‘തീപ്പെട്ടി ഉരച്ച് ആ വെളിച്ചത്തില്‍ ജയന്‍ സാറിനെ കണ്ടു, ഹെലികോപ്റ്ററില്‍ തൂങ്ങിയാടുമ്പോഴുള്ള സാഹസികത ആ മുഖത്തില്ല’

‘തീപ്പെട്ടി ഉരച്ച് ആ വെളിച്ചത്തില്‍ ജയന്‍ സാറിനെ കണ്ടു, ഹെലികോപ്റ്ററില്‍ തൂങ്ങിയാടുമ്പോഴുള്ള സാഹസികത ആ മുഖത്തില്ല’

Published on
മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ കൂടിയായ ജയന്റെ മരണം സിനിമാ ലോകത്തുണ്ടാക്കിയ ആഘാതവും ആ ദിവസങ്ങളും ഓര്‍ത്തെടുക്കുകകാണ് ജയന്റെ ഓര്‍മ്മദിനത്തില്‍ മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍.

നേരം വെളുത്തപ്പോള്‍ മുതല്‍ മഴയാണ്. ചിലപ്പോള്‍ ശക്തിപ്രാപിക്കും ചിലപ്പോള്‍ ചാറ്റല്‍ മഴയാകും. ആകാശം മൂടിക്കെട്ടി നില്‍ക്കുന്നു. ഞാന്‍ വാതില്‍ക്കലേക്കു വന്നു. സുകുമാരി ചേച്ചിയുടെ വീട്ടിലേക്കു നോക്കി. ചേച്ചി അവിടെ ഇല്ലെന്നു തോന്നുന്നു. അടുക്കളയില്‍ മണ്ണെണ്ണ സ്റ്റൗവ് കത്തുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. 'ലഞ്ച് ' തയ്യാറാവുകയാണ്. കഞ്ഞിയും ചെറുപയറും ചേര്‍ന്ന പോഷക സമ്പുഷ്ടമായ ഭക്ഷണം. കുടയില്ലാത്തതുകൊണ്ടു പുറത്തേക്കിറങ്ങി എന്തെങ്കിലും വാങ്ങാനും പറ്റുന്നില്ല. വെറുതെ പുറത്തേക്കും നോക്കി ഇരുന്നു. അടുക്കളയില്‍ ചെന്ന് സ്റ്റവ് ഓഫ് ചെയ്തു. ഫോണ്‍ ഒന്നും വരുന്നില്ല. ആരെയും ഇങ്ങോട്ടു കാണാനുമില്ല. ചില ദിവസങ്ങളില്‍ മലയാള ചലച്ചിത്ര പരിഷത്ത് ഓഫീസ് ഇങ്ങനെയാണ്. ഒച്ചയും അനക്കവും ഒന്നും ഉണ്ടാവില്ല. നേരെ ഓപ്പസിറ്റ് സൈഡില്‍ ചുമരില്‍ തൂങ്ങിക്കിടക്കുന്ന കലണ്ടറില്‍ വെറുതെ കണ്ണോടിച്ചു. നവംബര്‍ 16 ഞായര്‍.വെറുതെയല്ല ഒഴിവു ദിവസത്തിന്റെ മൂഡില്‍ ആവും എല്ലാവരും. പോരെങ്കില്‍ മഴയും. പരിഷത്തിലെ ഓഫീസ് ബോയ് ആയ ഞാനും ഒരു അലസതയുടെ മൂഡിലേക്കു മാറി. ഇടക്ക് ഡാന്‍സ് റിഹേഴ്‌സല്‍ ഉണ്ടാവാറുണ്ട് ഇന്ന് അതും ഇല്ല. ഉണ്ടെങ്കില്‍ ചിലവ് നടന്ന് പോയേനെ. പിന്നെ ഡാന്‍സേര്‍സിന്റെ തുള്ളലും ചാടലും കണ്ടിരിക്കാനും രസമാണ്.

