ദുല്‍ഖര്‍ സല്‍മാന്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് അഭിനയകലയുടെ ഉത്തുംഗപീഠം കയറുകയാണെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. മാധ്യമം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാം എന്നും അദ്ദേഹം പറയുന്നുണ്ട്.
സ്വന്തം പ്രതിഭ കൊണ്ടാണ് ദുല്‍ഖര്‍ ഉയരങ്ങളിലേക്ക് കയറുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിലെ പ്രതിഭയുടെ തിളക്കം കണ്ടിരുന്നു. പിന്നീട് വന്ന ഓരോ സിനിമകളിലൂടെ അത് കൂടുതല്‍ പ്രകടമായി വരുന്നതും കണ്ടുവെന്നും ടി.പത്മനാഭന്‍ പറഞ്ഞു.
'മമ്മൂട്ടിക്ക് വയസ് എഴുപത് ആയല്ലോ. ഇനിയും അദ്ദേഹം അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. അതിനുള്ള കഴിവൊന്നും അല്‍പ്പംപോലും ക്ഷയിച്ചിട്ടില്ല. ഞാന്‍ പറഞ്ഞുവരുന്നതിതാണ്, ഇനി വേണമെങ്കില്‍ അദ്ദേഹത്തിന് സംതൃപ്തിയോടെയും അഭിമാനത്തോടെയും വിശ്രമിക്കാം.
കാരണം അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് മെച്ചപ്പെട്ട് അഭിനയ കലയുടെ ഉത്തുംഗപീഠം കയറിക്കൊണ്ടേയിരിക്കുകയാണ്. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ തിളക്കം ഞാന്‍ കണ്ടിരുന്നു. പിന്നീട് വന്ന ഓരോ സിനിമകളിലൂടെ അത് കൂടുതല്‍ പ്രകടമായി വരുന്നതും കണ്ടു.
വിക്രമാദിത്യനും ജോമോന്റെ സുവിശേങ്ങളുമാണ് ഈയടുത്ത കാലത്ത് കണ്ട സിനിമകള്‍. ആ സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് മമ്മൂട്ടിക്ക് ഇങ്ങനെയൊരു മകനുണ്ടായതില്‍ അങ്ങേയറ്റം അഭിമാനിക്കാം എന്നാണ്.
ഇപ്പോള്‍ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം കണ്ടുവരുന്ന ഒരു ശീലമുണ്ട്. മക്കളെ കയറ്റിവിടുക. ഇത് സാഹിത്യത്തിലുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ് ഏതു മേഖലയിലാണെങ്കിലും സ്വന്തമായ കഴിവുണ്ടെങ്കില്‍ മാത്രമേ ശോഭിക്കാന്‍ പറ്റുകയുള്ളൂ. ഇവിടെ മമ്മൂട്ടിയുടെ മകന്‍ സ്വന്തം പ്രതിഭ കൊണ്ടാണ് ഉയരങ്ങളിലേക്ക് കയറിപ്പോകുന്നത്. ഒരു പിതാവിെന്റ സംതൃപ്തിയോടെ അദ്ദേഹത്തിന് അതു കാണാം', ടി.പത്മനാഭന്‍ പറഞ്ഞു.