'വരവേൽപ്പ്' എന്റെ അച്ഛന്റെ അനുഭവം, സന്ദേശത്തിലൂടെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ശ്രീനിവാസൻ

'വരവേൽപ്പ്' എന്റെ അച്ഛന്റെ അനുഭവം, സന്ദേശത്തിലൂടെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ശ്രീനിവാസൻ
Published on

വരവേൽപ്പ് എന്ന സിനിമ സ്വന്തം അച്ഛന്റെ ജീവിതാനുഭവമാണെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛൻ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയിൽ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാർട്ടിക്കാർക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂർഷ്വാസിയുമായി. എന്നിട്ട് ശത്രുവിനെപ്പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് വാടകവീട്ടിലായെന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞു. സന്ദേശത്തിന് ശേഷമാണ് തന്നെ അരാഷ്ട്രീയവാദിയാക്കി ചിത്രീകരിക്കുവാൻ തുടങ്ങിയതെന്ന് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

'വരവേൽപ്പ്' എന്റെ അച്ഛന്റെ അനുഭവം, സന്ദേശത്തിലൂടെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ശ്രീനിവാസൻ
ബുദ്ധിയില്ലാത്തപ്പോൾ എസ് എഫ് ഐ; സാമാന്യ ബുദ്ധി വന്നപ്പോൾ ട്വന്റി ട്വന്റി; ഇനിയും മാറിയേക്കാം; പി ജയരാജന് മറുപടിയുമായി ശ്രീനിവാസൻ

ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞത്

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരളീധരനുണ്ടായ അനുഭവങ്ങൾ എന്റെ അച്ഛനു സംഭവിച്ചതാണ്. അന്നത്തെ പാർട്ടിക്കാരുടെ മാനസിക വളർച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിനു വരുത്തിവച്ചത്. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛൻ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയിൽ പണയം വച്ച് ഒരു ബസ് വാങ്ങി. ബസുടമ ആയതോടെ സ്വന്തം പാർട്ടിക്കാർക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂർഷ്വാസിയുമായി. എന്നിട്ടു ശത്രുവിനെപ്പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് ഞങ്ങൾ വാടകവീട്ടിലായി. ജപ്തി ചെയ്ത  വീട് തിരിച്ചെടുത്തേ ഞങ്ങളുടെ കൂടെ  താമസിക്കാൻ വരൂ എന്ന് ശപഥമെടുത്ത്  അച്ഛൻ വരാതിരുന്നു. അതൊന്നും നടന്നില്ല. കുറേ കഴിഞ്ഞപ്പോൾ അതേ വാടകവീട്ടിലേക്ക് അദ്ദേഹത്തിനു വരേണ്ടി വന്നു.

സിനിമയിൽ ഉത്സവത്തിനു സ്പെഷൽ ഓട്ടം വഴി കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാർഥത്തിൽ ഉള്ളതാണ്. ആറു മാസം കഴിഞ്ഞപ്പോൾ കണ്ടക്ടറെ അനധികൃതമായി പിരിച്ചുവിട്ടു എന്ന് ആരോപിച്ചു സിഐടിയുക്കാർ അച്ഛനു നോട്ടിസ് അയച്ചു. അത് അച്ഛനെ വല്ലാതെ പ്രകോപിപ്പിച്ചു. അവരോട് എന്തെല്ലാമോ പറഞ്ഞു. തിരിച്ച് അവരും പ്രകോപിതരായി ബസ് തടഞ്ഞുവച്ച് ആ ‘കള്ളനെ ’തിരിച്ചെടുക്കണമെന്ന ആവശ്യവും സമരവും  ശക്തമാക്കി.പൊലിസ് ഇടപെട്ടപ്പോൾ അച്ഛനും അവരുടെ കൂടെ ചേർന്ന് കൊടി മാറ്റാനും മറ്റും ശ്രമിച്ചു. കമ്യൂണിസ്റ്റുകാരന്റെ വാശി കക്ഷിക്കും ഉണ്ടല്ലോ. അന്നു രാത്രി സിഐടിയുവിന്റെ ആൾക്കാർ സംഘടിതമായി ബസ് തല്ലിത്തകർത്തു. അതും സിനിമയിലുണ്ട്. വീട് പണയംവച്ച് ജീവിക്കാനായി ഒരു ബസ് വാങ്ങിയ ഒരു മനുഷ്യനെ ഇല്ലാതാക്കിയ ഈ അനുഭവം എങ്ങനെയുണ്ട്!

‘സന്ദേശ’ത്തിന്റെ സമയത്ത് ഒരു പാട് ഊമക്കത്തുകൾ വന്നു. യഥാർഥത്തിൽ എന്നെ അരാഷ്ട്രീവാദിയാക്കാനുള്ള ശ്രമം അന്നു തുടങ്ങിയതാണ്. എനിക്ക് അതിൽ പരാതിയില്ല. സ്വന്തം വിലാസം വച്ച് ഒരു ഭീഷണി കത്തു പോലും കിട്ടിയിട്ടില്ല. ഭീരുക്കൾക്കല്ലേ ഊമക്കത്ത് അയക്കാൻ കഴിയൂ. ‘നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങൾ നേടിത്തന്നതാണ്’എന്നായിരുന്നു ഒരു കത്തിലെ വാചകം. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇവർ ഉണ്ടാക്കിയതാണ് എന്ന് അന്നാണ് എനിക്കു മനസ്സിലായത്. ഞാൻ വിചാരിച്ചത് മഹാത്മാഗാന്ധിയാണ് സ്വാതന്ത്ര്യം നേടിത്തന്നത് എന്നായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in