തന്നെപ്പോലെയുള്ള സംവിധായകര്‍ക്ക് തിയറ്ററില്‍ സിനിമകള്‍ക്ക് പെട്ടെന്ന് ലഭിക്കുന്ന പ്രതികരണം പ്രധാനമാണെന്ന് വിശേഷം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോം. സിനിമ തിയറ്ററില്‍ എത്തി, ചര്‍ച്ച നടന്ന്, റിവ്യൂ വായിച്ച് ആളുകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ മൂന്നുനാല് ദിവസമാകുമെന്നും അടുത്ത ആഴ്ചയില്‍ പോയി കാണാം എന്ന് അവര്‍ തീരുമാനം എടുക്കുന്നത് സിനിമയുടെ നിലനില്‍പ്പിന് അപകടകരമാണെന്നും സൂരജ് ടോം പറഞ്ഞു. പ്രേക്ഷകരില്‍ നിന്ന് പെട്ടെന്നുണ്ടാകുന്ന പ്രതികരണം തിയറ്റര്‍ ബിസിനസിനെ സംബന്ധിച്ച് പ്രധാനമാണെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സൂരജ് ടോം പറഞ്ഞു. സൂരജ് ടോം സംവിധാനം ചെയ്ത 'വിശേഷം' കഴിഞ്ഞയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.
സൂരജ് ടോം പറഞ്ഞത് :
തിയറ്ററിന്റെ ഭാഗത്ത് നിന്നുകൊണ്ട് പറയുമ്പോള്‍ സിനിമ അവിടെ നിലനില്‍ക്കണം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വാഭാവികമായും ഫാമിലി പടങ്ങളുടെ വിഭാഗത്തിലാണ് 'വിശേഷം' വരുന്നത്. ഒരു മാസ്സ് പടവുമല്ല. സ്വാഭാവികമായും ഇത് ആളുകളിലേക്ക് എത്തുന്നതിന് കുറച്ചു കാലതാമസം എടുക്കും. സിനിമ തിയറ്ററില്‍ എത്തി, ചര്‍ച്ച നടന്ന്, റിവ്യൂ വായിച്ച് ആളുകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ മൂന്നുനാല് ദിവസമാകും. അടുത്ത ആഴ്ചയില്‍ പോയി കാണാം എന്ന് ആളുകള്‍ തീരുമാനം എടുക്കുന്നത് അപകടകരമാണ്. എന്നെപ്പോലെയുള്ള ഫിലിം മേക്കേഴ്സിനെ സംബന്ധിച്ചിടത്തോളം സിനിമ റിലീസാവുമ്പോള്‍ തിയറ്ററില്‍ ആളുകളുടെ പെട്ടെന്നുള്ള പ്രതികരണം ഉണ്ടാകണം. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് പോകാം എന്നെല്ലാം വിപ്ലവം പറയാന്‍ എളുപ്പമാണ്. പക്ഷെ തിയറ്ററിന്റെ ബിസ്സിനസിനെ സംബന്ധിച്ചിടത്തോളം ആളുകളില്‍ നിന്ന് പെട്ടെന്നുള്ള പ്രതികരണം വളരെ പ്രധാനമാണ്.
പുനര്‍വിവാഹിതയാകുന്ന സജിതയുടെയും ഷിജുവിന്റെയും കഥയാണ് 'വിശേഷ'ത്തിന്റെ പശ്ചാത്തലം. സജിത എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത് ചിന്നു ചാന്ദ്‌നിയാണ് . ഷിജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ആനന്ദ് മധുസൂദനനാണ്. സംവിധായകന്‍ സൂരജ് ടോം നേതൃത്വം നല്‍കുന്ന സ്റ്റെപ്പ്2ഫിലിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ബൈജു ജോണ്‍സണ്‍, അല്‍ത്താഫ് സലിം, ജോണി ആന്റണി, പി.പി.കുഞ്ഞികൃഷ്ണന്‍, വിനീത് തട്ടില്‍, സൂരജ് പോപ്‌സ്, സിജോ ജോണ്‍സണ്‍, മാലാ പാര്‍വതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂര്‍, അജിത മേനോന്‍, അമൃത, ആന്‍ സലീം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.