ഷങ്കറിന്റെ നിര്‍മ്മാണത്തിലുള്ള 'ഇംസൈ അരസന്‍ 24ാം പുലികേശി' പൂര്‍ത്തിയാക്കില്ലെന്ന് പ്രഖ്യാപിച്ച് നടന്‍ വടിവേലു. നാല് വര്‍ഷമായി നിലനിന്ന വിലക്ക് പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പുതിയ ചിത്രം നായ് ശേഖറിന്റെ വാര്‍ത്താസമ്മേളനത്തിലാണ് വടിവേലു വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. നാല് വര്‍ഷത്തെ വിലക്കില്‍ രണ്ട് വര്‍ഷം കൊറോണ കൊണ്ട് പോയെന്ന് തമാശയായി വടിവേലു.
സംവിധായകന്‍ ഷങ്കറിന്റെ എസ് പിക്ചേഴ്സ് നിര്‍മ്മിച്ച് ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ഇംസൈ അരസന്‍ 24ാം പുലികേശി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വടിവേലുവിനെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വിലക്കിയത്. 2017 ഓഗസ്റ്റ് മുതല്‍ ചിത്രീകരിക്കാനിരുന്ന സിനിമ വടിവേലുവിന്റെ നിസഹകരണം മൂലം നിര്‍ത്തിവെക്കേണ്ടി വന്നു എന്നായിരുന്നു ചിമ്പുദേവന്റെയും ഷങ്കറിന്റെയും പരാതി. 2017 നവംബറില്‍ നിര്‍മ്മാതാക്കളുടെ സംഘടന വടിവേലുവിനെ വിലക്കി. 10 കോടിയുടെ സെറ്റ് ഇട്ടത് ഉള്‍പ്പെടെ വടിവേലുവിന്റെ നിസഹകരണം മൂലം സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നായിരുന്നു ഷങ്കറിന്റെ ആരോപണം.
ഷങ്കറുമായും പുലികേശി ടീമുമായി നിലനിന്നിരുന്ന തര്‍ക്കം എങ്ങനെയാണ് പരിഹരിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വടിവേലു കൃത്യമായി മറുപടി നല്‍കിയില്ല. പുലികേശി ചെയ്യുന്നില്ല. ചരിത്ര സിനിമകള്‍ ചെയ്യാനുള്ള പ്ലാന്‍ ഏതായാലും ഇപ്പോള്‍ ഇല്ല. അന്ത ഏരിയാ പക്കം പോകമാട്ടേ എന്നായിരുന്നു ഷങ്കറിന്റെ പേര് എടുത്ത് പറയാതെ വടിവേലുവിന്റെ മറുപടി.
വടിവേലുവും ഷങ്കറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടതായി ടിഎഫ്സി പ്രസ് റിലീസിലൂടെ അറിയിക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചതിനെക്കാള്‍ വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യത്തെ തര്‍ക്കം. പാട്ടിന്റെ ഈണം മാറ്റാന്‍ വടിവേലു ആവശ്യപ്പെട്ടുവെന്നതിനെച്ചൊല്ലി തുടര്‍ന്നും പ്രശ്നമുണ്ടായി. സംവിധായകന്‍ ചിമ്പുദേവന്‍ തീരുമാനിച്ച സഹതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ വടിവേലു തയ്യാറാകാത്തതും സ്വന്തം കോസ്റ്റിയൂമറെ അനുവദിക്കണമെന്ന ആവശ്യവും എസ് പിക്ചേഴ്സിനും വടിവേലുവിനും ഇടയില്‍ തുടര്‍ന്നു ഭിന്നതകളുണ്ടാക്കി. ഓഗസ്റ്റില്‍ പത്ത് ദിവസം മാത്രമാണ് ഷൂട്ടിംഗ് നടന്നതെന്നും വടിവേലുവിന്റെ നിസഹകരണം മൂലം വലിയ തുക നഷ്ടമുണ്ടായെന്നും പ്രൊഡ്യൂസര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ഷങ്കര്‍ ആരോപിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് മേധാവി സുഭാസ്‌കരന്‍ ലണ്ടനില്‍ നിന്ന് നേരിട്ടെത്തിയാണ് തര്‍ക്കം പരിഹരിച്ചതെന്ന് വടിവേലു. തര്‍ക്കം പരിഹരിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്താനാകില്ല. ഷങ്കറിന് നഷ്ടപരിഹാരം നല്‍കിയോ എന്ന ചോദ്യത്തിന് വടിവേലു മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ചപ്പോള്‍ ശീഘ്രം സിനിമ ചെയ്യൂ വടിവേലേ എന്നായിരുന്നു പറഞ്ഞതെന്നും വടിവേലു.
തര്‍ക്കം പരിഹരിച്ചത് ലൈക്ക
തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ഇടനില നിന്നതോടെയാണ് എസ് പിക്ചേഴ്സും വടിവേലുവുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടത്. ഷങ്കറിന്റെ ഇന്ത്യന്‍ ടു എന്ന ചിത്രവും വടിവേലു ഇനി അഭിനയിക്കാനിരിക്കുന്ന സിനിമയും നിര്‍മ്മിക്കുന്നത് ലൈക്കയാണ്. സുരാജ് ആണ് ഈ സിനിമയുടെ സംവിധാനം. ഇംസൈ അരസന്‍ 23ാം പുലികേശി എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സീക്വലായി പ്രഖ്യാപിച്ചതായിരുന്നു ഇംസൈ അരസന്‍ 24ാം പുലികേശി. ഷങ്കര്‍ നിര്‍മ്മാണവും ചിമ്പുദേവന്‍ സംവിധാനവും നിര്‍വഹിച്ച 23ാം പുലികേശി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണ്. കൊമേഡിയന്‍ റോളില്‍ നിന്ന് നായകനായി വടിവേലുവിന് മാറ്റം കിട്ടിയ ചിത്രവുമായിരുന്നു പുലികേശി. പാര്‍വതി ഓമനക്കുട്ടനെ ആയിരുന്നു ഈ സിനിമയില്‍ നായികയായി നിശ്ചയിച്ചിരുന്നത്. തലൈ നഗരം എന്ന സിനിമയുടെ സ്പിന്‍ ഓഫ് ആണ് സുരാജ് സംവിധാനം ചെയ്യുന്ന നായ് ശേഖര്‍. ഈ ചിത്രത്തിലൂടെയാണ് വടിവേലുവിന്റെ തിരിച്ചുവരവ്.
വെട്രി മീത് വെട്രി വന്ന് എന്നൈ ചേരും എന്ന പാട്ട് പാടിയാണ് വടിവേലു ചെന്നൈയിലല്‍ നടത്തിയ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. വിലക്ക് ഉണ്ടായിരുന്ന കാലത്ത് നിരവധി പേര്‍ വിളിച്ചിരുന്നതായി വടിവേലു.
ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നതായും വടിവേലു. ഡി.എം.കെ അധികാരത്തില്‍ വന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്‌തെന്നും വടിവേലു.
നായ് ശേഖറില്‍ വടിവേലുവിന് നായികയില്ലെന്നും മുന്‍നിര നായിക അതിഥിതാരമായി എത്തുമെന്നും സംവിധായകന്‍.