ബിബിൻ ജോർജ് പാടി അഭിനയിച്ചപ്പോൾ 'ഗാനം നീയേ' എന്ന ഗുമസ്തനിലെ പാട്ടിന് പൂർണ്ണത തോന്നിയെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. ത്രില്ലർ സ്വഭാവമില്ലാത്ത ഒരു പാട്ടാണിത്. ചിലർ പാടി അഭിനയിക്കുമ്പോൾ അത് വളരെ യഥാർത്ഥമായി തോന്നും. ബിബിന് അങ്ങനെ ഒരു പ്രത്യേകതയുണ്ട്. ദൈവാനുഗ്രഹമാണ് ഈ കഴിവെന്ന് സ്റ്റീഫൻ ദേവസ്സി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സെപ്റ്റംബർ 27 ന് ഗുമസ്തൻ തിയറ്ററുകളിലെത്തി. ബിബിൻ ജോർജ്, ജെയ്സ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വക്കീൽ ഗുമസ്തൻ ആൻഡ്രൂസ് പള്ളിപ്പാടന്റെ വീടുമായി ചുറ്റിപ്പറ്റി നടക്കുന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥാതന്തു.
സ്റ്റീഫൻ ദേവസ്സി പറഞ്ഞത്:
ഗുമസ്തൻ ത്രില്ലർ ചിത്രമാണെങ്കിൽ കൂടി 'ഗാനം നീയേ' എന്ന പാട്ടിന് ത്രില്ലറിന്റെ ഫീൽ ഇല്ല. ലളിതമായ ഒരു പാട്ടാണത്. ബിബിൻ പാടി അഭിനയിച്ചിട്ടുള്ള പാട്ടാണ് 'ഗാനം നീയേ'. ആ പാട്ടിനെ സംബന്ധിച്ച് ബിബിൻ അതിന് ചുണ്ടനക്കി അഭിനയിച്ചപ്പോഴാണ് അതിന് പൂർണത വന്നതായി എനിക്ക് തോന്നിയത്. ഇത് കലക്കും എന്ന് തോന്നിയത് അപ്പോഴാണ്. ഞാൻ ഈ അടുത്ത കാലത്ത് സംഗീതം നൽകിയ മറ്റൊരു പാട്ടിലും അഭിനയിച്ചിരിക്കുന്നത് ബിബിനാണ്. ബിബിന് ഒരു പ്രത്യേകതയുണ്ട്. ചിലർ പാടി അഭിനയിക്കുമ്പോൾ അവർ ശരിക്കും പാടുന്നതായി തോന്നും. വളരെ സ്വാഭാവികമായിട്ടായിരിക്കും അത് വരിക. ബിബിന്റെ കാര്യത്തിലും അതുണ്ട്. അതൊരു ദൈവാനുഗ്രഹം ആണ്.
മലയാള സിനിമയിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പരിചിതനായ ജയ്സ് ജോസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. പുതുമുഖം നീമാമാത്യുവാണ് നായിക.