ഞായര്‍ ആയതുകൊണ്ട് പരിഷത്തിന്റെ ബാങ്ക് ഇടപാടുകള്‍ക്കും പോകേണ്ട. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല അതുകൊണ്ട് കൂടിയും കുറഞ്ഞും പെയ്യുന്ന മഴയെ നോക്കി വെറുതെ ഇരുന്നു. സിനിമാക്കാരുടെ വിവരങ്ങള്‍ അറിയാനും മറ്റുമായി ബാലകൃഷ്‌ണേട്ടന്‍ (ബാലകൃഷ്ണന്‍ മാങ്ങാട് ) ഇടക്ക് വിളിക്കാറുണ്ട്. ഇന്ന് അതും ഇല്ല. അന്നദ്ദേഹം മനോരമയുടെ പ്രതിനിധിയായി മദ്രാസില്‍ ഉണ്ട്. പിന്നീടദ്ദേഹം സ്ഥിരതാമസം മദ്രാസില്‍ ആക്കി എന്ന് തോനുന്നു. മണി രണ്ട് കഴിഞ്ഞു കാണും, അച്ചാറും കൂട്ടി ലഞ്ച് തട്ടിയ ശേഷം വീണ്ടും കസേരയില്‍ വന്നിരുന്നു.ഇപ്പോള്‍ മഴക്ക് കുറച്ചു ശമനമുണ്ട് . എപ്പോഴാണ് ഉറങ്ങിപോയതെന്നറിയില്ല. ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. സമയം എത്രയായി. ഞാന്‍ ഫോണെടുത്തു. ഹലോ മലയാള ചലച്ചിത്ര പരിഷത്ത് ഞാന്‍ സംസാരം തുടങ്ങി. മറുവശത്തുനിന്നു വന്ന വാര്‍ത്ത കേട്ടു ഞാന്‍ ഞെട്ടിപ്പോയി. ബോഡി എവിടെയാണ് പൊതുദര്‍ശനത്തിനു വെക്കുന്നത്. ചീഫ് മിനിസ്റ്ററുടെ പേരില്‍ ഒരു റീത്തു വെക്കണം. തമിഴ് നാട് മുഖ്യമന്ത്രി MGR അവര്‍കളുടെ ഓഫീസില്‍ നിന്നാണ് ഫോണ്‍. ആക്ടര്‍ ജയന്‍ മരിച്ചല്ലോ ബോഡി എവിടെയാണ് പൊതുദര്‍ശനത്തിനു വെക്കുന്നത്. നമ്പര്‍ വാങ്ങി തിരുപ്പി കൂപ്പിടറെന്‍ സാര്‍ എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. എന്റെ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. ജയന്‍ സാര്‍ മരിച്ചോ..? കേട്ടത് നേരാണോ.. ആരെങ്കിലും പറ്റിക്കാന്‍ വിളിച്ചതാണോ. അന്ന് മലയാളത്തിലെ പ്രമുഖരായ എല്ലാ വിഭാഗത്തിലും പെട്ടവരുടെ സംഘടനയാണ് പരിഷത്ത്. ഞാന്‍ ഉടനെ മണിസാറിനെ വിളിച്ചു (അന്തിക്കാട് മണി പരിഷത്ത് സെക്രട്ടറി ) ഫോണ്‍ കിട്ടുന്നില്ല. M O ജോസഫ് സാറിനെ വിളിച്ചു എടുക്കുന്നില്ല. മഴമൂലം എവിടെയൊക്കെയോ ഫോണ്‍ തകരാറില്‍ ആണെന്ന് എനിക്ക് മനസിലായി.അപ്പോഴേക്കും കേരളത്തിലെ പത്രസ്ഥാപനങ്ങളില്‍ നിന്ന് വിളി വന്ന് തുടങ്ങിയിരുന്നു. ജയന് എന്തോ അപകടം പറ്റി എന്ന് കേട്ടു കൂടുതല്‍ ഡീറ്റെയില്‍സ് അറിയാമോ എന്നാണ് എല്ലാവരുടെയും ചോദ്യം. എന്തോ സംഭവിച്ചിട്ടുണ്ട് കൂടുതല്‍ ഒന്നും അറിയില്ല എന്ന് ഞാന്‍.

