അവഹേളിച്ചതില്‍ ജോബിയുടെ മാപ്പ്, ‘വെയില്‍’ പൂര്‍ത്തിയാക്കും; ഷെയ്ന്‍- ജോബി തര്‍ക്കം തീര്‍പ്പാക്കി
‘വെയില്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടന്‍ നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കി. ഷെയ്ന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഖുര്‍ബാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം വെയിലില്‍ അഭിനയിക്കും. എന്നാല്‍ വെയിലിന് ശേഷം ജോബി ജോര്‍ജിന്റെ നിര്‍മാണത്തില്‍ ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്ന് ഷെയ്ന്‍ പിന്മാറി.
ഖുര്‍ബാനിയുടെ ചിത്രീകരണം നവംബര്‍ 10ന് അവസാനിക്കും, നവംബര്‍ 16 മുതല്‍ വെയിലില്‍ അഭിനയിക്കാനാണ് ധാരണ. ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നേതൃതത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് തീരുമാനം ഉണ്ടായത്.
ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. കരാര്‍ പ്രകാരം ഷെയിന്‍ നിഗത്തിന് നല്‍കാനുണ്ടായിരുന്ന 40 ലക്ഷത്തില്‍ 24 ലക്ഷം രൂപ നല്‍കിയെന്നും ഇനി 16 ലക്ഷം കൂടി നല്‍കുമെന്നും ജോബി ജോര്‍ജും വ്യക്തമാക്കി. വെയില്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നത് വരെ അമ്മയുടെയും കേരള ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്റെയും പ്രതിനിധികള്‍ ഇവര്‍ക്കിടയില്‍ മധ്യസ്ഥത നില്‍ക്കും.
ഖുര്‍ബാനി എന്ന ചിത്രത്തിനായി മുടി മുറിച്ചതോടെ വെയിലിന്റെ നിര്‍മാതാവായ ജോബി ജോര്‍ജ് വധഭീഷണി ഉയര്‍ത്തിയെന്ന ആരോപണമവുമായി ഷെയ്ന്‍ നിഗം ഫേസ്്ബുക്ക് ലൈവിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. ജോബി ജോര്‍ജിന്റെ വോയ്‌സ് ക്ലിപ്പുകളും ഷെയ്ന്‍ പുറത്തുവിട്ടിരുന്നു. താരസംഘടനയായ അമ്മയിലും ഷെയ്ന്‍ പരാതി നല്‍കിയിരുന്നു. പിന്നീട് തന്റെ വെയില്‍ പൂര്‍ത്തിയാക്കാതെ താടിയോ മുടിയോ വെട്ടില്ലെന്ന് ഷെയ്ന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും 30 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്ന ഷെയ്ന്‍ ഷൂട്ടിങ്ങ് ആരംഭിച്ചതിന് ശേഷം അത് 40 ലക്ഷമാക്കിയെന്നും ജോബി ജോര്‍ജ് ആരോപിച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിയും നല്‍കി തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് സംഘടനകള്‍ ഇടപെട്ടത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം