ഷെയിന്‍ നിഗത്തോട് വിട്ടുവീഴ്ചയില്ലെന്ന് നിര്‍മ്മാതാക്കള്‍, എല്ലാ സിനിമകളില്‍ നിന്നും മാറ്റാന്‍ സംഘടന ഒരുങ്ങുന്നു

ഷെയിന്‍ നിഗത്തോട് വിട്ടുവീഴ്ചയില്ലെന്ന് നിര്‍മ്മാതാക്കള്‍, എല്ലാ സിനിമകളില്‍ നിന്നും മാറ്റാന്‍ സംഘടന ഒരുങ്ങുന്നു

Published on

ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടിക്ക് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച കരാര്‍ ഷെയിന്‍ നിഗം ലംഘിച്ചെന്ന് കാട്ടിയാണ് നിലവില്‍ ചെയ്യുന്നതും കരാര്‍ ചെയ്തിരിക്കുന്നതുമായ എല്ലാ സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ മാറ്റാന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന അംഗങ്ങളുമായി ആലോചിക്കുന്നത്.

വെയില്‍ എന്ന സിനിമയുടെ തുടര്‍ചിത്രീകരണവുമായി സഹകരിക്കാതെ മുടിയും താടിയും വെട്ടിയെന്നത് മുന്‍നിര്‍ത്തിയാണ് ഈ തീരുമാനത്തിലേക്ക് സംഘടനകള്‍ നീങ്ങുന്നത്. താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കള്‍ക്കൊപ്പം നില്‍ക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച നടപടി പ്രഖ്യാപിക്കുമെന്നറിയുന്നു. ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുക അല്ലെന്നും പല സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് തുടര്‍ച്ചയായി ബുദ്ധിമുട്ട് ഉണ്ടാക്കി സിനിമ തടസപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതിനാല്‍ നിര്‍മ്മാതാക്കള്‍ സ്വയം പിന്‍മാറുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളിലൊരാള്‍ ദ ക്യുവിനോട് പ്രതികരിച്ചു.

വെയില്‍ നവംബറില്‍ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിക്കും. വെയില്‍ കൂടാതെ മറ്റൊരു സിനിമയുടെ കാര്യത്തിലും ഷെയിനിനെതിരെ നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഷെയിന്‍ മുടി വെട്ടി വെല്ലുവിളിച്ചിരിക്കുന്നത് സംഘടനയെ ആണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ഷെയിന്‍ നിഗത്തോട് വിട്ടുവീഴ്ചയില്ലെന്ന് നിര്‍മ്മാതാക്കള്‍, എല്ലാ സിനിമകളില്‍ നിന്നും മാറ്റാന്‍ സംഘടന ഒരുങ്ങുന്നു
പ്രതിഷേധം അവസാനിപ്പിക്കാതെ പാതി മുടിയും താടിയുമെടുത്ത് ഷെയിന്‍ നിഗം, വെയില്‍ ടീം പ്രതിസന്ധിയിലാകും  

ഷെയിന്‍ നിലവില്‍ അഭിനയിക്കുന്നതും ഇനി ചിത്രീകരിക്കാനിരിക്കുന്നതുമായ സിനിമകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കളോട് സംഘടന ആവശ്യപ്പെടുമെന്നാണ് സൂചന. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് 24 ദിവസം ഇനിയും വേണമെന്നും ഇതില്‍ അഞ്ച് ദിവസം അഭിനയിച്ചെന്നും മാനസികമായ പീഡനമാണ് ലൊക്കേഷനില്‍ നേരിട്ടതെന്നുമാണ് ഷെയിന്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ഷെയിന്‍ സഹകരിക്കാത്തത് മൂലം സിനിമ മുടങ്ങുന്ന സാഹചര്യമാണെന്നാണ് സംവിധായകന്‍ ശരത് പറഞ്ഞത്.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് വെയില്‍ നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസ് ആയ വലിയ പെരുന്നാള്‍ ആണ് ഷെയിന്‍ നിഗത്തിന്റെ അടുത്ത ചിത്രം. കുര്‍ബാനി, ഉല്ലാസം എന്നീ സിനിമകളും ഷെയിന്‍ അഭിനയിച്ചതായി വരാനുണ്ട്.

logo
The Cue
www.thecue.in