വരുന്ന കോളുകള്‍ക്ക് മുഴുവന്‍ മറുപടി പറയാന്‍ നിന്നില്ല. പരിഷത്ത് ഭാരവാഹികളെ ഉടന്‍ വിവരം അറിയിക്കണം. നസീര്‍ സാര്‍ ആണ് പ്രസിഡന്റ്. അദ്ദേഹം സ്ഥലത്തില്ല. പീരുമേട് 'അറിയപ്പെടാത്ത രഹസ്യം' എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ ആണ്. മണിസാറിനെയും ജോസഫ് സാറിനെയും വിവരം അറിയിക്കണം. കേട്ടത് നേരാണെങ്കില്‍ തുടര്‍നടപടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതും പരിഷത്ത് ഭാരവാഹികള്‍ ആണല്ലോ.ഞാന്‍ പരിഷത്തിന്റെ സൈക്കിള്‍ എടുത്തു മഴ നനഞ്ഞു മൈലാപ്പൂര്‍ വഴി സാന്തോമിലേക്കു ചവിട്ടി. രണ്ടുപേരുടെയും വീട് അവിടെയാണ്. മണിസാര്‍ വീട്ടിലുണ്ട്. അദ്ദേഹം വിവരം അറിഞ്ഞിട്ടില്ല. ആ ഏരിയ മുഴുവന്‍ ഫോണ്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ ആണ്. ജോസഫ് സാറിനെയും വിവരം അറിയിച്ചു പരിഷത്തില്‍ ചെന്ന് റെഡിയായി നില്‍ക്കാന്‍ മണിസാര്‍ പറഞ്ഞു. പരിഷത്തില്‍ തിരിച്ചെത്തുമ്പോള്‍ ഫോണ്‍ നിര്‍ത്താതെ അടിക്കുന്നുണ്ടായിരുന്നു. കുറച്ചു കോളുകള്‍ക്ക് മറുപടി പറഞ്ഞു ഞാന്‍ റെഡിയായി. കോളിളക്കത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കല്ലിയൂര്‍ ശശിയേട്ടനോട് ഞാന്‍ പിന്നീട് ചോദിച്ചു മനസിലാക്കിയ കാര്യങ്ങള്‍ ആണ് ഇനി. അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ പീരുമേട് ലൊക്കേഷനില്‍ നിന്ന് കോളിളക്കം പടത്തിന്റെ ക്ലൈമാക്‌സ് തീര്‍ക്കാന്‍ മദ്രാസ് ഷോലാവരത്തു എത്തിയതായിരുന്നു ജയന്‍ സാര്‍.മധു സാര്‍ സുകുമാരന്‍ സാര്‍, സോമന്‍ സാര്‍, ബാലന്‍ സ സാര്‍ കെ ആര്‍ വിജയ, തുടങ്ങി വലിയ കോമ്പിനേഷന്‍. ഷൂട്ടിങ് തുടങ്ങി. പിന്നീട് നടന്നത് എല്ലാവരും പല തവണ കേട്ട അപകടം. ഉച്ചക്ക് 2.35 ന് അപകടം നടന്ന ഉടനെ നടുക്കത്തില്‍ നിന്നുണര്‍ന്നു ആദ്യം ഓടിയെത്തി ജയന്‍ സാറിനെ താങ്ങിയത് ശശിയേട്ടന്‍. സഹായത്തിനു പിന്നെ എത്തിയത് ആ പടത്തിന്റെ സംവിധായകന്‍ PN സുന്ദരം സാറിന്റെ ക്യാമറ അസിസ്റ്റന്റ് വെങ്കിടാചലം. പലരും അപ്പോഴും സംഭവിച്ച ഷോക്കില്‍ നിന്ന് മുക്തരായിരുന്നില്ല. കാര്‍ വന്നു. ജയന്‍ സാറിനെ കയറ്റി. മറ്റൊരു കാറില്‍ ബാലന്‍ സാറിനെയും. ഹോസ്പിറ്റലില്‍ എത്തി അടിയന്തിര ഓപ്പറേഷന്‍ നടത്തിയെങ്കിലും ആ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ വൈദ്യശാസ്ത്രത്തിനായില്ല.

