സംസാരിച്ച് തീര്‍ക്കാനാകുന്ന പ്രശ്‌നങ്ങളേയുള്ളൂ, ഷെയിനിനെ വിലക്കാനാകില്ലെന്ന് രാജീവ് രവി

സംസാരിച്ച് തീര്‍ക്കാനാകുന്ന പ്രശ്‌നങ്ങളേയുള്ളൂ, ഷെയിനിനെ വിലക്കാനാകില്ലെന്ന് രാജീവ് രവി

Published on

ഷെയിന്‍ നിഗത്തിന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി രാജീവ് രവി. ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാവുന്നതേയുള്ളുവെന്ന് രാജീവ് രവി ദ ക്യുവിനോട് പ്രതികരിച്ചു. പരസ്പരം തര്‍ക്കത്തിലേര്‍പ്പെട്ട് കൂടുതല്‍ വഷളാക്കുന്ന സാഹചര്യം അല്ല ഉണ്ടാകേണ്ടത്. പ്രശ്‌ന പരിഹാരമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. ഷെയിന്‍ നിഗത്തിനൊപ്പം ഇപ്പോള്‍ ഉപേക്ഷിക്കുമെന്ന് പറയുന്ന സിനിമ ചെയ്ത രണ്ട് സംവിധായകരുടെ കാര്യവും ആലോചിക്കണം.

സംസാരിച്ച് തീര്‍ക്കാനാകുന്ന പ്രശ്‌നങ്ങളേയുള്ളൂ, ഷെയിനിനെ വിലക്കാനാകില്ലെന്ന് രാജീവ് രവി
എല്ലാം മിനിഞ്ഞാന്ന് പരിഹരിച്ചെന്ന് പറഞ്ഞതാണ്, വലിയ പെരുന്നാള്‍ തിയറ്റര്‍ കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി: ഷെയിന്‍ നിഗം

ഷെയിന്‍ നിഗത്തെ പോലൊരു നടനെ ആര്‍ക്കും വിലക്കാനാകില്ല. ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കുന്നുമില്ല. വിലക്ക് നടപ്പാക്കുകയാണെങ്കില്‍ ഷെയിന്‍ നിഗത്തെ വച്ച് സിനിമ ചെയ്യും. എന്നെ അസിസ്റ്റ് ചെയ്യണമെന്ന് മുമ്പ് ഷെയിന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ കൂടെ നിര്‍ത്തി അസിസ്റ്റന്റാക്കുകയും ചെയ്യും. ഷെയിനിനെ ജീവിത കാലം മുഴുവനും വിലക്കാനൊന്നുമാകില്ലെന്നും രാജീവ് രവി ദ ക്യുവിനോട്.

ഷെയിന്‍ നിഗം ഒരു പാട് പ്രതീക്ഷയുള്ള നടനാണ്. നിരവധി സംവിധായകും നിര്‍മ്മാതാക്കളും ഷെയിന്‍ നിഗത്തെ വച്ച് പുതിയ സിനിമകളും ആലോചിക്കുന്നുണ്ട്. ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കില്ല. 22 വയസ്സല്ലേ അയാള്‍ക്ക് ഉള്ളൂ, പ്രായം പരിഗണിക്കണം. പ്രേക്ഷകരുടെ വലിയ പിന്തുണയുള്ള നടനാണ് ഷെയിന്‍ നിഗം. ഇപ്പോള്‍ വിലക്കുമെന്ന് പറയുന്നവര്‍ പോലും ഷെയിനിനെ വച്ച് സിനിമ ചെയ്യും.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായാണ് ഷെയിന്‍ നിഗം സിനിമയില്‍ ചുവടുറപ്പിച്ചത്.

logo
The Cue
www.thecue.in