തമിഴകത്ത് മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരൻ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് നരപ്പയെ കുറിച്ച് സംവിധായകൻ വെട്രിമാരൻ. എഴുതുമ്പോള്‍ മനസില്‍ കണ്ട ശിവസാമിയുടെ അതേ രൂപത്തിലാണ് വെങ്കിടേഷെന്ന് വെട്രിമാരൻ പറഞ്ഞതായി നരപ്പയുടെ അണിയറപ്രവർത്തകർ. ശ്രീകാന്ത് അഡല സംവിധാനം ചെയ്ത നരപ്പയിൽ പ്രിയാമണിയാണ് മഞ്ജുവാരിയർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നരപ്പയിൽ സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
വെട്രിമാരൻ നരപ്പ ടീമിനോട് പറഞ്ഞത്
നരപ്പ കണ്ടതിന് ശേഷം അദ്ദേഹം നമ്മുടെ ടീമിലെ എല്ലാവരെയും അഭിനന്ദിച്ചു. അസുരൻ എഴുതുമ്പോൾ അറുപതുകാരനായ ശിവസാമിയുടെ റോളിൽ ആ പ്രായത്തിലുള്ള ഒരു തമിഴ് നടനെ വെച്ച് അഭിനയിപ്പിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീടാണ് ആ റോളിൽ ധനുഷ് എത്തിയത്. അറുപതുകാരനായി സ്‌ക്രീനിൽ എത്താൻ ധനുഷിന് മണിക്കൂറിനു നീണ്ട മേക്ക്അപ് ആവശ്യമായി വന്നു. അറുപതുകാരനായി ധനുഷ് എത്തിയാൽ പ്രേക്ഷകർ ഉൾക്കൊള്ളുമോ എന്ന കാര്യത്തിൽ വെട്രിമാരന് അല്പം ആശങ്കയുണ്ടായിരുന്നു. എഴുതുമ്പോള്‍ മനസില്‍ കണ്ട ശിവസാമിയുടെ അതേ രൂപത്തിലാണ് വെങ്കിടേഷെന്ന് വെട്രിമാരൻ പറഞ്ഞു. സിനിമയിലെ ഫ്‌ളാഷ്ബാക്കിനെ വ്യത്യസ്തമായ രീതിയിലാണ് നമ്മൾ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.