മരണ വിവരം 6 മണിയോടെ ഔദ്യോഗികമായി പുറത്ത് വന്നു. അതിനു മുമ്പുതന്ന വേണ്ടപ്പെട്ട സിനിമാക്കാര്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.കല്ലിയൂര്‍ ശശിയേട്ടനെ ഞാന്‍ ആദ്യം നേരില്‍ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ജയന്‍ സാറിന്റെ മുഖമായിരുന്നു. ആ അതുല്യ നടനെ ജീവന്റെ അവസാന തുടിപ്പുകളോടെ താങ്ങിയെടുക്കാനും പരിചരിക്കാനും ആ ജീവന്‍ നിലനിര്‍ത്താന്‍ ആശുപത്രിയിലേക്കുള്ള പാച്ചിലില്‍ ഭാഗഭാക്കാകാനും കഴിഞ്ഞ ശശിയേട്ടനെ ഇപ്പോള്‍ കണ്ടാലും ജയന്‍ സാറിന്റെ മുഖമാണ് എനിക്കാദ്യം ഓര്‍മവരിക. മണിസാറും ജോസഫ് സാറും എത്തി എന്നെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക്.

‘തീപ്പെട്ടി ഉരച്ച് ആ വെളിച്ചത്തില്‍ ജയന്‍ സാറിനെ കണ്ടു, ഹെലികോപ്റ്ററില്‍ തൂങ്ങിയാടുമ്പോഴുള്ള സാഹസികത ആ മുഖത്തില്ല’
അമല്‍ നീരദ് ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകന്‍

ജനറല്‍ ഹോസ്പിറ്റലില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ തിരക്ക് തുടങ്ങികഴിഞ്ഞിരുന്നു. സ്ട്രിക്ട് ആയിരുന്നു അകത്തേക്കുള്ള പ്രവേശനം. സംഘടനാ നേതാക്കള്‍ക്ക് പെട്ടെന്ന് അകത്തു കയറാന്‍ കഴിഞ്ഞു. ജയന്‍ സാറിനെ കിടത്തിയിരുന്ന സ്ഥലത്തു കറന്റ് ഉണ്ടായിരുന്നില്ല. അപ്പോള്‍ പോയതേയുള്ളു. മണി സാര്‍ തീപ്പട്ടി ഉരച്ചു ആ വെളിച്ചത്തില്‍ ആണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടത്. ഉറങ്ങുകയാണ്. ശാന്തനായി. നാലുമണിക്കൂര്‍ മുന്‍പ് ഹെലികോപ്റ്ററില്‍ തൂങ്ങിയാടുമ്പോഴുള്ള സാഹസികതയൊന്നും ആ മുഖത്തില്ല. കായികമായ ആ വലിയ അധ്വാനത്തിന് ശേഷം.. അഭിനയത്തിന് ശേഷം ചെറിയൊരു വിശ്രമം. അങ്ങിനെ കരുതാനാണ് എനിക്ക് തോന്നിയത്.തിരിഞ്ഞു നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമാ ഡയലോഗ് പോലെ ഡേയ് പയ്യന്‍ എന്നൊരു വിളി ഞാന്‍ പ്രതീക്ഷിച്ചു, ആഗ്രഹിച്ചു. അങ്ങിനെയൊന്ന് നടക്കില്ലെന്നറിയാമെങ്കിലും. ഞാന്‍ പരിഷത്തില്‍ ജോയിന്‍ ചെയ്ത സമയത്ത് 2 തവണ അദ്ദേഹം അവിടെ വന്നിട്ടുണ്ട് . പരിഷത്തിന്റെ നേരെ ഓപ്പോസിറ്റ് സുകുമാരിച്ചേച്ചിയുടെ വീടാണ് അവിടെ വന്നപ്പോള്‍ കയറിയതാണ്.പരിഷത്തിന്റെ മെമ്പര്‍ഷിപ് ഫീ പിരിക്കാന്‍ പോയപ്പോള്‍ ഒരു തവണ പാംഗ്രോവ് ഹോട്ടലില്‍ വെച്ചും കണ്ടു . വലിയ താരമെന്ന ഭാവമില്ലാത്ത പെരുമാറ്റം. പോകുമ്പോള്‍ മനം മയക്കുന്ന ചിരിയോടെ തോളില്‍ തോളില്‍ തട്ടിയുള്ള യാത്രപറച്ചില്‍.. ഒന്നും മറക്കാവുന്നതല്ല.ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തു കിട്ടുകയാണെങ്കില്‍ പരിഷത്തില്‍ പൊതുദര്‍ശനം ഉണ്ടാകുമെന്നും, പരിഷത്തിന്റെ എല്ലാ മെമ്പര്‍മാരെയും വിവരം അറിയിക്കണമെന്നും പറഞ്ഞ് മണിസാര്‍ എന്നെ തിരിച്ചു വീട്ടു.ഞാന്‍ തിരികെ പരിഷത്തില്‍ എത്തുമ്പോള്‍ ഫോണ്‍ ബെല്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ മെമ്പര്‍മാരുടെ പേരും ഫോണ്‍ നമ്പറും എഴുതിയ ബുക്കെടുത്തു വിളി തുടങ്ങി. വരുന്ന കോളിന് മറുപടി പറഞ്ഞും മെമ്പര്‍മാരെ വിളിച്ചും നേരം വെളുത്തു.നാളെയേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കിട്ടു എന്നും അതുകൊണ്ട് പരിഷത്തില്‍ പൊതുദര്‍ശനം ഉണ്ടാവില്ലെന്നും മണിസാര്‍ നേരത്തെ അറിയിച്ചിരുന്നു .

