സിറ്റുവേഷൻ കോമഡിക്ക് സാധ്യതയുള്ള ഒരു ചിത്രമാണ് ഗ്ർർർ എന്ന് തോന്നിയത് കൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഇത് നടന്ന സംഭവമാണ് എന്നതാണ് ഈ സിനിമയുടെ കഥ കേൾക്കുമ്പോൾ ആദ്യം താൽപര്യം തോന്നിച്ച കാര്യമെന്നും മദ്യപിച്ച് ഒരാൾ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയതാണ് സംഭവം എന്നും പറഞ്ഞപ്പോൾ തന്നെ കഥയിൽ താൻ ഹുക്കായി കഴിഞ്ഞിരുന്നുവെന്നും സുരാജ് പറയുന്നു. പിന്നീട് മുഴുവൻ കഥയും വായിച്ചതിന് ശേഷം ഈ സിനിമയിൽ സിറ്റുവേഷൻ കോമഡിക്ക് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിട്ടാണ് ഗ്ർർർ ചെയ്യാൻ തീരുമാനിച്ചത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.
സുരാജ് പറഞ്ഞത്:
സിംഹത്തിന്റെ പോയിന്റിൽ ഒരാളെ നിർത്തിയിട്ട് നമ്മൾ അത് റിഹേഴ്സൽ ചെയ്യും. പിന്നെ ടേക്കിന്റെ സമയത്ത് അതില്ലാതെ വേണം ചെയ്യാൻ എന്നതാണ്. അത് കഷ്ടമുള്ള ജോലി തന്നെയായിരുന്നു . അതുപോലെ തന്നെ രസകരമായ പരിപാടിയും ആയിരുന്നു അത്. സിംഹം അവിടെ ഉണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് റിയാക്ഷൻ ഇടണം. സാധാരണ വെർബൽ ഹ്യൂമറുള്ള ചിത്രങ്ങൾ സമീപ കാലത്ത് ഇറങ്ങിയിരുന്നു. പക്ഷേ ഈ സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക് ഇതിൽ ഏറ്റവും ഇന്ററസ്റ്റായി തോന്നിയ കാരണത്തിൽ ഒന്ന് ഇത് നടന്നിട്ടുള്ളൊരു റിയൽ ഇഷ്യൂ ആണ് എന്നതാണ്. എന്നോട് ആദ്യമേ പറഞ്ഞു കള്ള് കുടിച്ചിട്ട് ഒരുത്തൻ എടുത്ത് എടുത്തു ചാടിയതാണ് ഇഷ്യു എന്ന്. അത് കൊള്ളാല്ലോ എന്നിട്ട്, അവിടെ തന്നെ എനിക്ക് ഹുക്കായി. എന്നിട്ട് ഞാൻ ഫുൾ ഇരുന്ന് മുഴുവൻ കഥയും വായിച്ചപ്പോൾ ഫുൾ സിറ്റുവേഷനാണ്, സിറ്റുവേഷൻ ഹ്യൂമറാണ് കഥയിൽ മുഴുവൻ. അങ്ങനെ സിറ്റുവേഷൻ കോമഡിക്ക് സാധ്യതയുള്ള സിനിമയാണ് എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ഞാൻ കയറി കെെ കൊടുത്തത്.
ജയ് കെ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗ്‌ർർർ. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേർന്നാണ്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂൺ 14 -ന് തിയറ്ററുകളിലെത്തും