പണ്ടത്തെ പോലെ നിർമാതാക്കൾക്ക് ഇപ്പോൾ ഒരു വിലയുമില്ലെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. തന്റെ ചെറുപ്പ കാലഘട്ടത്തിൽ നിർമാതാക്കൾക്ക് ഒരുപാട് വിലയുണ്ടായിരുന്നു. ഇപ്പോൾ പ്രൊഡ്യൂസർ എന്ന ആൾക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണ്. തന്നെ എങ്ങനെയെങ്കിലും ജനം അറിയും, അവാർഡ് മേടിക്കാൻ കേറുമ്പോൾ ഫോട്ടോയെങ്കിലും എവിടെയെങ്കിലും വരുമല്ലോ. അത് പോലുമില്ലാത്ത ഒരുപാട് പേരുണ്ടെന്നും സന്തോഷ് ടി കുരുവിള ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സന്തോഷ് ടി കുരുവിള പറഞ്ഞത് :
ഞാൻ ജനിച്ചുവളർന്നത് കോട്ടയത്താണ്. കോട്ടയത്ത് ഒരുപാട് നിർമാതാക്കൾ ഉള്ള സ്ഥലമാണ്. ജൂബിലി ജോയ് തോമസ്, സെഞ്ചുറി ഫിലിംസ്, ചെറുപുഷ്പ്പം, സെൻട്രൽ പിക്ചെർസ് ഇവരെല്ലാം ഉള്ള സമയമാണ്. ആ കാലഘട്ടത്തിൽ, നമ്മുടെ ചെറുപ്പത്തിലൊക്കെ നിർമാതാക്കൾക്ക് ഒരുപാട് വിലയുണ്ടായിരുന്നു. ഇപ്പോൾ പ്രൊഡ്യൂസർ എന്ന ആൾക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണ്. സിനിമയിൽ എനിക്ക് കിട്ടേണ്ട വിലയെല്ലാം എനിക്ക് കിട്ടാറുണ്ട് ഷൂട്ടിങ്ങിൽ ആണേലും എടുക്കുന്ന സിനിമ ആണേലും. ഞാൻ എനിക്ക് വേണ്ടിയല്ല സംസാരിക്കുന്നത് വേറെ പലർക്കും വേണ്ടിയാണ്. എന്നെ എങ്ങനെയെങ്കിലും ജനം അറിയും, അവാർഡ് മേടിക്കാൻ കേറുമ്പോൾ ഫോട്ടോയെങ്കിലും എവിടെയെങ്കിലും വരുമല്ലോ. അത് പോലുമില്ലാത്ത ഒരുപാട് പേരുണ്ട്.
2012 ൽ ശേഖർ മേനോൻ, ആൻ അഗസ്റ്റിൻ , ശ്രീനാഥ് ഭാസി, നിവിൻ പോളി തുടങ്ങിയവർ അഭിനയിച്ച ഡാ തടിയാ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ടി കുരുവിള നിർമാണ രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് തമിഴിൽ നിമിർ മലയാളത്തിൽ നീരാളി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സിനിമകൾ സന്തോഷ് ടി കുരുവിള നിർമിച്ചിട്ടുണ്ട്.