'മുടന്തുള്ളവനെ ഞൊണ്ടി എന്ന് വിളിക്കുന്നതല്ല തമാശ'; മറ്റുള്ളവരെ പരിഹസിക്കുന്ന തരത്തിലുള്ള തമാശകൾ ഒരു കാലത്തും ചെയ്യില്ലെന്ന് ഉർവ്വശി

'മുടന്തുള്ളവനെ ഞൊണ്ടി എന്ന് വിളിക്കുന്നതല്ല തമാശ'; മറ്റുള്ളവരെ പരിഹസിക്കുന്ന തരത്തിലുള്ള തമാശകൾ ഒരു കാലത്തും ചെയ്യില്ലെന്ന് ഉർവ്വശി

Published on

അടുത്തിരിക്കുന്നവരെ കളിയാക്കി ചിരിപ്പിക്കുന്നതല്ല തമാശ എന്ന് നടി ഉർവ്വശി. കാലിൽ മുടന്തുള്ള ഒരാളെ നോക്കി ഞൊണ്ടി എന്ന് വിളിക്കുന്നത് തമാശ അല്ല എന്നും അത്തരത്തിലുള്ള തമാശ താൻ ചെയ്യില്ലെന്നും ഉർവ്വശി പറഞ്ഞു. ഒരു ചാനലിൽ പ്രോ​ഗ്രാമിന് ഇരിക്കുമ്പോൾ അത്തരം കോമഡി വരുമ്പോൾ ഞാൻ മാർക്ക് ഇടില്ല,. വട്ടം പൂജ്യം ഇട്ടു വയ്ക്കും. ഞാൻ ജ‍‍ഡ്ജായിരിക്കുമ്പോൾ അവരുടെ ടെൻഷൻ അതാണ്. അടുത്തിരിക്കുന്നവരെ കാക്കേ, എന്നോ കുരങ്ങ് എന്നോ വിളിച്ചാൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് ഞാൻ ആദ്യമേ പറയും. നിങ്ങൾക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുമോ? അതുകൊണ്ട് തന്നെ അത്തരത്തിലുള്ള തമാശകൾ കുറയണം എന്നും ബോഡിഷേമിം​ഗ് എന്നൊക്കെ ആളുകൾ തമാശയെ വിലയിരുത്തുന്നതിൽ സന്തോഷമുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവ്വശി പറഞ്ഞു.

ഉർവ്വശി പറഞ്ഞത്:

സിനിമയിലെ ഹ്യൂമർ അവതരിപ്പിക്കുമ്പോൾ പുരുഷന്മാർ ഉപയോ​ഗിക്കുന്ന അത്തരം ഭാഷകൾ നമുക്ക് ഉപയോ​ഗിക്കാൻ പറ്റില്ല. ആരെയും വേദനിപ്പിക്കാത്ത ഹ്യൂമർ എന്ന പറയുന്നത് അത് വളരെ ബുദ്ധിമുട്ടാണ്. ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങൾ ചിരിപ്പിക്കുകയാണ്. അതാണ് പലപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്,. ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കോമേഡിയൻ വേണം. പക്ഷേ ഞാൻ അത് ചെയ്യില്ല. ഞാൻ ഒരു കാലത്തും അത് ചെയ്യില്ല. കാരണം എന്താണെന്ന് വച്ചാൽ ആർക്കും വേദനിക്കാത്ത തമാശകൾ മാത്രമേ പറയൂ. അയാൾ കോമേഡിയൻ ആണെങ്കിലും അയാളുടെ വീട്ടിൽ അയാളാണ് രാജാവ്. അയാളുടെ മക്കളുടെ മുമ്പിൽ അയാളാണ് ഹീറോ. അപ്പോൾ അത്തരം വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ അത് ചിന്തിക്കണം. മൊടന്തുള്ള ആളെ നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോൾ ബോഡി ഷേയ്മിം​ഗ് എന്ന് വിളിക്കുമ്പോൾ എനിക്ക് സന്തോഷമാണ്. ഞാൻ ഒരു ചാനലിൽ പ്രോ​ഗ്രാമിന് ഇരിക്കുമ്പോൾ അത്തരം കോമഡി വരുമ്പോൾ ഞാൻ മാർക്ക് ഇടില്ല,. വട്ടം പൂജ്യം ഇട്ടു വയ്ക്കും. ഞാൻ ജ‍‍ഡ്ജായിരിക്കുമ്പോൾ അവരുടെ ടെൻഷൻ അതാണ്. അടുത്തിരിക്കുന്നവരെ കാക്കേ, എന്നോ കുരങ്ങ് എന്നോ വിളിച്ചാൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് ഞാൻ ആദ്യമേ പറയും. നിങ്ങൾക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുമോ? ഇത് കേട്ട് കൊണ്ടിരിക്കുന്നവന്റെ മക്കൾക്ക് വിഷമം വരില്ലേ? ഞാൻ അനുവദിക്കത്തതേ ഇല്ല. അത്തരം ഹ്യുമർ കുറയണം. ഞങ്ങൾക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന ചിലർ പറയും. പക്ഷേ ഞാൻ ചെയ്യില്ല. നമ്മൾ ഇങ്ങനെ ജനിച്ച് പോയത് നമ്മുടെ എന്തെങ്കിലും മൂല്യം കൊണ്ടാണോ? എനിക്ക് അത് ഇഷ്ടമല്ല, ഞാൻ ഇമോഷണലാവുകയും ചെയ്തു. ഒരു തമിഴ് ആക്ടറിന്റെ മാറുകണ്ണുണ്ടായിരുന്നു അദ്ദേഹത്തിന്. വളരെ ഫേമസായ ആക്ടറാണ് അദ്ദേഹം. എനിക്കന്ന് അത്ര പ്രായമില്ല കണ്ണ് അദ്ദേഹത്തെപ്പോലെ വച്ചു കൊണ്ട് എന്നോട് അഭിനയിക്കാൻ പറഞ്ഞു. എന്റെ ഡയലോ​ഗ് ഒക്കെ കഴിഞ്ഞപ്പോൾ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചു അല്ലേ മോളെ എന്ന് ചോദിച്ചു. അതെ അങ്കിൾ അവർ എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു എന്ന് പറഞ്ഞു. ഞാൻ ആ​ഗ്രഹിച്ച ജോലിയൊന്നും ഈ കണ്ണ് കൊണ്ട് എനിക്ക് കിട്ടിയില്ല, ഡ്രെെവിം​ഗ് ലെെസൻസ് പോലും എനിക്ക് തരില്ല എന്ന് പറഞ്ഞു. പിന്നെ ഈ കുറവ് എനിക്ക് സിനിമയിൽ പ്ലസ്സായി എന്ന് പറഞ്ഞു. ഞാൻ അന്ന് മുഴുവൻ കരഞ്ഞു. അതിന് ശേഷം ഞാൻ കുറച്ച് മനസ്സിലാക്കി. അവർക്ക് വിഷമം വരുന്നുണ്ട്. അപ്പോൾ അതൊന്നുമല്ല ഹ്യൂമർ. ഒന്നുകിൽ നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം. കെെപ്പുള്ള ഒരു മരുന്ന മധുരത്തിൽ പൊതിഞ്ഞ് കൊടുക്കുന്ന പോലെ.

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവ്വശി പാർവ്വതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്കാണ് ഉർവ്വശിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർ‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം ജൂൺ 21 ന് തിയറ്ററുകളിലെത്തും.

logo
The Cue
www.thecue.in