ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്
Published on

ഫ്യൂഡൽ നായകന്മാരുള്ള സിനിമകൾ ജനങ്ങൾക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ലൂസിഫർ വരെ അങ്ങനെയുള്ള ഒരു സിനിമയായിരുന്നു. തറവാട് പശ്ചലമായിട്ടായിരിക്കും ഇങ്ങനെയുള്ള സിനിമകൾ. ഫ്യൂഡലിസം കാണിക്കുന്ന സിനിമകൾ എടുക്കുന്നു എന്ന വിമർശനങ്ങളെ മനസ്സിലെടുക്കാറില്ല. സിനിമ വിജയമാണോ എന്നാണ് നോക്കാറുള്ളത്. തനിക്കിങ്ങനെയാണ് സിനിമ എടുക്കാൻ അറിയുന്നത് എന്നും വിമർശിക്കുന്നവരെ വഴക്ക് പറയാൻ താൻ പോകാറില്ലെന്നും ഷാജി കൈലാസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടി ചിത്രം വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു സംവിധായകൻ.

ഷാജി കൈലാസ് പറഞ്ഞത്:

ഇപ്പോഴും ഫ്യൂഡൽ നായകന്മാരെ ജനങ്ങൾക്കിഷ്ടമാണ്. ലൂസിഫർ വരെ ഒരു ഫ്യൂഡലാണ് ഉള്ളത്. തറവാടും അവരുടെ കാര്യങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു പശ്ചാത്തലമാണ് അങ്ങനെയുള്ള സിനിമകൾക്കുള്ളത്. ഫ്യൂഡൽ ആൾക്കാരെ ആളുകൾക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകൾ എടുക്കുന്നു എന്ന വിമർശനങ്ങൾ ഞാൻ മനസ്സിലെടുക്കാറേ ഇല്ല. പടം വിജയമാണെങ്കിൽ എല്ലാം ഓക്കേ ആണ്. കമന്റ് ബോക്സുകൾ ഞാൻ അങ്ങനെ തുറക്കാറില്ല. തുറന്നാലും കുറെ ആളുകൾ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേയിരിക്കും. അത് നടന്നോട്ടെ. അവരുടെ ഇഷ്ടമാണല്ലോ അത് പറയുക എന്നുള്ളത്. അവർക്ക് സിനിമ ഇഷ്ടമാകാത്തത് കൊണ്ടാണല്ലോ അങ്ങനെ പറയുന്നത്. ഞാൻ അവരെ വഴക്ക് പറയില്ല. അതെല്ലാം അതിന്റെ വഴിക്ക് നടക്കും. എനിക്കിങ്ങനെ സിനിമ ചെയ്യാനേ അറിയൂ. അത് നമ്മൾ ചെയ്യുന്നു. അത്രേ ഒള്ളൂ.

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ നവംബർ 29 ന് തിയറ്ററുകളിലേക്കെത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ട്രെയ്‌ലർ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ വല്യേട്ടൻ മലയാളത്തിലെ മാസ്സ് സിനിമകളിൽ തന്നെ പ്രാധാന്യം ഏറെയുള്ള ചിത്രമാണ്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോൾബി ശബ്ദ സാങ്കേതികവിദ്യയോടെയും വല്യേട്ടനെ വെള്ളിത്തിരയിൽ തിരിച്ചെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in