'സമൂഹത്തിൽ നമ്മൾ കാണുന്ന കുറേ കഥാപാത്രങ്ങൾ ഇതിനകത്തുണ്ട്'; നടന്ന സംഭവത്തെക്കുറിച്ച് സുരാജ് വെഞ്ഞാറന്മൂട്

'സമൂഹത്തിൽ നമ്മൾ കാണുന്ന കുറേ കഥാപാത്രങ്ങൾ ഇതിനകത്തുണ്ട്'; നടന്ന സംഭവത്തെക്കുറിച്ച് സുരാജ് വെഞ്ഞാറന്മൂട്
Published on

സമൂഹത്തിൽ നമ്മൾ കാണുന്ന കഥാപാത്രങ്ങൾ തന്നെയാണ് നടന്ന സംഭവത്തിലേതും എന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട്. തന്റേതായ ശരികളിലൂടെ ജീവിക്കുന്ന അജിത്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താൻ അവതരിപ്പിക്കുന്നത് എന്നും സ്വന്തം ഭാര്യയോട് ഒരാൾ അതിരുവിട്ട് പെരുമാറുമ്പോൾ എത്തരത്തിലാണ് ഒരാൾ പ്രതികരിക്കുക അതുപോലെ പ്രതികരിക്കുന്ന ഒരു കഥാപാത്രമാണ് നടന്ന സംഭവത്തിലെ അജിത്ത് എന്ന കഥാപാത്രം എന്നും സുരാജ് പറഞ്ഞു. രണ്ട് പേർ തമ്മിലുള്ള പ്രശ്നത്തിൽ മൂന്നാമതൊരാൾ ഇടപെടുകയും പിന്നീട് സിസ്റ്റം ആ പ്രശ്നത്തിൽ ഇടപെടുകയും ചെയ്യുമ്പോഴുള്ള സംഘർഷങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.

സുരാജ് പറഞ്ഞത്;

സൊസെെറ്റിയിൽ നമ്മൾ കാണുന്ന കുറേ കഥാപാത്രങ്ങൾ ഇതിനകത്തുണ്ട്. എന്റെ കഥാപാത്രത്തിന്റെ പേര് അജിത്ത് എന്നാണ്. അയാൾ വളരെ മാന്യമായിട്ട് കുടുംബം കൊണ്ടു പോകുന്ന ആളാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ശരികളാണ്. മാന്യമായിട്ട് കുടുംബം നോക്കുന്നു. ഒരു കുട്ടിയുണ്ട് ഭാര്യയുണ്ട്. ഞാനില്ലാത്ത സമയത്ത് എന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയോ, സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്തു കഴിഞ്ഞാൽ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുന്നത് അതാണ് ഞാൻ ഈ പടത്തിൽ ചെയ്തിരിക്കുന്നത്. ഇത് തെറ്റിദ്ധാരണകളാണ്. രണ്ട് പേര് തമ്മിൽ ചെറിയ ഒരു പ്രശ്നം ഉണ്ടെങ്കിൽ അവർ തമ്മിൽ അത് പറഞ്ഞ് തീർക്കേണ്ടതിന് പകരം വേറൊരാൾ അതിൽ ഇടപെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അത് പിന്നെ സിസ്റ്റത്തിലേക്ക് പോകുന്നു. പിന്നെ സിസ്റ്റം ഇടപെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അങ്ങനെ ഇതെല്ലാം കണക്ടായിട്ട് സിറ്റുവേഷൻ ഹ്യൂമറിൽ പോകുന്ന ഒരു സിനിമയാണ് നടന്ന സംഭവം.

ഒരു വില്ല കമ്യൂണിറ്റിയും അവിടുത്തെ താമസക്കാരും തമ്മിലുള്ള ചില പ്രശ്നങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിൽ ഉണ്ണിയായി ബിജു മേനോനും അജിത്തായി സുരാജും വേഷമിടുന്നു. ജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ നിർമാണം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ്. ചിത്രം ജൂൺ 21 ന് തിയറ്ററിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in