മേപ്പടിയാന് എന്ന സിനിമയില്‍ മുസ്ലിം വില്ലനെ ചിത്രീകരിച്ചു, സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചു തുടങ്ങിയ വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍.
ഉണ്ണി മുകുന്ദന്‍ പറഞ്ഞത്
ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ. ഏത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുമ്പോഴും അതില്‍ ക്ലാരിറ്റി പ്രധാനമാണ്. ഈ സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. മേപ്പടിയാന്‍ സിനിമയുടെ നല്ല കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം നായകന്‍ അമ്പലത്തില്‍ പോയി, മുസ്ലിം വില്ലന്‍, ക്രിസ്ത്യന്‍ വില്ലന്‍, സേവാഭാരതി ആംബുലന്‍സ് കാണിച്ചു എന്നിവയൊക്കെയാണ് ചര്‍ച്ചയാക്കിയത്. കേരളത്തില്‍ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നത്. ഫിലിമിബീറ്റിലാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
എന്നെ സംബന്ധിച്ച് ഈ വിവാദങ്ങള്‍ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാന്‍ സിനിമയുടെ ഒരു മെറിറ്റും ഡിസ്‌കസ് ആയില്ല. ശബരിമലയില്‍ പോകുമ്പോള്‍ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിന്‍ ഫീഡ് ബാക്ക് ആയി തോന്നിയത്. സിനിമ ചെയ്യാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എടുത്ത എഫര്‍ട്ട് ഒട്ടും ചര്‍്ച്ചയായില്ല.
സേവാഭാരതിയുടെ ആംബുലന്‍സ് മേപ്പടിയാന്‍ സിനിമയില്‍ ശൂ എന്ന് പോയ സംഭവമാണ്. സേവാഭാരതി എന്നത് കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഈരാറ്റുപേട്ട റോഡില്‍ നിങ്ങള്‍ നിന്നാല്‍ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോള്‍ സമൂഹത്തില്‍ ഇവര്‍ ഇല്ല എന്നൊന്നും നമ്മുക്ക് പറയാനാവില്ല. അതില്‍ ഒരു പൊളിറ്റിക്സുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രിയില്‍ പോയാല്‍ അതില്‍ എന്ത് പൊളിറ്റിക്‌സ് ആണ് ഉള്ളത്.
മേപ്പടിയാന്‍ തിയറ്ററില്‍ മികച്ച വിജയം നേടി. ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി. ഇതൊക്കെയാണ് ആ സിനിമയുടെ സന്തോഷം.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത് മാന്‍ എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെ പുതുതായി പ്രേക്ഷകരിലെത്തിയ ചിത്രം. റൊമാന്റിക് കോമഡി സ്വഭാവമുള്ള ഷഫീക്കിന്റെ സന്തോഷം ആണ് ഉണ്ണി മുകുന്ദന്‍ നായകനായ പുതിയ ചിത്രം.
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷഫീഖിന്റെ സന്തോഷം. ഉണ്ണിമുകുന്ദന്‍, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളം ആണ് സംവിധാനം ചെയ്യുന്നത്. ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബന്‍ സാമുവല്‍, ഹരീഷ് പേങ്ങന്‍, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലുണ്ട്.