ഷെയ്ന്‍ വഞ്ചിച്ചുവെന്ന് ജോബി ജോര്‍ജ് ; ‘മുടി വെട്ടരുതെന്ന് കരാറുണ്ടായിരുന്നു’
നടന്‍ ഷെയ്‌നെ നിഗം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. തന്റെ സിനിമ പൂര്‍ത്തിയായതിന് ശേഷമെ മുടിയും താടിയും വെട്ടുവെന്ന് കരാറുണ്ടായിരുന്നു. അത് ലംഘിച്ചത് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഷെയ്ന്‍ തയ്യാറായില്ല. അപ്പോള്‍ തന്റെ വേദന കൊണ്ടാണ് പ്രതികരിച്ചതെന്നും കേസ് കൊടുക്കുമെന്ന് ഉദ്ദേശിച്ചാണ് പ്രതികരിച്ചതെന്നും ജോബി ജോര്‍ജ് പറഞ്ഞു.
എന്റെ സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഷെയ്ന്‍ മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തു. അതറിഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു, ഞങ്ങളുടെ പടത്തിലെ താടി വെച്ച ഭാഗം തീര്‍ന്നതിന് ശേഷമെ താടിയും മുടിയും വെട്ടാവുവെന്ന് കരാര്‍ വെച്ചിരുന്നു. ആദ്യം 15-ാം തീയ്യതി ഷെയ്ന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പിന്നീട് മാറ്റി, 25 -ാം തീയ്യതിയിലേക്കാക്കി, അതിനൊന്നും എതിര് പറഞ്ഞിരുന്നില്ല.
ജോബി ജോര്‍ജ്
ആദ്യം പ്രതിഫലമായി 30 ലക്ഷം രൂപയാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് 40 ലക്ഷം ആവശ്യപ്പെട്ടുവെന്നും ജോബി ജോര്‍ജ് ആരോപിച്ചു. ആ പടത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഈ സിനിമ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകും. തന്നെ വഞ്ചിച്ചതാണെന്നും ജോബി ജോര്‍ജ് പറഞ്ഞു.
ഷെയ്‌നോട് യാതൊരു വിരോധവുമില്ല, തന്റെ പടം തീര്‍ത്തതിന് ശേഷം മാത്രമേ പോകാവു എന്ന് മാത്രമേയുള്ളു. നാല് അഞ്ച് കോടി മുടക്കിയ പ്രശ്‌നത്തില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ വിഷമം കൊണ്ടാണ് അപ്പോള്‍ അങ്ങനെ പ്രതികരിച്ചത്. ഇനി ഷെയ്ന്‍ വന്നാലും 10 ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കാവുന്നതെയുള്ളുവെന്നും ജോബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഇതിനൊപ്പം തന്നെ അഭിനയിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിനായി ലുക്ക് അല്‍പ്പം മാറ്റിയതില്‍ നിജസ്ഥിതി മനസ്സിലാക്കാതെ ജോബി ജോര്‍ജ് തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ താര സംഘടനയായ അമ്മയ്ക്ക് നല്‍കിയ പരാതി
അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരില്‍ മാത്രം അനുഭവിക്കുന്നതാണിതെന്നും തനിക്ക് മടുത്തെന്നും ഷെയ്ന്‍ പുറത്തു വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം