'ബ്രോ ഡാഡി'യുടെ കഥ പൃഥിരാജ് ഒരുപാട് എൻജോയ് ചെയ്തു, സംവിധാനം ചെയ്യാമെന്ന് പറഞ്ഞു ശ്രീജിത്ത് ഓൾഡ്മോങ്ക്സ്

'ബ്രോ ഡാഡി'യുടെ കഥ പൃഥിരാജ് ഒരുപാട് എൻജോയ് ചെയ്തു, സംവിധാനം ചെയ്യാമെന്ന്
പറഞ്ഞു ശ്രീജിത്ത് ഓൾഡ്മോങ്ക്സ്
Published on

എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' യെക്കുറിച്ചുള്ള വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും.

പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സാധാരണയായി കഥ കേൾക്കുമ്പോൾ നോ പറയാനുള്ള ഒരു സ്പേസ് അഭിനേതാക്കൾ ഇടാറുണ്ട്. എന്നാൽ ബ്രോ ഡാഡിയുടെ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പൃഥിരാജ് സംവിധാനം ചെയ്യുവാൻ താത്പര്യപ്പെട്ടതെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീജിത്ത്. എന്‍. ദ ക്യുവിനോട് പറഞ്ഞു. പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമ ചെയ്താലോയെന്ന ആശയം ഓൾഡ്മോങ്ക്സിലെ സിനിമാ ചർച്ചകളിൽ ഉണ്ടായി. അങ്ങനെയാണ് ബ്രോ ഡാഡിയുടെ കഥ ഉണ്ടായതെന്നും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്ത് പറഞ്ഞത്

സിനിമയോടുള്ള സ്നേഹം കൊണ്ട് എത്തുന്നവരുടെ സ്ഥലമാണ് ഓൾഡ്മോങ്ക്സ്. പോസ്റ്റർ ഡിസൈനിങ്ങിൽ മാത്രം ഒതുങ്ങാതെ തിരക്കഥയും സംവിധാനവുമൊക്കെ ചെയ്യണമെന്ന് നമ്മുടെ ഇടയിൽ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ ജി ആർ ഇന്ദുഗോപൻ എഴുതിയ 'അമ്മിണിപ്പിള്ള വെട്ട് കേസ്' ‌എന്ന കഥ സിനിമയാക്കുവാൻ പ്ലാൻ ചെയ്തു. ഓൾഡ് മോങ്ക്സിലെ രാജേഷ് രാജേന്ദ്രൻ അതിന്റെ തിരക്കഥയും ഞാൻ സംവിധാനവും ചെയ്യാനായിരുന്നു തീരുമാനം. ആ പ്രൊജെക്റ്റുമായി മുന്നോട്ട് പോകുന്ന സമയത്താണ് പാൻഡെമിക് വന്നത്. അപ്പോഴാണ് ഒരു ഫൺ എന്റർടൈനർ സിനിമ ചെയ്താലോ എന്ന ആശയം നമുക്കിടയിൽ ഉണ്ടായത് . അങ്ങനെ ഞാനും ബിബിനും ചേർന്ന് സിനിമയുടെ തിരക്കഥ പൂർത്തിയാക്കി, സിനിമയെക്കുറിച്ച്‌ എന്റെ സുഹൃത്ത് വിവേകുമായി സംസാരിച്ചു. സിനിമയുടെ കഥ പൃഥിയുമായി സംസാരിക്കാമെന്ന് വിവേക് പറഞ്ഞു.

സാധാരണ നമ്മൾ നടന്മാരോട് കഥ പറയുമ്പോൾ നോ പറയാനുള്ള ഒരു സ്പേസ് ഇട്ടിട്ടേ അവർ കഥ കേൾക്കാറുള്ളൂ. അവർ കഥാപത്രത്തെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കും. അതിനോടൊപ്പം അവർ യാത്ര ചെയ്യും. ഒരു ആക്ടർ ഇന്ററസ്റ്റ് കഥയ്ക്ക് ഉണ്ടോയെന്ന് അവർ പരിശോധിക്കാറുണ്ട്. ആ ബോധ്യത്തോടെയാണ് ഞാൻ പൃഥിയോട് കഥ പറഞ്ഞതും. എന്നാൽ കഥ കേട്ടപ്പോൾ പൃഥിയ്ക്ക് ഒരുപാട് ഇഷ്ടമായി. അങ്ങനെയാണ് 'ബ്രോ ഡാഡി' എന്ന പ്രൊജക്ടിന്റെ പിറവി.

Related Stories

No stories found.
logo
The Cue
www.thecue.in