ജീത്തു, ഇത് ലോകനിലവാരമുള്ള രചന, മാസ്റ്റര്‍ പീസ്; ദൃശ്യം2 അമ്പരപ്പിച്ചെന്ന് രാജമൗലി

ജീത്തു, ഇത് ലോകനിലവാരമുള്ള രചന, മാസ്റ്റര്‍ പീസ്; ദൃശ്യം2 അമ്പരപ്പിച്ചെന്ന് രാജമൗലി
Published on

ദൃശ്യം രണ്ടാം ഭാഗം വന്‍വിജയമായതിന് പിന്നാലെ തെലുങ്ക് റീമേക്ക് ഒരുങ്ങുമ്പോള്‍ അഭിനനന്ദനവും പ്രശംസകളുമായി സംവിധായകന്‍ എസ്. എസ്. രാജമൗലി. സംവിധായകന്‍ ജീത്തു ജോസഫിനെ അഭിനന്ദിച്ചാണ് രാജമൗലിയുടെ സന്ദേശം.

എല്ലാത്തിനും മീതെ ദൃശ്യം തിരക്കഥ ലോകനിലവാരത്തിലുള്ളതാണെന്ന് രാജമൗലി ജീത്തു ജോസഫിന് അയച്ച സന്ദേശത്തില്‍ പറയുന്നു. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍പീസാണെന്നും രാജമൗലി ജീത്തുവിനയച്ച ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ജീത്തു ജോസഫ് തന്നെയാണ് സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

രാജമൗലിയുടെ സന്ദേശത്തില്‍ നിന്ന്

ജീത്തു, കുറച്ചുദിവസം മുമ്പ് ദൃശ്യം സെക്കന്‍ഡ് കണ്ടു. ദൃശ്യം സെക്കന്‍ഡിന് പിന്നാലെ ആദ്യഭാഗവും കണ്ടു. ദൃശ്യം ഫസ്റ്റിന്റെ തെലുങ്ക് പതിപ്പായിരുന്നു റിലീസായപ്പോള്‍ കണ്ടിരുന്നത്. ദൃശ്യം സെക്കന്‍ഡ് ഡയറക്ഷനും തിരക്കഥയും എഡിറ്റിംഗും അഭിനയവുമെല്ലാം അമ്പരപ്പിക്കുന്നതാണ്. പക്ഷേ സിനിമയുടെ തിരക്കഥ അതിനുമപ്പുറം മറ്റെന്തോ ആണ്. അതേ, അത് ലോക നിലവാരമുള്ള ഒന്നാണ്. ദൃശ്യം ആദ്യഭാഗം മാസ്റ്റര്‍ പീസ് ആയിരുന്നെങ്കില്‍, ആദ്യഭാഗത്തോട് ഇഴചേര്‍ന്നുപോകുന്നു രണ്ടാം ഭാഗം, അത്ര തന്നെ കെട്ടുറപ്പുള്ള അവതരണം, ബ്രില്യന്‍സില്‍ കുറഞ്ഞതൊന്നുമല്ല ഈ സിനിമ. കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ നിങ്ങളില്‍ നിന്നുണ്ടാകട്ടെ.

മോഹന്‍ലാലിനെ നായകനാക്കിയ ദൃശ്യം സെക്കന്‍ഡ് മലയാളത്തിന് പിന്നാലെ ജീത്തു ജോസഫ് തന്നെയാണ് വെങ്കടേഷ് നായകനായ തെലുങ്ക് പതിപ്പ് ഒരുക്കുന്നത്. മീനയാണ് നായിക. ഹൈദരാബാദിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in