സന്തോഷ് കീഴാറ്റൂരിന്റെ സൗഹാര്‍ദകമന്റിനെ മതവിദ്വേഷമാക്കിയെന്ന് പു.ക.സ, സ്‌നേഹപ്രകടനങ്ങളില്‍ പോലും ആര്‍.എസ്.എസ് മതഭീകരത സൃഷ്ടിക്കുന്നു

Santhosh Keezhattoor Unni Mukundan
Santhosh Keezhattoor Unni Mukundan
Published on

നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോക്ക് താഴെ സന്തോഷ് കീഴാറ്റൂര്‍ പോസ്റ്റ് ചെയ്ത കമന്റിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും ചേരിതിരിഞ്ഞ് ആക്രമണവും സൈബര്‍ ആക്രമണവും നടന്നിരുന്നു. ഹനുമാന്‍ ജയന്തി ആശംസിച്ച ഉണ്ണിയുടെ പോസ്റ്റിനു കീഴില്‍ 'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ' എന്നായിരുന്നു കീഴാറ്റൂരിന്റെ കമന്റ്.

ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള പോസ്റ്റിട്ട് സ്വന്തം വിലകളയരുത് - എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ സന്തോഷിന് നല്‍കിയ മറുപടി.

ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തില്‍ കമന്റ് ചെയ്തതാണെന്നും മതവിദ്വേഷമില്ലെന്നും പിന്നീട് സന്തോഷ് കീഴാറ്റൂര്‍ വിശദീകരിച്ചിരുന്നു. വിശ്വാസത്തിനെയോ ദൈവത്തെയോ എതിര്‍ക്കുന്ന ആളല്ല. ഈശ്വരന്‍ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മനുഷ്യന്‍ ഓക്‌സിജന്‍ പോലും കിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കമന്റ് ചെയ്തതെന്ന് പിന്നീട് സന്തോഷ് കീഴാറ്റൂര്‍ വിശദീകരിച്ചു.

സന്തോഷ് കീഴാറ്റൂരിനെതിരായ മതരാഷ്ട്രവാദികളുടെ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതായും സന്തോഷിന് എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും പുരോഗമന കലാ സാഹിത്യ സംഘം. സൗഹാര്‍ദ്ദപരമായി നടത്തിയ ഒരു കമന്റിനെ വക്രീകരിച്ച് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ആര്‍.എസ്.എസുകാര്‍ നടത്തുന്നത്. രണ്ടുകലാകാരന്മാര്‍ തമ്മിലുള്ള സ്‌നേഹപ്രകനങ്ങളില്‍ പോലും കടന്നു കയറി മതഭീകരത സൃഷ്ടിക്കാനുള്ള നീക്കം അപലനീയമാണെന്ന് പുകസ പ്രസിഡന്റ് ഷാജി എന്‍ കരുണും, സെക്രട്ടറി അശോകന്‍ ചരുവിലും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന

നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരായ മതരാഷ്ട്രവാദികളുടെ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു.

പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളില്‍ സംഘം പ്രതിഷേധം രേഖപ്പെടുത്തുന്നു. തന്റെ സുഹൃത്തായ നടന്‍ ഉണ്ണി മുകുന്ദന്റെ ഒരു എഫ്.ബി. പോസ്റ്റിനു കീഴെ തികച്ചും സൗഹാര്‍ദ്ദപരമായി നടത്തിയ ഒരു കമന്റിനെ വക്രീകരിച്ച് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ആര്‍.എസ്.എസുകാര്‍ നടത്തുന്നത്. രണ്ടുകലാകാരന്മാര്‍ തമ്മിലുള്ള സ്‌നേഹപ്രകനങ്ങളില്‍ പോലും കടന്നു കയറി മതഭീകരത സൃഷ്ടിക്കാനുള്ള നീക്കം അപലനീയമാണ്. ഈ മഹാമാരിയില്‍ നിന്ന് ദൈവങ്ങള്‍ നമ്മെ രക്ഷിക്കുമോ? എന്ന് നെടുവീര്‍പ്പിടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്താണോ നമ്മള്‍ ജീവിക്കുന്നത്?

