‘ലാലേട്ടനെ കണ്ടതും എല്ലാം കയ്യീന്ന് പോയി’; ‘ബിഗ് ബ്രദര്‍’ ലോകത്തെ ഏറ്റവും വലിയ യുണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന പോലെ: സര്‍ജാനോ ഖാലിദ്
ജൂണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് സര്‍ജാനോ ഖാലിദ്. ചിത്രത്തില്‍ രജിഷയുടെ സ്‌കൂള്‍ കാല കാമുകന്റെ റോള്‍ ചെയ്ത താരം പിന്നീട് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഹലോ കാതല്‍ എന്ന മ്യൂസിക്കല്‍ ഷോര്‍ട്ഫിലിമിലൂടെയും ശ്രദ്ധേയനായി. മോഹന്‍ലാല്‍ സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുക്കിയ ബിഗ് ബ്രദറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ലോകത്തെ ഏറ്റവും വലിയ യുണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്ന പോലുള്ള അനുഭവമായിരുന്നു ചിത്രമെന്ന് താരം ക്യൂവിനോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുന്നത് പോലെയാണ് ലാലേട്ടന്റെയും സിദ്ധിഖ് സാറിന്റെയും ഒപ്പം ഒരു സിനിമ ചെയ്യുന്നത്. അവരില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്, പിന്നെ എക്‌സ്‌പോഷര്‍, ലാലേട്ടന്റെ ഒപ്പം അഭിനയിച്ചാല്‍ കിട്ടുന്ന എക്‌സ്‌പോഷര്‍, ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ കൂടെ അഭിനയിച്ചാല്‍ കിട്ടുന്ന എക്‌സ്‌പോഷര്‍ അത് വേറെ ആരുടെ കൂടെ അഭിനയിച്ചാലും കിട്ടില്ല, കാരണം ആ സിനിമകള്‍ നാട്ടുകാര്‍ മുഴുവനും കാണും.
സര്‍ജാനോ ഖാലിദ്
മുന്‍പ് ഒരിക്കല്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സെറ്റില്‍ ഫോട്ടോ എടുക്കാന്‍ ചെന്നപ്പോള്‍ സെക്യുരിറ്റി തടഞ്ഞ അനുഭവം താരം മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിഗ് ബ്രദറിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനെ കണ്ട അനുഭവവും താരം പങ്കുവെച്ചു. സെറ്റില്‍ പോകുന്നത് വരെ തനിക്ക് ഒരു പേടിയും ഉണ്ടായില്ല, പക്ഷേ ലാലേട്ടനെ കണ്ടതും കയ്യില്‍ നിന്ന് എല്ലാം പോയെന്നായിരുന്നു സര്‍ജാനോയുടെ പ്രതികരണം.
2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍. ജനുവരി 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് പുതുമുഖ നടി മിര്‍ന മേനോനാണ്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ഹണി റോസ്, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാക്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ്, മനു മാളിയേക്കല്‍, ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ദീപക് ദേവിന്റേതാണ്. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.