'മറിമായ'ത്തിൽ കണ്ടത് ഇവിടെ വേണ്ടെന്ന് തീരുമാനമുണ്ടായിരുന്നു; 'പഞ്ചായത്ത് ജെട്ടി'യുടെ അനുഭവങ്ങൾ പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

'മറിമായ'ത്തിൽ കണ്ടത് ഇവിടെ വേണ്ടെന്ന് തീരുമാനമുണ്ടായിരുന്നു; 'പഞ്ചായത്ത് ജെട്ടി'യുടെ അനുഭവങ്ങൾ പങ്കുവെച്ച് സ്നേഹ ശ്രീകുമാർ
Published on

'പഞ്ചായത്ത് ജെട്ടി' എന്ന തങ്ങളുടെ പുതിയ ചിത്രത്തിൽ ഒരു കഥാപാത്രം പോലും 'മറിമായ'ത്തിലേത് പോലെ ആവരുതെന്ന് നിർബന്ധമുണ്ടായിരുന്നതായി സ്നേഹ ശ്രീകുമാർ. 'മറിമായ'ത്തിൽ ഞങ്ങളെ എപ്പോഴും കാണുന്ന ഒരു രീതിയുണ്ട്. ആ രീതി വേണ്ടെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്നേഹ ശ്രീകുമാർ പറഞ്ഞു. ചിത്രീകരണത്തിന് മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായിരുന്നുവെന്നും സ്നേഹ കൂട്ടിച്ചേർത്തു. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ സിറ്റ് കോം പരമ്പരയാണ് 'മറിമായം'. മറിമായത്തിലെ അഭിനേതാക്കളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' യുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു നടി.

സ്നേഹ ശ്രീകുമാർ പറഞ്ഞത്:

'മറിമായ'ത്തിൽ ഞങ്ങളെ എപ്പോഴും കാണുന്ന ഒരു രീതിയുണ്ട്. ആ രീതി വേണ്ട എന്ന് നിർബന്ധമുണ്ടായിരുന്നു. ഞങ്ങൾ അതിനു വേണ്ടി ഹോം വർക്ക് ചെയ്തു എന്നൊന്നും പറയുന്നില്ല. പക്ഷെ അറിഞ്ഞോ അറിയാതെയോ മണിയേട്ടനും സലീമിക്കയും അത് ശ്രദ്ധിച്ചിരുന്നു. ഈ കാര്യത്തിൽ ഞങ്ങളെ എവിടെയൊക്കെയോ നിയന്ത്രിക്കാൻ അല്ലെങ്കിൽ അത് വേണ്ട മാറ്റി പറഞ്ഞു നോക്ക് എന്നെല്ലാം പറഞ്ഞിട്ടുണ്ട്. അതായത് 'മറിമായ'ത്തിൽ കണ്ടതല്ല ഇവിടെ വേണ്ടത് എന്ന് തീരുമാനമുണ്ടായിരുന്നു. ഒരാളുടെ കഥാപാത്രം പോലും 'മറിമായ'ത്തിലേത് പോലെ വരരുത് എന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും നിലനിൽക്കുന്ന ഒരു കാര്യം, മറിമായം ടീമിന്റെ സിനിമ എന്ന് പറയുമ്പോൾ മറിമായത്തിന്റെ ചെറിയ അംശം ആളുകൾ പ്രതീക്ഷിക്കും എന്നുള്ളതാണ്.

കുടുങ്ങാശ്ശേരി പഞ്ചായത്ത് എന്നൊരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ട് നടക്കുന്ന കഥയാണ് പഞ്ചായത്ത് ജെട്ടി. പ്രധാനമായും യാത്രാസൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻ പുറത്തിൻ്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ രാഷ്ടീയക്കാരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹത്തിൻ്റെ പ്രതീകങ്ങൾ എന്ന തരത്തിലാണ് അവതരണം. പഞ്ചായത്ത് പ്രസിഡൻ്റും, മെംബർമാരുമൊക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. റിയലിസ്റ്റിക്കായ കഥാതന്തുവിനെ നർമ്മത്തിൻ്റെ അകമ്പടിയോടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്ന ചിത്രത്തിൽ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവരെക്കൂടാതെ സലിം കുമാർ, നിയാസ് ബക്കർ, റിയാസ്, വിനോദ് കോവൂർ, രചനാ നാരായണൻകുട്ടി, സ്നേഹാ ശ്രീകുമാർ, ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ, എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in