'മുന്നറിയിപ്പിലെ രാഘവൻ കൺവിൻസിംഗ് ആകുന്നത് സാധാരണ പെരുമാറ്റം കൊണ്ടാണ്': സഞ്ജു ശിവറാം

'മുന്നറിയിപ്പിലെ രാഘവൻ കൺവിൻസിംഗ് ആകുന്നത് സാധാരണ പെരുമാറ്റം കൊണ്ടാണ്': സഞ്ജു ശിവറാം
Published on

സോഷ്യോപാത്ത് കഥാപാത്രങ്ങൾ പെരുമാറുന്നത് ഏറ്റവും സാധാരണമായിട്ടാണെന്ന് നടൻ സഞ്ജു ശിവറാം. മുന്നറിയിപ്പ് സിനിമയിലെ രാഘവൻ എന്ന കഥാപാത്രത്തെയാണ് ഉദാഹരണമായി നടൻ ചൂണ്ടി കാട്ടുന്നത്. '1000 ബേബീസ്' എന്ന സീരീസിലെ കഥാപാത്രത്തിന് വേണ്ടി റഫറൻസുകൾ എടുത്തിട്ടില്ല. ഒരു സീരിയൽ കില്ലറാണ് എന്ന ബോധം കഥാപാത്രത്തിന് ആവശ്യമില്ല. സോഷ്യോപാത്തായ ആളുകൾ അവരുടെ വികാരത്തെ തുറന്നു പ്രകടിപ്പിക്കാറില്ല. മുന്നറിയിപ്പിലെ രാഘവൻ ഒരു നിമിഷത്തിൽ മാത്രമാണ് സോഷ്യോപാത്തായി പെരുമാറുന്നതെന്നും 1000 ബേബീസിലെ കഥാപാത്രത്തെ ഒരു സീരിയൽ കില്ലറായി ആലോചിച്ചിട്ടില്ല എന്നും സഞ്ജു ശിവറാം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റഹ്മാൻ നായകനായി എത്തിയ '1000 ബേബീസ്' എന്ന സീരീസിൽ ബിബിൻ എന്ന കഥാപാത്രത്തെയാണ് സഞ്ജു ശിവറാം അവതരിപ്പിച്ചത്.

സഞ്ജു ശിവറാം പറഞ്ഞത്:

'1000 ബേബീസി'ൽ സീരിയൽ കില്ലർ കഥാപാത്രം ചെയ്യാൻ ഒരു റെഫെറൻസ് ഉണ്ടായിരുന്നില്ല. സീരിയൽ കില്ലർ എന്ന രീതിയിൽ ബിബിനെ ആലോചിച്ചിട്ടില്ല. സീരിസിൽ ഞാൻ അവതരിപ്പിച്ച ഹർഷൻ എന്നയാൾ എപ്പോഴും ചിരിച്ചുകൊണ്ടാണ് നിൽക്കുന്നത്. നൈസാമലി ആണെങ്കിൽ വളരെ സാത്വികനായ ഒരു മനുഷ്യനാണ്. ബിബിന് ബിബിന്റെതായ സംഭവങ്ങളുണ്ട്. സോഷ്യോപാത്തായ ആളുകൾ അവരുടെ വികാരങ്ങളെ പ്രകടിപ്പിച്ച് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ നമ്മളെല്ലാം സോഷ്യോപാത്തുകളെ നേരിൽ കാണേണ്ടതാണ്. നമ്മൾ അങ്ങനെ കണ്ടിട്ടില്ലല്ലോ. അവരെല്ലാം വളരെ സാധാരണമായി പെരുമാറുന്നവരാണ്.

'മുന്നറിയിപ്പ്' സിനിമയിലെ രാഘവൻ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരുപാട് വിശ്വാസയോഗ്യനല്ലേ. കുറച്ചു നിമിഷങ്ങൾ മാത്രമാണല്ലോ അയാളെ മറ്റൊരു രീതിയിൽ നമ്മൾ കാണുന്നുള്ളൂ. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അത് ഷൂട്ട് ചെയ്യുമ്പോൾ മൊത്തം സോഷ്യോപാത്ത് എന്ന നിലയിൽ ആലോചിക്കേണ്ടി വരില്ലല്ലോ. ആലോചിക്കാതിരിക്കുകയാണെങ്കിൽ അത്രയും സമയം കൺവിൻസിംഗ് ആയിരിക്കും. അറിയാവുന്ന കാര്യങ്ങൾ അറിയാത്തതായി അഭിനയിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

1000 ബേബീസ് ഒടിടിയിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലര്‍ സീരിസാണ് ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസാണ് '1000 ബേബീസ്'. ഹിന്ദി നടിയും സംവിധായികയുമായ നീന ഗുപ്ത ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. നജീം കോയയും അറൗഫ് ഇര്‍ഫാനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായി സീരീസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in