‘ആദ്യം കരാര്‍ ലംഘിച്ചത് എംടി, തിരക്കഥ തരാന്‍ വൈകി’; രണ്ടാമൂഴം തര്‍ക്കത്തില്‍ 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീകുമാറിന്റെ നോട്ടീസ്
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ക്ക് സംവിധായകന്‍ ശ്രീകുമാറിന്റെ വക്കീല്‍ നോട്ടീസ്. സിനിമയ്ക്കായി മുടങ്ങിയ ചെലവുകളും നഷ്ടങ്ങളും എംടി നികത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. തിരക്കഥയുടെ പ്രതിഫലമായി എംടിയ്ക്ക് നല്‍കിയ രണ്ട് കോടി രൂപയും നാല് വര്‍ഷത്തെ ഗവേഷണത്തിനും മറ്റുമായി ചെലവഴിച്ച പന്ത്രണ്ടരക്കോടിയും പലിശ സഹിതം 20 കോടിയായി തിരിച്ചു നല്‍കണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു..
കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണെന്ന് നോട്ടീസില്‍ പറയുന്നു. തിരക്കഥയുടെ മലയാളം പതിപ്പ് എംടി നല്‍കിയത് പറഞ്ഞതില്‍ നിന്നും വൈകിയാണ്, അതിലും വൈകിയാണ് ഇംഗ്ലീഷ് പതിപ്പ് നല്‍കിയത്. നിര്‍മാതാവും സംവിധായകനുമായി ചര്‍ച്ച ചെയ്ത് തിരക്കഥയുടെ അന്തിമരൂപമായപ്പോഴേക്കും 18 മാസങ്ങള്‍ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്നും ഇത് കണക്കാകാകതെയാണ് എംടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തി കേസ് ഫയല്‍ ചെയ്തതെന്നും നോട്ടീസില്‍ ആരോപിക്കുന്നു.
എംടി കേസുമായി മുന്നോട്ട് പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനം മടുത്തെന്നും ശ്രീകുമാര്‍ പറയുന്നു
തിരക്കഥയുടെ പ്രതിഫലമായി 1.25 കോടി രൂപ എംടിക്ക് നേരിട്ടും 75 ലക്ഷം രൂപ എംടി നിര്‍ദേശിച്ച പെപ്പിന്‍ തോമസിനും ഇതുവരെ ആയി നല്‍കിയിരുന്നു. രണ്ട് കോടിയാണ് പ്രതിഫലമായി നിശ്ചയിച്ചത്. നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കുമായി 12 അരക്കോടിയും ചെലവാക്കിയിട്ടുണ്ട്. മുഴുവന്‍ തുകയും പലിശ ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി തിരിച്ചു തരണം.
മോഹന്‍ലാലിനെ കൂടാതെ അഭിനേതാക്കളായ ബെന്‍ കിന്‍സ്ലി, അജയ് ദേവ്ഗണ്‍, ജാക്കി ചാന്‍, മഹേഷ് ബാബു തുടങ്ങിയവരെയും സാങ്കേതിക വിദഗ്ധരായ റസല്‍ കാര്‍പെന്റര്‍, ഹാന്‍സ് സിമ്മര്‍, എആര്‍ റഹ്മാന്‍, സാബു സിറില്‍, റിച്ചാര്‍ഡ് റിയാന്‍ ലീ വിറ്റാക്കര്‍ തുടങ്ങിയവരെയും ചിത്രത്തിനായി സമീപിച്ചിരുന്നുവെന്നും അവരുമൊത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
നിക്ഷേപകരെ കണ്ടെത്തിയില്ല എന്ന എംടിയുടെ ആരോപണം തെറ്റാണെന്നും നോട്ടീസില്‍ പറയുന്നു. ആദ്യത്തെ നിര്‍മാതാവായ ബിആര്‍ ഷെട്ടി ചിത്രം പ്രഖ്യാപിച്ചപ്പോള്‍ എംടി സന്തോഷം അറിയിച്ചിരുന്നു. പിന്നീട് സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള കേസ് കാരണമാണ് ബിആര്‍ ഷെട്ടിയും പിന്നീട് വന്ന എസ് കെ നാരായണനും പിന്മാറിയതെന്നും ശ്രീകുമാര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നായിരുന്നു കരാര്‍. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് എംടി ശ്രീകുമാറിനും നിര്‍മ്മാണ കമ്പനിക്കുമെതിരെ നിയമനടപടിയാരംഭിച്ചത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഒത്തുതീര്‍പ്പിന് ശ്രീകുമാര്‍ ശ്രമിച്ചിരുന്നുവെങ്കിലും എംടി വഴങ്ങിയിരുന്നില്ല
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം