ന ചര്‍ച്ചകളുണ്ടായിരുന്നു. അവര്‍ സിനിമയ്ക്ക് ഏസ്‌തെറ്റിക്‌സ് ഉണ്ടായിരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞു, അതും പ്രധാനപ്പെട്ടതാണ് പക്ഷേ ഒരു കലയും ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കാതെ പൂര്‍ണമാകില്ല. കല ജനങ്ങളുടെ ജീവിതത്തെ പ്രതിഫലിക്കുന്നതാകണം. അതുകൊണ്ട് തന്നെ കലയെ ശരിയായി കൊണ്ടുനടക്കണം.

കല രാഷ്ട്രീയമാണ്, നമ്മുടെ നിലനില്‍പ്പ് തന്നെ രാഷ്ട്രീയമാണ്. അറിഞ്ഞുകൊണ്ടോ അല്ലാതെയോ നമ്മള്‍ ചില രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടും. സാധാരണക്കാരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന കലയാണ് സിനിമ, അതുകൊണ്ട് തന്നെ സിനിമയില്‍ രാഷ്ട്രീയമുണ്ടാവണം.

വെട്രിമാരന്‍

ധനുഷിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ ചെയ്യുന്നതിന് മുന്‍പ് തിരുമാളവന്‍ തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും വെട്രിമാരന്‍ സംസാരിച്ചു.

ഒരൊറ്റ നായകന്‍ മാത്രം എങ്ങനെ സമൂഹത്തെ മാറ്റുന്നു എന്ന് നിങ്ങളുടെ സിനിമയില്‍ കാണിക്കുന്നത് അവസാനിപ്പിക്കൂ, എല്ലാ സിനിമാക്കാരും ആ തെറ്റ് ആവര്‍ത്തിക്കുന്നു, മാറ്റം എങ്ങനെയാണ് ഒരു മുന്നേറ്റത്തിലൂടെയുണ്ടാകുന്നതെന്ന് കാണിക്കൂ, അതായിരിക്കും നല്ലതെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും വെട്രിമാരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in