തുടർച്ചയായി പ്രൊജക്ടുകൾ ചെയ്യാൻ താൽപര്യമില്ലെന്ന് സംഗീതസംവിധായകൻ സുഷിൻ ശ്യാം. കരിയറിൽ നിന്ന് വലിയ ഇടവേളകൾ ഒക്കെ എടുത്ത് സന്തോഷം തരുന്ന പ്രൊജക്ടുകൾ ചെയ്തു പോകാനാണ് താൽപര്യം എന്ന് സുഷിൻ പറയുന്നു. സമയമെടുത്ത് ആവശ്യമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്ത് മുന്നോട്ട് പോകാനുള്ള ലക്ഷ്വറി ഇപ്പോഴുണ്ടെന്നും അതുകൊണ്ട് തന്നെ അത്തരത്തിൽ സിനിമൾ തിരഞ്ഞെടുത്ത് ചെയ്യാനാണ് ആഗ്രഹമെന്നും ഉള്ളൊഴുക്ക് പോലെയുള്ള ചിത്രങ്ങൾ തന്റെ കരിയർ ഗ്രാഫിൽ വേണമെന്ന ആഗ്രഹമുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഷിൻ പറഞ്ഞു.
സുഷിൻ ശ്യാം പറഞ്ഞത്:
ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഭയങ്കരമായിട്ട് ആലോചിച്ചിട്ടില്ല. ഒരുപാട് ഇതിനെ നീണ്ടിക്കൊണ്ടുപോകാൻ സാധ്യതയില്ല എന്ന് തോന്നുന്നു. പക്ഷേ നമുക്ക് ഒന്നും പറയാൻ പറ്റില്ല. ഇപ്പോൾ എനിക്ക് 32 വയസ്സായി. ഇനിയും സമയമുണ്ട്. പക്ഷേ ഓവറാക്കില്ല എന്തായാലും. എനിക്ക് സന്തോഷം തരുന്ന സിനിമകളും പരിപാടികളും ഒക്കെ ചെയ്ത് അതിനിടയ്ക്ക് വല്യ ബ്രേക്ക് ഒക്കെ എടുക്കണം എന്നുണ്ട് അതാണ് എന്റെ ആഗ്രഹം. തുടർച്ചായായി പ്രൊജക്ട്സ് ചെയ്യണം എന്ന് താൽപര്യമില്ല. ബ്രേക്ക് ഒക്കെ എടുത്ത് ഇഷ്ടമുള്ള സമയം എടുത്ത് ചെയ്യണം എന്നാണ്. ഇപ്പോൾ എനിക്ക് ലക്ഷ്വറിയുണ്ട്. സമയത്തെ വാങ്ങിക്കാനുള്ള ലക്ഷ്വറിയുണ്ട് എനിക്ക് ഇപ്പോൾ. അപ്പോൾ പടം നോക്കി ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ചെയ്യാനുള്ള ഒരു സമയമുണ്ട്. അങ്ങനെ ആ സമയമെടുത്ത് ചെയ്യാം എന്നാണ്. ഇങ്ങനെയുള്ള സിനിമകളും എന്റെ പോർട്ട്ഫോളിയോയിൽ ഉണ്ടാവണം എന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്. ഇങ്ങനെയുള്ള പടങ്ങളും തിയറ്ററിൽ ഓടണം എന്ന് ആഗ്രഹമുണ്ട് എനിക്ക്. ആൾക്കാർ ഫാമിലിയായിട്ട് കയറി കണ്ട് കുറച്ച് കണ്ണൊക്കെ നിറഞ്ഞ് ഇറങ്ങുന്ന മോഡ് സിനിമകൾ നല്ലതായിരിക്കും. കണ്ണ് നനയിപ്പിക്കലാണല്ലോ ജോലി.
കുട്ടനാട്ടിൽ താമസിക്കുന്ന ഒരു കുടുബത്തിൽ നടക്കുന്ന മരണവും തുടർന്ന് ആ കുടുംബത്തിൽ ചുരുളഴിയുന്ന രഹസ്യങ്ങളുടെ കഥയുമാണ് ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിക്കുന്ന ഉള്ളൊഴുക്കിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്. ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത് ലീലാമ്മ എന്ന കഥാപാത്രമായി ഉർവ്വശിയും എത്തുന്നു. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെ ബാനറുകളില്‍ നിർമിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും നേടുന്നത്.