ബാലകൃഷ്ണേട്ടനും (ബാലകൃഷ്ണന്‍ മാങ്ങാട് ) വിളിച്ചു എന്താണ് പ്രോഗ്രാം എന്ന് ചോദിച്ചു. ഹോസ്പിറ്റലില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്കാണ് എന്ന് പറഞ്ഞു ഞാന്‍. ഞാന്‍ കാറുമായി രാവിലെ എത്താം ഹോസ്പിറ്റലില്‍ പോയി നമുക്ക് എയര്‍പോര്‍ട്ടില്‍ പോകാം എന്ന് ബാലകൃഷ്ണേട്ടന്‍ പറഞ്ഞു.രാവിലെ ഹോസ്പിറ്റലില്‍ നിന്നുള്ള വിലാപയാത്രയെ ഞങ്ങളും അനുഗമിച്ചു. വാഹനവ്യൂഹം മുന്നോട്ടു നീങ്ങി. എന്റെ ചിന്തകള്‍ പിറകോട്ടും. ശരപഞ്ജരത്തിലെ കുതിരയെ എണ്ണയിട്ട് മസാജ് ചെയ്ത് ചിത്രത്തിലെ നായിക ഷീലയുടെ മനസ്സില്‍ മാത്രമല്ല ജയന്‍ കയറിപ്പറ്റിയത്. ആ കാലത്തെ യുവതികളുടെ, യുവാക്കളുടെ, ജനതയുടെ മനസിലൊന്നാകെ ആ കരുത്തുറ്റ ശരീരത്തിനുടമ കയറിപ്പറ്റുകയായിരുന്നു. ഒരു പക്ഷെ മലയാളസിനിമയില്‍ അന്നുവരെ കാണാത്ത ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സിക്‌സ് പാക് പുരുഷ സൗന്ദര്യം കാണികള്‍ക്കൊരു പുതിയ അനുഭവമായിരുന്നു, അനുഭൂതിയായിരുന്നു, ഹരിഹരന്‍ സാറിന്റെ മനസ്സിലെ കഥാപാത്രം അതിന്റെ പൂര്‍ണരൂപത്തില്‍ തിരശീലയില്‍ ആടിത്തിമിര്‍ത്തു ജയന്‍സാര്‍. കൊല്ലം തേവള്ളിയില്‍ കൊട്ടാരം വീട്ടില്‍ ജനിച്ച കൃഷ്ണന്‍ നായര്‍ സൈനീകസേവനത്തിനു ശേഷം 'പോസ്റ്റ്മാനെ കാണാനില്ല ' എന്ന സിനിമയില്‍ ആണ് ആദ്യം മുഖം കാണിച്ചത്.അങ്ങിനെ കാണാതാവാനുള്ള ആളല്ല കൃഷ്ണന്‍ നായര്‍ എന്ന് ദൈവം മുന്‍പേ തീരുമാനിച്ചിരുന്നു. 'ശാപമോക്ഷം'നേടി ജോസ്പ്രകാശ് സാറിനാല്‍ ജയന്‍ എന്ന് നാമകരണം ചെയ്യപെട്ട് സിനിമാലോകത്ത് അജയ്യന്‍ ആവാനായിരുന്നു ആ അവതാരത്തിന്റെ നിയോഗം. ധര്‍മഷേത്രേ കുരുഷേത്രേ, പിക്പോക്കറ്റ്, സൂര്യവംശം, അഗ്‌നിപുഷ്പം, മുതല്‍ പഞ്ചമി വരെ. പഞ്ചമി ഗുരുതരമായ വഴിത്തിരിവായിരുന്നു. ശരപഞ്ജരമായപ്പോള്‍ അദ്ദേഹം എല്ലാ സീമകളും ലംഘിച്ചു് ജനമനസുകളില്‍ ചേക്കേറി. എന്തുകൊണ്ടോ ഹരിഹരന്‍ സാറിന്റെ സിനിമകളില്‍ പിന്നീടദ്ദേഹത്തെ അധികം കണ്ടിട്ടില്ല. സംവിധായക മാന്ത്രീകന്‍ ക ഢ ശശിസാറിന്റെ സിനിമകളിലാണ് വിശ്വരൂപമെടുത്ത് പിന്നീടദ്ദേഹം നിറഞ്ഞാടിയത്.ഒപ്പം മറ്റു സംവിധായകരുടെയും നിര്‍മാതാക്കളുടെയും സിനിമകളും. അങ്ങാടിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ലോഡിങ് തൊഴിലാളിയെ കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം അദ്ദേഹം നസീര്‍ സാറില്‍നിന്ന് പഠിച്ചതാവണം.

