ക്ഷേത്രത്തിന്റെ ഉള്‍പ്പെടെ അനുമതി വാങ്ങി,ചെന്നൈയില്‍ നിന്ന് ആളുകളെ എത്തിച്ച് പണിതത്; ഭീമമായ നഷ്ടമെന്ന് സോഫിയാ പോള്‍

ക്ഷേത്രത്തിന്റെ ഉള്‍പ്പെടെ അനുമതി വാങ്ങി,ചെന്നൈയില്‍ നിന്ന് ആളുകളെ എത്തിച്ച് പണിതത്; ഭീമമായ നഷ്ടമെന്ന് സോഫിയാ പോള്‍
Published on

ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കേണ്ട പള്ളിയുടെ സെറ്റ് ആണ് നശിപ്പിച്ചതെന്ന് നിര്‍മ്മാതാവ് സോഫിയാ പോള്‍ ദ ക്യു'വിനോട്. ക്ഷേത്രം അധികൃതരില്‍ നിന്ന് ഉള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് സെറ്റ് നിര്‍മ്മിച്ചതെന്നും സോഫിയാ പോള്‍.

ലോക്ക് ഡൗണില്‍ ചിത്രീകരണം മുടങ്ങിയത് മൂലം ഇതിനോടകം കനത്ത നഷ്ടമാണ് വന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നാല്‍ നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കാത്തിരിക്കുകയായിരുന്നു. പള്ളിയുടെ സെറ്റ് നശിപ്പിച്ചതോടെ ഭീമമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും സോഫിയാ പോള്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഈ ഘട്ടത്തില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. അത്ര ആഘാതത്തിലാണ്.

സോഫിയാ പോള്‍ ദ ക്യു'വിനോട്

വയനാട്ടിലെ ചിത്രീകരണത്തിന് ശേഷം മാര്‍ച്ച് 9 മുതല്‍ കാലടിയില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്നതാണ്. കൊവിഡ് ലോക്ക് ഡൗണ്‍ വന്നതോടെ ചിത്രീകരണം മുടങ്ങി. രണ്ട് വര്‍ഷത്തെ പ്രീ പ്രൊഡക്ഷന് ശേഷമാണ് സിനിമ തുടങ്ങിയ സിനിമയാണ്. ഞങ്ങളുടെ വലിയ പ്രൊജക്ടുമാണ് മിന്നല്‍ മുരളി. കാലടി മണപ്പുറത്ത് നിന്ന് ക്ഷേത്രഭാരവാഹികളില്‍ നിന്നും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍ നിന്നും അനുമതി വാങ്ങിച്ചാണ് സിനിമക്ക് വേണ്ടി സെറ്റിട്ടത്. ക്ഷേത്രം അധികൃതരില്‍ നിന്ന് നല്ല രീതിയിലുള്ള സഹകരണമാണ് ലഭിച്ചത്. മാര്‍ച്ച് 10 മുതല്‍ ഇവിടെ ചിത്രീകരിക്കാനായിരുന്നു ആലോചന. സെറ്റ് വേഗത്തില്‍ തീര്‍ക്കാനായി 100 നടുത്ത് മരപ്പണിക്കാരെ ചെന്നൈയില്‍ നിന്നാണ് കൊണ്ടുവന്നത്. ഇരട്ടി ദിവസക്കൂലി നല്‍കിയാണ് പണി പൂര്‍ത്തിയാക്കിയത്. മണപ്പുറത്ത് ചിത്രീകരിക്കുന്നതിന് വാടകയുടെ ആദ്യഗഡു നല്‍കിയതുമാണ്. അനുമതി ലഭിച്ചതിന്റെ പകര്‍പ്പുകള്‍ കയ്യിലുണ്ട്. വലിയൊരു പളളിയുടെ സെറ്റാണ് സജ്ജീകരിച്ചത്. ക്ലൈമാക്‌സ് ഉള്‍പ്പെടെ അവിടെയാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീണ്ടത് മൂലം ഇപ്പോള്‍ തന്നെ വലിയ നഷ്ടം നേരിട്ടു. നിയന്ത്രണങ്ങളോടെ ചിത്രീകരണത്തിന് അനുമതി കിട്ടിയാല്‍ അവിടെ ഷൂട്ട് ചെയ്യാനായി പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു.

ക്ഷേത്രത്തിന്റെ ഉള്‍പ്പെടെ അനുമതി വാങ്ങി,ചെന്നൈയില്‍ നിന്ന് ആളുകളെ എത്തിച്ച് പണിതത്; ഭീമമായ നഷ്ടമെന്ന് സോഫിയാ പോള്‍
ടൊവിനോ ചിത്രത്തിന്റെ 50 ലക്ഷത്തിന്റെ സെറ്റ് നശിപ്പിച്ചത് രാഷ്ട്രീയ ബജ്‌റംഗ്ദള്‍, അമ്പലത്തിനടുത്ത് പള്ളി സെറ്റിടേണ്ടെന്ന വിചിത്രവാദം

അമ്പലത്തിന് സമീപം പള്ളി സെറ്റിടേണ്ട, ഹിന്ദു സ്വാഭിമാനം സംരക്ഷിക്കാന്‍ തകര്‍ത്തതെന്ന് സംഘടന

കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍ ആണ് നശിപ്പിച്ചത്. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അന്താരാഷ്ട്ര ഹിന്ദുപരിഷത് നേതാവ് ഹരി പാലോട് അവകാശപ്പെട്ടിരുന്നു. 50 ലക്ഷത്തിന് മുകളില്‍ ചെലവിട്ട് പൂര്‍ത്തിയാക്കി പള്ളിയുടെ സെറ്റ് ആണ് രാഷ്ട്രീയ ബജ്‌റ്ഗദള്‍ നശിപ്പിച്ചത്. സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആലുവാ മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്പുവടികളുമായി തകര്‍ക്കുന്ന ചിത്രങ്ങളാണ് എ എച്ച് പി നേതാവ് ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൂപ്പര്‍ ഹീറോ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്ന ചിത്രം ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. വയനാട്ടില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയുടെ രണ്ടാം ഘട്ട ചിത്രീകരണമാണ് മണപ്പുറത്തെ സെറ്റില്‍ നടക്കേണ്ടിയിരുന്നത്. ചിത്രീകരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററാണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. ബാംഗ്ലൂള്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ്. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തതെന്ന് ഹരി പാലോട് പറയുന്നു. സിനിമാ സെറ്റ് തകര്‍ക്കുകയും വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്നതിനെതിരെ അജു വര്‍ഗീസ് ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in