മഞ്ഞുമൽ ബോയ്സ് എന്ന സിനിമയുടെ റഫറൻസ് എന്ന് പറയുന്നത് മാളുട്ടി അടക്കമുള്ള സർവെെവൽ ത്രില്ലർ സിനിമകളും യഥാർത്ഥ മഞ്ഞുമൽ ബോയ്സിന്റെ ഫോട്ടോസുമായിരുന്നുവെന്ന് ഷെെജു ഖാലിദ്. യഥാർത്ഥ മഞ്ഞുമൽ ബോയ്സ് കൊടൈക്കനാലിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളിൽ നിന്നുമാണ് കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമിനെക്കുറിച്ച് റഫറൻസ് എടുത്തിരിക്കുന്നത് എന്ന് ഷെെജു ഖാലിദ് പറഞ്ഞു. മഞ്ഞുമൽ ബോയ്സിന്റെ ഫസ്റ്റ് ലുക്കായി പുറത്തുവിട്ട പോസ്റ്ററും യഥാർത്ഥ മഞ്ഞുമൽ ബോയ്സിന്റെ റിയൽ ഫോട്ടായുടെ റഫറൻസായിരുന്നു എന്ന് ഷെെജു ഖാലിദ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഷെെജു ഖാലിദ് പറഞ്ഞത്:
നമ്മുടെ റഫറൻസ് എന്ന് പറയുന്നതിൽ ഒന്ന് ശരിക്കും കൊടൈക്കനാലിലേക്ക് യാത്ര ചെയ്ത മഞ്ഞുമൽ ബോയ്സിന്റെ ഫോട്ടോസ് ഉണ്ടായിരുന്നു നമ്മുടെ കയ്യിൽ. ആ ഫോട്ടോയുടെ റഫറൻസാണ് സിനിമയുടെ ഫസറ്റ് ലുക്കിൽ കാണുന്ന ഇവരെല്ലാം ഒരു മരത്തിൽ ഹാങ്ങ് ചെയ്തു നിൽക്കുന്ന പോസ്റ്റർ. അവരുടെ കോസ്റ്റ്യും അടക്കം എങ്ങനെയാണ് വേണ്ടത് എന്നെല്ലാം ശരിക്കും ആ ഫോട്ടോഗ്രാഫിൽ നിന്നാണ് റഫറൻസ് എടുത്തിരിക്കുന്നത്. പിന്നെ സിനിമയുടെ റഫറൻസ് എന്ന് പറയുന്നത് സിനിമ തന്നെയാണ്. നമ്മൾ കണ്ടിട്ടുള്ള മാളൂട്ടി അടക്കമുള്ള സർവെെവൽ ത്രില്ലർ സിനിമകൾ എല്ലാം തന്നെ നമ്മുടെ റഫറൻസായിരുന്നു. അത് കാണുമ്പോൾ തന്നെ അവർ എങ്ങനെയാണ് അത് ചെയ്തിരിക്കുന്നതെന്ന ഐഡിയ നമുക്ക് കിട്ടും.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്.