'ഇന്നും തൊട്ട് തീണ്ടായ്മ കൊണ്ടുനടക്കുന്നത് അപകടം, തിയേറ്റര്‍ എല്ലാവര്‍ക്കും സമം'; രോഹിണി തിയേറ്റിനെതിരെ വെട്രിമാരനും സൂരിയും; പ്രതിഷേധം

'ഇന്നും തൊട്ട് തീണ്ടായ്മ കൊണ്ടുനടക്കുന്നത് അപകടം, തിയേറ്റര്‍ എല്ലാവര്‍ക്കും സമം'; രോഹിണി തിയേറ്റിനെതിരെ വെട്രിമാരനും സൂരിയും; പ്രതിഷേധം
Published on

ചെന്നൈ രോഹിണി തിയേറ്ററില്‍ നിന്ന് നരിക്കുറവ വിഭാഗത്തില്‍പെട്ട കുടുംബത്തെ സിനിമ കാണാന്‍ അനുവദിക്കാതെ ഇറക്കി വിട്ട സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വെട്രിമാരനും നടന്‍ സൂരിയും. സാധാരണക്കാരെ ഉള്ളിലേക്ക് കയറ്റാന്‍ അനുവദിക്കാതെ തൊട്ട് തീണ്ടായ്മ കൊണ്ടുനടക്കുന്നത് അപകടമായ പോക്കാണ്. എതിര്‍പ്പുകളെ തുടര്‍ന്ന് അനുമതി കൊടുത്തിരുന്നെങ്കില്‍ പോലും, ഇത്തരം ഒരു സംഭവം നടന്നത് അപലപനീയമാണെന്ന് വെട്രിമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നൂറ് വര്‍ഷം മുന്‍പ് തൊട്ട് തീണ്ടായ്മയെ തിയേറ്ററുകള്‍ തകര്‍ത്തെറിഞ്ഞതാണ്. എന്നാല്‍ ഇന്ന് സാധാരണക്കാരെ ഉള്ളിലേക്ക് കയറ്റാന്‍ അനുവദിക്കാതെ തൊട്ട് തീണ്ടായ്മ കൊണ്ടുനടക്കുന്നത് അപകടമായ പോക്കാണ്. എതിര്‍പ്പുകളെ തുടര്‍ന്ന് അനുമതി കൊടുത്തിരുന്നെങ്കില്‍ പോലും, ഇത്തരം ഒരു സംഭവം നടന്നത് അപലപനീയം.

വെട്രിമാരന്‍

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചെന്നൈ രോഹിണി തിയ്യേറ്ററില്‍ നിന്ന് നരിക്കുറവ വിഭാഗത്തില്‍പെട്ട കുടുംബത്തെ ഇറക്കിവിടുന്ന വീഡിയോ വൈറലായത്. സംഭവത്തില്‍ വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരിയും പ്രതികരിച്ചു. 'തിയേറ്റര്‍ എല്ലാവര്‍ക്കും ഒരുപോലുള്ളിടമാണ്. ഏത് സിനിമ കാണാനാണ് അനുമതി നിഷേധിച്ചത് എന്നറിയില്ല എങ്കിലും തിയേറ്റര്‍ എല്ലാവര്‍ക്കും സമമാണ്, സൂരി മധുരയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ സിനിമ U/A റേറ്റഡ് സിനിമയായിരുന്നുവെന്നും പന്ത്രണ്ട് വയസ്സിന് കീഴെയുള്ള കുട്ടികളെ നിയമപ്രകാരം സിനിമ കാണിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കുടുംബത്തെ സിനിമ കാണാന്‍ അനുവദിക്കാതിരുന്നത് എന്നുമാണ് രോഹിണി തിയേറ്ററുടമകളുടെ അവകാശം. സംഭവത്തില്‍ ചെന്നൈ മൊഫ്യൂസില്‍ ടെര്‍മിനസ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കമല്‍ ഹാസനും, വിജയ് സേതുപതിയുമടക്കം സിനിമരംഗത്ത് നിന്നും കൂടുതല്‍ പേര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in