'മറ്റ് അഭിനേതാക്കളിൽ കാണാത്ത താളബോധം മോഹൻലാലിനുണ്ട്, പലപ്പോഴും അപതാളമാണെന്ന് തോന്നുന്ന അഭിനയ രീതിയാണത്'; സിബി മലയില്‍

'മറ്റ് അഭിനേതാക്കളിൽ കാണാത്ത താളബോധം മോഹൻലാലിനുണ്ട്, പലപ്പോഴും അപതാളമാണെന്ന് തോന്നുന്ന അഭിനയ രീതിയാണത്'; സിബി മലയില്‍
Published on

കഥാപാത്രത്തെക്കുറിച്ച് വലിയ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത നടനാണ് മോഹന്‍ലാലെന്ന് സംവിധായകന്‍ സിബി മലയില്‍. ദേവദൂതന്‍ എന്ന ചിത്രത്തിലെ ഗാനം ചിത്രീകരിച്ച അനുഭവം പറയുകയായിരുന്നു സംവിധായകന്‍. സംഗീതം കണ്ടക്ട് ചെയ്യുന്ന ആളായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ താന്‍ വലിയ വിശദീകരണമൊന്നും കൊടുത്തിരുന്നില്ല എന്നും ലാലിന് അങ്ങനെ വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ലന്നും സിബി മലയില്‍ പറഞ്ഞു. മോഹന്‍ലാല്‍ അതിന് മുന്‍പ് മ്യൂസിക് കണ്ടക്ട് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് പോലും തനിക്കറിയില്ല. കണ്ടിട്ടുണ്ടാവാം, എന്നാലും നാളെ ഒരു കഥാപാത്രം ചെയ്യാനുള്ളതാണ് എന്ന ബോധത്തോടെ കാണാന്‍ സാധ്യതയില്ല. അത്ര വലിയ ആഴത്തിലുള്ള നിരീക്ഷണം നടത്തിയിട്ടുണ്ടാവില്ല. ലാല്‍ എന്ന അഭിനേതാവിന്റെ ഒരു പ്രത്യേകതയും അത് തന്നെയാണെന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

സിബി മലയില്‍ പറഞ്ഞത്:

മോഹന്‍ലാലിന് എപ്പോഴും ഒരു താളബോധമുണ്ട്. പതിവുരീതിയില്‍ മറ്റ് അഭിനേതാക്കളില്‍ കാണാത്ത, പലപ്പോഴും അപതാളമാണെന്ന് തോന്നുന്ന അഭിനയ രീതിയാണത്. നമ്മള്‍ പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കും ലാല്‍ ഒന്ന് നിര്‍ത്തുക. സംഭാഷണങ്ങളില്‍ എഴുത്തുകാരന്‍ ചിന്തിക്കുന്നതിന് അപ്പുറത്തുള്ള ചില വ്യത്യാസങ്ങള്‍ ലാല്‍ വരുത്താറുണ്ട്. അത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒരു താളബോധത്തിന്റെ ഭാഗമാണ്. സംഗീതം കണ്ടക്ട് ചെയ്യുന്ന ആളായി ലാല്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ വലിയ വിശദീകരണങ്ങള്‍ ഒന്നും കൊടുത്തിരുന്നില്ല. കാരണം ലാലിന് അങ്ങനെ വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല. ലാല്‍ അതിന് മുന്‍പ് മ്യൂസിക് കണ്ടക്ട് ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. കണ്ടിട്ടുണ്ടാവാം, എന്നാലും നാളെ ഒരു കഥാപത്രം ചെയ്യാനുള്ളതാണ് എന്ന ബോധത്തോടെ കാണാന്‍ സാധ്യതയില്ല. അത്ര വലിയ ആഴത്തിലുള്ള നിരീക്ഷണം നടത്തിയിട്ടുണ്ടാവില്ല. ലാല്‍ എന്ന അഭിനേതാവിന്റെ ഒരു പ്രത്യേകതയും അത് തന്നെയാണ്. നമ്മളൊരു കഥാപാത്രത്തെ കൈമാറിക്കഴിഞ്ഞാല്‍ ആരോ തന്നെക്കൊണ്ട് ചെയ്യിക്കുന്നു എന്ന് പറയും പോലെ അത് സംഭവിക്കും. ലാലും ഈ കാര്യം പറഞ്ഞിട്ടുണ്ട്. സംഗീതം കണ്ടക്ട് ചെയ്യുമ്പോള്‍ അയാളുടെ കയ്യും അതിലെ ബാന്റും ചേര്‍ന്ന് ഒരു ഒഴുക്കാണ്. ലാല്‍ അത് ആസ്വദിച്ച് ലയിച്ചു പോകുന്നുണ്ട്. അത് അടുത്തടുത്ത ഷോട്ടുകളിലേക്ക് നമ്മളെ നയിക്കും.

24 വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന്‍ ഇന്ന് തിയറ്ററില്‍ വീണ്ടും റിലീസിനെത്തിയിരിക്കുകയാണ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 2000ല്‍ റിലീസ് ചെയ്യുമ്പോള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിനെത്തുമ്പോള്‍ ചിത്രത്തിനും അതിലെ സംഗീതത്തിലും വലിയ ആരാധകരാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in