'ആ ഇംഗ്ലീഷ് പറയുന്ന സീനിൽ അവൾ അഭിനയിക്കാൻ മറന്നു പോയി'; അച്ചുവിന്റെ അമ്മയിലെ മീരാ ജാസ്മിനൊപ്പമുള്ള കോമഡി സീനിനെക്കുറിച്ച് ഉർവശി

'ആ ഇംഗ്ലീഷ് പറയുന്ന സീനിൽ അവൾ അഭിനയിക്കാൻ മറന്നു പോയി'; അച്ചുവിന്റെ അമ്മയിലെ മീരാ ജാസ്മിനൊപ്പമുള്ള കോമഡി സീനിനെക്കുറിച്ച് ഉർവശി
Published on

സിനിമയിൽ കോ ആർട്ടിസ്റ്റുമായുള്ള ബന്ധവും അവരിൽ നിന്ന് കിട്ടുന്ന ഊർജവും വളരെ വലിയ ഘടകമാണ് എന്ന് നടി ഉർവശി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് മീരാ ജാസ്മിൻ വളരെ മൂഡിയായ ഒരു കുട്ടിയായിരുന്നുവെന്നും എന്നാൽ ആദ്യത്തെ സീൻ എടുത്ത് കഴിഞ്ഞതിന് ശേഷം തങ്ങൾ വലിയ കൂട്ടായി എന്നും ഉർവശി പറയുന്നു. ചിത്രത്തിലെ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഇം​ഗ്ലീഷ് പറയുന്ന സീനിൽ മീരാ ജാസ്മിൻ അഭിനയിക്കാൻ മറന്നു പോയി. ഒരു കറി വയ്ക്കാൻ എന്തെങ്കിലും പറയൂ ഉർവശി എന്ന് പറഞ്ഞു. അത് മലയാളത്തിൽ നിന്ന് ഇം​ഗ്ലീഷിലേക്ക് ആക്കാനും പറഞ്ഞു. ടേക്ക് എടുത്തപ്പോൾ അയ്യോ ഞാൻ ഒന്നും ചെയ്തില്ല ചേച്ചിയെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് മീരാ ജാസ്മിൻ പറഞ്ഞത് എന്നും ആ സീനിൽ മീര ആസ്വദിച്ച് നോക്കി നിന്നെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവ്വശി പറഞ്ഞു.

ഉർവശി പറഞ്ഞത്:

നമ്മുടെ യാത്രയിൽ‌ നമ്മുടെ കൂടെയിരിക്കുന്ന സഹയാത്രികനാവട്ടെ അല്ലെങ്കിൽ അത് ആരുമാകട്ടെ, അവരിൽ നിന്നും നമുക്ക് കിട്ടുന്ന ഒരു ഊർജ്ജമുണ്ട് അതൊരു ചെറിയ യാത്രയാണെങ്കിൽ പോലും. അല്ലാതെ നിസം​ഗ ഭാ​വത്തിൽ നിൽക്കുന്ന ഒരു ആളിന്റെ മുന്നിൽ എന്ത് ചെയ്തിട്ട് എന്ത് കാര്യം. ഒരു കാര്യവുമില്ല. ഒരു ട്രെയിൻ യാത്ര തന്നെ ആലോചിച്ചു നോക്കൂ. അടുത്തിരിക്കുന്നവർ ബോറടിപ്പിക്കാത്ത നല്ല ആൾക്കാരാണെങ്കിൽ നമ്മൾ ആ യാത്ര അറിയില്ല. ചിലപ്പോൾ അവിടുന്ന് ഒരു സൗഹൃദം ഉണ്ടാവും. നല്ലൊരു ആത്മബന്ധം ഉണ്ടാവും. അതുപോലെ കോ ആർട്ടിസ്റ്റ് എന്നത് വളരെ പ്രധാനമാണ്. എന്റെ ജീവിതത്തിൽ ഒരു ആർട്ടിസ്റ്റുമായിട്ടും ഞാൻ മുഖം മുറിച്ചതായിട്ടോ എന്നോട് അവർ പിണങ്ങിയതായിട്ടോ എന്റെ ചരിത്രത്തിൽ‌ ഇല്ല. ഈ കഴിഞ്ഞ കാലത്താണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ലേഡി ആർ‌ട്ടിസ്റ്റുമായിട്ട്. പക്ഷേ എനിക്ക് അത് കണ്ടിട്ട് ചിരിയാണ് വന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ആ ഒരു ഇൻസിഡന്റ് മാത്രമേ ഉണ്ടായിട്ടുള്ളൂ. അച്ചുവിന്റെ അമ്മയിൽ അഭിനയിക്കുമ്പോൾ മീരാ ജാസ്മിൻ വളരെ മൂഡിയായ കുട്ടിയായിരുന്നു. പക്ഷേ വന്നിറങ്ങി ഒരു സീൻ എടുത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾ കൂട്ടായി. അങ്ങനെയൊരു കൂട്ടായ്മയിലൂടെ അല്ലാതെ ഒരു സിനിമയും നന്നാവില്ല. ആ ഇംഗ്ലീഷ് പറയുന്ന സീനിൽ അവൾ അഭിനയിക്കാൻ മറന്നു പോയി. അന്ന് റിഹേഴ്സൽ ഒന്നുമില്ല കാരണം ഫിലിമിൽ ആണെല്ലോ? ഒരു കറി വയ്ക്കാൻ എന്തെങ്കിലും പറയൂ ഉർവശി എന്ന് പറഞ്ഞു. അത് മലയാളത്തിൽ നിന്ന് ഇം​ഗ്ലീഷിലേക്ക് ആക്കിക്കോളാൻ പറഞ്ഞു. ടേക്ക് എടുത്തു. അയ്യോ ഞാൻ ഒന്നും ചെയ്തില്ല ചേച്ചിയെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. വൺ മോർ എടുക്കണം എന്ന്. വൺ മോർ എടുത്താൽ ഞാൻ തീർന്നു. എന്താ പറഞ്ഞത് എന്ന് എനിക്കേ ഓർ‌മ്മയില്ല. അങ്ങനെ പിന്നീട് ശ്രീബാലയാണ് മീരയുടെ ഡയലോ​ഗ്സ് എഴുതിയത്. പക്ഷേ ആ സീനിൽ അവൾ ആസ്വദിച്ചാണ് എന്നെ നോക്കി നിന്നത്.

2005ല്‍ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മീരാ ജാസ്മിൻ, ഉർവ്വശി, നരേൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു അച്ചുവിന്റെ അമ്മ. ഒരു അമ്മയും മകളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കഥയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്കാണ് ഉർവശിയുടേതായി ഇപ്പോൾ തിയറ്റുകളിലെത്തിയിരിക്കുന്ന പുതിയ ചിത്രം. കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in