കൃത്യമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെയും ഉന്നതമായ സാംസ്‌കാരിക ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന കലാകാരനാണ് സന്തോഷ് കീഴാറ്റൂര്‍. മതവര്‍ഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ അദ്ദേഹമെടുക്കുന്ന നിലപാടുകള്‍ ചിലരെ അലോസരപ്പെടുത്തുന്നുണ്ടാവാം. അതിനെ കള്ളപ്രചരണത്തിലൂടെ തടയിടാമെന്നു കരുതുന്നുണ്ടെങ്കില്‍ അതിവിടെ ഫലപ്രദമാവുകയില്ലെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഷാജി എന്‍ കരുണ്‍

(പ്രസിഡണ്ട്)

അശോകന്‍ ചരുവില്‍

(ജനറല്‍ സെക്രട്ടറി)

തിരുവനന്തപുരം

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പ്രതികരണം

യാഥാര്‍ത്ഥ ദൈവ വിശ്വാസികളേ മാപ്പ്

ഞാന്‍ ഒരിക്കലും വിശ്വാസത്തിന് എതിരല്ല

ആരുടെ' വിശ്വാസത്തിനെയും നിന്ദിക്കുകയും ഇല്ല

ശ്രീ .ഉണ്ണീമുകുന്ദാ ....

താങ്കളുടെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടതിന്റെ പേരില്‍ രണ്ട് ദിവസമായി ഞാന്‍ ക്രൂശിക്കപ്പെടുകയാണ്

പ്രായമായ എന്റെ അച്ഛനെയും അമ്മയെയും തെറി പറയുകയാണ് താങ്കളെ സ്‌നേഹിക്കുന്നവര്‍.

എന്നെ ഫോണില്‍ വിളിച്ച് കൊല്ലും,കൈയ്യും,കാലും വെട്ടും എന്നൊക്കെയാ പറയുന്നത്

എന്നെ

ഇല്ലാതാക്കിയാല്‍

നിങ്ങളുടെ ദൈവ വിശ്വാസികളായ

സുഹൃത്തുക്കള്‍ക്ക്

പുണ്യം

കിട്ടുമെങ്കില്‍

ചെയ്‌തോളൂ

ദൈവ വിശ്വാസം എന്നാല്‍

സ്‌നേഹം എന്നാണ് ഞാന്‍ പഠിച്ചത്

പ്രിയപ്പെട്ട ഉണ്ണിമുകുന്ദാ ...താങ്കളുടെ അച്ഛനും അമ്മയ്ക്കും പ്രായമായില്ലെ...എനിക്കും ഉണ്ടെടോ പ്രായമായ അച്ഛനും അമ്മയും ഭാര്യയും മോനും

പിന്നെ'

ഞാനില്ലാതായാല്‍ അവര്‍ പട്ടിണിയാവും

താങ്കളെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന നടനല്ല ഞാന്‍

സാധാ നടനാ...

നാടകക്കാരനാ

ഞാന്‍ നല്ല ദൈവ വിശ്വാസിയാ ഉണ്ണീമുകുന്ദാ

യഥാര്‍ത്ഥ ദൈവ വിശ്വാസി

കമ്മ്യൂണിസ്റ്റ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനും ആണ്

എന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് ആണ്..

ഉണ്ണിമുകുന്ദാ..ഓക്‌സിജന്‍ കിട്ടാതെ ഇന്ത്യയില്‍ ആളുകള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ ദൈവ വിശ്വാസിയായ ,കമ്മ്യൂണിസ്റ്റ്കാരനായ എനിക്ക് സയന്‍സിലാ ഇപ്പോ വിശ്വാസം

എന്നോട് ക്ഷമിക്കണം ഉണ്ണിമുകുന്ദാ...

NB:താങ്കളുടെ സുഹുത്തുക്കള്‍ വന്ന് ചീതത പറഞ്ഞാല്‍ ഞാന്‍ ഈ പോസ്റ്റ് മുക്കും

കാരണം

ചീത്ത കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ല

എന്റെ FB

ഞാന്‍ പൈസക്കൊടുത്ത് ചാര്‍ജ്' ചെയ്യുന്നതല്ലെ

അതു കൊണ്ടാണ്

ഉണ്ണിയുടെ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കണം

പിന്നെ

എന്നെ

കൊല്ലും

എന്നാണ്

താങ്കളുടെ

സുഹൃത്തുക്കള്‍

പറയുന്നത്'

നടക്കട്ടെ

NB:പോസ്റ്റ് കണ്ട് ചൊറിയുന്നവര്‍ സ്വന്തം ചുമരില്‍ ചൊറിയുക

Related Stories

No stories found.
logo
The Cue
www.thecue.in