നസിര്‍ സാര്‍ - ജയന്‍സാര്‍ കോംബോ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു ആ കാലത്ത്. സമകാലികരായ സുകുമാരന്‍ സാര്‍, സോമന്‍ സാര്‍ എന്നിവരോടൊപ്പവും നിരവധി ഹിറ്റുകള്‍ക്ക് ജന്മം കൊടുത്തു അദ്ദേഹം. ജയന്‍ സാര്‍ മരിച്ചുകഴിഞ്ഞ് ആദ്യം റിലീസ് ആയത് മൂര്‍ഖന്‍ എന്ന സിനിമയായിരുന്നു. ജോഷിസാര്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ വരവറിയിച്ച സിനിമകൂടിയായിരുന്നു മൂര്‍ഖന്‍. ഞാന്‍ ആ സിനിമകണ്ടത് മൗണ്ട് റോഡിലെ ദേവികോംപ്ലക്‌സില്‍ നിന്നായിരുന്നു എന്നാണ് ഓര്‍മ. ജയന്‍ സാറിന്റെ അന്ത്യയാത്ര ആ സിനിമയോട് ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ഞങ്ങള്‍ പങ്കെടുക്കുന്ന വിലാപയാത്ര മദ്രാസ് എയര്‍പോര്‍ട്ടിലേക്ക് കയറി.താരരാജാവായി ജീവിച്ച കോടമ്പാക്കത്തുനിന്ന്.. മദ്രാസ് നഗരത്തില്‍ നിന്ന് അവസാന യാത്ര തുടങ്ങുകയാണ് അദ്ദേഹം. പിറന്ന നാട്ടിലേക്ക്.. പ്രിയപ്പെട്ടവരുടെ സന്നിധിയിലേക്ക്.. നിറകണ്ണുകളോടെ കാത്തുനില്‍ക്കുന്ന ആരാധക ലക്ഷങ്ങളുടെ നടുവിലേക്ക് പറന്നിറങ്ങാന്‍. ജയന്‍ എന്ന താരപരിവേഷം അഴിച്ചുവെച്ചു വെറും കൃഷ്ണന്‍ നായരായി ജന്മഭൂമിയില്‍ അലിഞ്ഞുചേരാന്‍... അതാ വിമാനം പറന്നുയരുകയാണ്. ഉയര്‍ന്ന് ഒരു പൊട്ടുപോലെ അത് ആകാശത്ത് അപ്രത്യഷമായി. പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴുള്ള ജയന്‍ സാറിന്റെ വിയോഗം. മലയാള സിനിമയിലെ സുല്‍ത്താന്‍ നസീര്‍ സാറിന്റെ 61 ആം വയസ്സിലെ മരണം. സുകുമാരന്‍ സാറിന്റെ 49 ആം വയസ്സിലെ വിടവാങ്ങല്‍ ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തോനുന്നു ആരോ പറഞ്ഞത് പോലെ മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്.

logo
The Cue
www.thecue.in