'ഒരാളുടെ തൊഴിലിൽ നിന്ന് അയാളെ മാറ്റി നിർത്തുകയാണ്'; തന്നെ ബോധപൂർവ്വം സിനിമയിൽ മാറ്റിനിർത്തിയ ആളുകളുണ്ടെന്ന് സുബീഷ് സുധി

'ഒരാളുടെ തൊഴിലിൽ നിന്ന് അയാളെ മാറ്റി നിർത്തുകയാണ്'; തന്നെ ബോധപൂർവ്വം സിനിമയിൽ മാറ്റിനിർത്തിയ ആളുകളുണ്ടെന്ന് സുബീഷ് സുധി
Published on

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് സിനിമയിൽ പലരും മാറ്റിനിർത്തിയിട്ടുണ്ട് എന്ന് നടൻ സുബീഷ് സുധി. തന്നെ അവ​ഗണിച്ച ഒരുപാട് ആൾക്കാരുണ്ടെന്നും സിനിമയിലെ ഇപ്പോൾ കൊമ്പന്മാരായി നിൽക്കുന്ന പല ആളുകളും തന്നെ അഭിനയിക്കാനറിയാത്ത ഒരാളെപ്പോലെയാണ് കാണുന്നത് എന്നും സുബീഷ് പറയുന്നു. നമ്മളുടെ പേഴ്സണൽ ജേണിയിൽ നമുക്ക് പല വിഷമങ്ങളും ഉണ്ടായിട്ടുണ്ടാവും. ഏറ്റവും വിഷമം വരുന്നത് എന്താണെന്ന് വച്ചാൽ നമുക്ക് അഭിനയിക്കാൻ അറിയില്ല എന്ന് ഇവിടെ കൊമ്പന്മാരായി നിൽക്കുന്ന ചെറിയൊരു കൂട്ടം നമ്മളെക്കുറിച്ച് പറയുന്നതാണ്. ഒരാളുടെ തൊഴിലിൽ നിന്ന് അയാളെ മാറ്റി നിർത്തുകയാണ്. അത് വളരെ മോശമാണ്. അത് മാത്രമേ എനിക്ക് വിഷമമുള്ളൂ. സിനിമ ഏതൊരാൾക്കും പെർഫോം ചെയ്യാനുള്ള മാധ്യമമാണ്. എന്റെ സിനിമ ഇഷ്ടപ്പെട്ടാൽ ആളുകൾ അത് കാണും ഒരു സാധാരണ കുടുംബത്തിൽ നിന്നു വന്ന ഞാൻ ഇന്ന് നായകനായി ഒരു സിനിമ പൂർത്തിയാക്കി ഞാൻ ജീവനോടുള്ള കാലം വരെ ഞാൻ സിനിമയിലുണ്ടാവും എന്നും സുബീഷ് സുധി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുബീഷ് സുധി പറഞ്ഞത്:

ഞാൻ അനുഭവിച്ച സങ്കടങ്ങൾ പറയാനോ, വിഷമങ്ങൾ പറയാനോ ഞാൻ എവിടെയും പോയിട്ടില്ല. പക്ഷേ എന്നെ അവ​ഗണിച്ച ഒരുപാട് ആൾക്കാരുണ്ട്. ചില ഡയറക്ടേഴ്സ് ഞാൻ പേരൊന്നും പറയുന്നില്ല, എന്നെ അഭിനയിക്കാൻ അറിയാത്ത ഒരാളെപ്പോലെയാണ് കാണുന്നത്. ഞാൻ 18 വർഷമായിട്ട് സിനിമയിലുണ്ട്. എഴുപതോളം സിനിമകൾ ചെയ്തിട്ടുണ്ട്. ഈ സിനിമ ഇറങ്ങി കഴി‍ഞ്ഞ് എന്റെ പെർഫോമൻസിനെക്കുറിച്ച് പല ആൾക്കാരും പല അഭിപ്രായവും പറഞ്ഞു. എല്ലാരും പറ‍ഞ്ഞു ​ഗംഭീരമായി ചെയ്തിട്ടുണ്ട് എന്ന്. നമ്മളുടെ പേഴ്സണൽ ജേണിയിൽ നമുക്ക് പല വിഷമങ്ങളും ഉണ്ടായിട്ടുണ്ടാവും. ഏറ്റവും വിഷമം വരുന്നത് എന്താണെന്ന് വച്ചാൽ നമുക്ക് അഭിനയിക്കാൻ അറിയില്ല എന്ന് ചെറിയൊരു കൂട്ടം ഇപ്പോൾ ഇവിടെ കൊമ്പന്മാരായി നിൽക്കുന്ന ചില ആൾക്കാർ പറയുന്നുണ്ട്. ഒരാളുടെ തൊഴിലിൽ നിന്ന് അയാളെ മാറ്റി നിർത്തുകയാണ്. അത് വളരെ മോശമാണ്. അത് മാത്രമേ എനിക്ക് വിഷമമുള്ളൂ. ഒരിക്കൽ ഞാൻ തിരുവനന്തപുരത്ത് നിന്ന് ഒരു ചായ കുടിച്ചപ്പോൾ അവർ എന്നോട് പറഞ്ഞു മോന്റെ പെെസ വേണ്ട മോന്റെ അഭിനയം എനിക്ക് ഇഷ്ടമാണ് എന്ന്. കഥ പറയുമ്പോൾ എന്ന സിനിമ കഴിഞ്ഞ കാലത്താണ് അത്. സാധാരണക്കാരായ മനുഷ്യരുടെ ഇടനെഞ്ചിൽ ഞാനുണ്ട്. അവരിലാണ് എന്റെ വിശ്വാസം. ഞാൻ ജീവനുള്ളിടത്തോളം കാലം ഞാൻ സിനിമയിലുണ്ടാവും എന്നതിൽ എനിക്ക് ഉത്തമ ബോധ്യമുണ്ട്. സിനിമയിൽ നിന്ന് പുറത്താക്കാൻ ഞാൻ വലിയ സ്റ്റാർ ഒന്നുമല്ല. പക്ഷേ ചിലയാൾക്കാർ അവർ ബോധപൂർവ്വം എന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അതിന് എനിക്ക് കൃത്യമായ തെളിവുണ്ട്. പക്ഷേ ഞാൻ അതിൽ പ്രതികരിക്കാനില്ല. അവർ മനസ്സിലാക്കേണ്ടത് എന്താണെന്നാൽ ആരുടെയും കയ്യിലൊന്നുമല്ല സിനിമ. സിനിമ ഏതൊരാൾക്കും പെർഫോം ചെയ്യാനുള്ള ഒരു മാധ്യമമാണ്. നമ്മുടെ സിനിമ ഇഷ്ടപ്പെട്ടാൽ ആ സിനിമ കയറും. അതുകൊണ്ട് എനിക്ക് അത്തരം വിഷമങ്ങൾ ഒന്നുമില്ല. ഒരു സാധാരണ കുടുംബത്തിൽ നിന്നു വരുന്ന ഞാൻ നായകനായി ഒരു സിനിമ പൂർത്തിയാക്കി. ഇനിയും ഞാൻ പടമെടുക്കും.

സുബീഷ് സുധി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്ത ഒരു സർക്കാർ ഉത്പന്നം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. പുരുഷവന്ധ്യകരണം പ്രമേയമാക്കിയ ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. നിസാം റാവുത്തറിന്റേതാണ് തിരക്കഥ. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവരാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in